അകലെ ഒരു ദീപം--3

ലക്ഷ്മി മേനോൻ 
പതിവുള്ള വഴിയിൽ അവൾ മേഴ്സിയെ കാത്തു നിന്നു. തന്റെ വിവാഹവാർത്ത പ്രിയപ്പെട്ട കൂട്ടുകാരിയെ അറിയിക്കുവാൻ സതിയുടെ ഹൃദയം തുടികൊട്ടി.
,മേഴ്സി.തന്റെ ഒരേ ഒരു ആത്മാർത്ഥകൂട്ടുകാരി.
അവളെത്രമാത്രം സന്തോഷിക്കും. മുരളിച്ചേട്ടൻ അവളുടെ ജോയിയേക്കാൾ കൂടുതൽ സുന്ദരനാണെന്നറിയുമ്പോൾ അവൾ അത്ഭുതപ്പെടും. എന്നാൽ അവൾ തന്റെ ഭാഗ്യത്തിൽ സന്തോഷിയ്ക്കയേയുള്ളു.

വടക്കോട്ടു തന്നെ നോക്കിനിൽക്കുമ്പോൾ പിന്നിൽ നിന്നൊരു സൈക്കിളി ന്റെ ശബ്ദം.

തിരിഞ്ഞുനോക്കിയപ്പോൾ ജോയി.
"മേഴ്സി ഇന്ന് ലീവാണ് . ഇതാ മേഴ്സിയുടെ ലീവ്‌ ആപ്ലിക്കേഷൻ. ദയവായി മറക്കാതെ ആഫീസിൽ കൊടുക്കണേ" ജോയി ഒരു കവർ നീട്ടി.
മേഴ്സിക്കെന്തു പറ്റി?ഇന്നലെ തന്നോടൊന്നും പറഞ്ഞില്ലല്ലോ. പെട്ടെന്ന് വല്ല അസുഖവും പിടിപെട്ടിരിക്കുമോ?

താനൊന്നും ചോദിയ്ക്കാതെ തന്നെ ജോയി പറഞ്ഞു,
"മേഴ്സിയെക്കാണാൻ വീട്ടിൽ ആരോ വരുന്നുണ്ടത്രെ.
അയ്യോ.....സതിയുടെ നാവിൽ നിന്നും അറിയാതെ ആ ശബ്ദം വീണു.

ജോയിയുടെ അധരങ്ങളിൽ നേർത്ത ഒരു ചിരി.

"മേഴ്സി അതിനു സമ്മതിക്കുമോ?തന്റെ ചോദ്യം കേട്ട്‌ ജോയിയുടെ മുഖത്ത്‌ പരിഭ്രമമോ.വിഷമമോ നിഴലിക്കുന്നില്ല. ഇതെന്തു പറ്റി ഈ മനുഷ്യന്‌?തന്റെ കാമുകിയെ മറ്റൊരാൾ പെണ്ണുകാണാൻ വരുന്നു എന്നറിഞ്ഞ്‌ യാതൊരു എതിർപ്പും പ്രകടിപ്പിക്കാത്ത ഈ മനുഷ്യൻ എന്തൊരു പ്രതിഭാസമാണ്‌!

ചിരിച്ചുകൊണ്ടു തന്നെ ജോയി മറുപടി നൽകി.അതിലെന്തിരിക്കുന്നു?ആരോ കാണാൻ വരുന്നെന്നു കരുതി എനിക്കെന്റെ മേഴ്സി നഷ്ടപ്പെടുകയും മറ്റും ഇല്ല.

ണ്ടു വീട്ടുകാർക്കും ഇഷ്ടപ്പെട്ടാൽ എന്തു ചെയ്യും? മേഴ്സിക്കു തനിയെ പിടിച്ചുനിൽക്കാൻ കഴിയുമോ?
"അത്രത്തോളം  എത്തുമ്പോൾ ഞാൻ പോയി മേഴ്സിയുടെ അപ്പനുമായി സംസാരിക്കും".
"എന്നാലിപ്പോഴെ പറയുകയല്ലേ നല്ലത്‌?"
മേഴ്സി സമ്മതിക്കുന്നില്ല. കുറച്ചു കാലം കൂടി ജോലി ചെയ്ത്‌ അനിയനൊരു ജോലി കൂടി കിട്ടിയിട്ട്‌ മതി ഈ വിഷയം അപ്പനോടു പറയുക എന്നാണ് . അങ്ങേരൊരു മുൻ കോപിയാണത്രെ. മറ്റൊരുത്തനെ പ്രേമിക്കുന്നുവെ ന്നറിഞ്ഞാൽ അടങ്ങിയിരിക്കല്ലത്രെ.അതാണ്  മേഴ്സി വിസമ്മതിക്കുന്നത്‌.

"ഞാൻ പോകട്ടെ?ജോയി സൈക്കിളിൽ കയറി യാത്രാനുമതി ചോദിച്ചു.
സതി സമ്മതഭാവത്തിൽ തലയാട്ടിയപ്പോൾ ജോയിയുടെ സൈക്കിള്‍   നീങ്ങി.
പാവം ജോയി എത്ര നല്ല മനുഷ്യൻ!മേഴ്സിയെ എത്ര ആത്മാർത്ഥമായാണ്‌ സ്നേഹിക്കുന്നത്‌. അവരുടെ പ്രേമം ദിവ്യമാണ് . എത്ര ക്ഷമയോടെയാണ്‌ അയാൾ അവൾക്കു വേണ്ടി കാത്തിരിക്കുന്നത്‌.

പെട്ടെന്നാണോർത്തത്‌.തന്റെ വിവാഹക്കാര്യം ജോയിയോട്‌ പറയാമായിരുന്നു. നാളെ  പള്ളിയിൽ വെച്ച്‌ അവർ കണ്ടു മുട്ടാതിരിക്കില്ല.അന്നേരം ജോയി മേഴ്സിയെ വിവരമറിയിക്കും.

ഛീ....എന്തൊരു മഠയിയാണ്‌ താൻ. അല്ലെങ്കിലും വേണ്ടതൊന്നും വേണ്ട നേരത്ത്‌ ഓർമ്മ വരില്ല.

ഇനിയും ഒരു രാത്രിയും, പകലും  കാത്തിരിക്കണ്ടേ അവളെയൊന്നു കാണുവാൻ. വൈകുന്നേരവും ജോയിയെ കാണാൻ പറ്റില്ല. മേഴ്സി ഇല്ലാത്തതിനാൽ ജോയി ഫാക്ടറി വിട്ടാൽ നേരിട്ട്‌ പോകുകയേ ഉള്ളു.

ഫോണിൽ വിളിച്ച്‌ ഇതിലേയൊന്ന്‌ വരണമെന്നു പറഞ്ഞാലോ. ജോയി എന്തെങ്കിലും തെറ്റിദ്ധരിക്കുമോ ,ഏയ്‌ .. ഒരിക്കലുമില്ല. എന്തെങ്കിലും പ്രത്യേക കാരണമില്ലാതെ താൻ വിളിക്കില്ലെന്ന്‌ വിചാരിച്ച്‌ വരാതിരിക്കില്ല.

വിജയൻപിള്ള സാർ ചായക്കു പോയ നേരം നോക്കി സതി ക്രാഡലിൽ നിന്നും ഫോണെടുത്തു ജോയിയുടെ നമ്പർ ഡയൽ ചെയ്തു.

"എന്താ കാര്യം?" ഫോണിൽ ജോയിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യം.

"വിശേഷിച്ചൊന്നുമില്ല.മേഴ്സിക്കൊരു കത്തു കൊടുക്കാനാണ്‌. നാളെ  പള്ളിയിൽ വെച്ച്‌ നിങ്ങൾ തമ്മിൽ കാണുമ്പോൾ ഒന്നു കൊടുക്കാമോ?"
"ശരി, ഞാൻ വരാം".
ഫോൺ ഡിസ്കണക്ട്‌ ചെയ്ത ശബ്ദം കേട്ടപ്പോൾ, ഫോൺ താഴെ വെച്ചു.

"തിരിഞ്ഞു നിന്നു നോക്കിയപ്പോൾ വിജയൻപിള്ള സാർ".

"ആരോടായിരുന്നു പ്രേമസല്ലാപം?"
പു ച്ഛം നിറഞ്ഞ ആ ചോദ്യം കേട്ടപ്പോൾ സതി പല്ലുകൾ കടിച്ചമർത്തി.
ഞാനൊരു ഫ്രണ്ടിനെ വിളിച്ചതാണ് . അധികം വിശദീകരണത്തിനൊന്നും പോകാതെ തന്റെ സീറ്റിലേക്കു നടന്നു.
തല താഴ്ത്തിക്കൊണ്ട്‌ അവൾ നടന്നു പോകുമ്പോൾ പിന്നിൽ നിന്നും ഒരമർത്തിയ ചിരി.
റിട്ടയർ ചെയ്യാറായ കിളവനാണ്‌.എന്നിട്ടും പെൺകുട്ടികളെ കമന്റടിക്കുന്നതിൽ അതിവിദഗ്ദ്ധനാണ്‌.

മറ്റുള്ളവരെ പരിഹസിക്കുന്നതിൽ ആത്മസംതൃപ്തി കണ്ടെത്തുന്ന മനുഷ്യൻ. സഹപ്രവർത്തകരായിരുന്നിട്ടും ഇത്തരം മനോഭാവം വെച്ചു പുലർത്തുന്നുണ്ടല്ലോ.
ഓർത്തപ്പോൾ കണ്ണുകളീറനായി
.

വൈകുന്നേരം ആഫീസിൽ നിന്നിറങ്ങുമ്പോൾ മേഴ്സിക്കു കൊടുത്തയക്കാനുള്ള കത്തും തയ്യാറാക്കി ബാഗിൽ വെക്കാൻ മറന്നില്ല.
സാധാരണ മേഴ്സിയും ജോയിയും സന്ധിക്കാറുള്ള വഴിത്തിരിവിലെത്തിയപ്പോൾ പാദങ്ങളുടെ വേഗത കുറഞ്ഞു.
ജോയി  വരുന്നത്‌ അകലെ നിന്നേ കണ്ടു . ഒരു മന്ദസ്മിതത്തോടെ ബാഗിൽ നിന്നും കവറെടുത്തു നീട്ടി.

"ഇതു മറക്കാതെ നാളെത്തന്നെ മേഴ്സിക്കു കൊടുക്കണേ."

"എന്താണാവോ ഇത്ര അർജന്റ്‌ ,വിശേഷിച്ചെന്തെങ്കിലും?"


ജോയി സംശയത്തോടെ സതിയുടെ മുഖത്തേക്കു നോക്കി.

ആഫീസുകാര്യമാണ്  ചോദിച്ചതെന്ന്‌ ആ ചോദ്യത്തിൽ നിന്നും മനസ്സിലായി. മേഴ്സിയുടെ ലീവ്‌ സാങ്ങ്ഷനായിട്ടില്ലായിരിക്കുമോ? എന്നു ജോയി സംശയിക്കുന്നുണ്ടാവാം. അതു ദൂരീകരിക്കാനായി താൻ പറഞ്ഞു,
"ആഫീസിലെ കാര്യങ്ങളൊന്നും അല്ല. എന്നെ സംബന്ധിക്കുന്ന ഒരു പേഴ്സണൽ മാറ്ററാണ്‌".

"ഓഹോ അതാണ്  കാര്യം അല്ലേ? മേഴ്സി എന്നോട്‌ എല്ലാം തുറന്നുപറയുന്നതാണ്‌. സതിക്ക്‌ ഞാനറിയുന്നതിൽ വിരോധമില്ലെങ്കിൽ...".

തന്റെ നേരെ ഉറ്റുനോക്കിക്കൊണ്ടു ജോയി സൈക്കിളിന്റെ ഹാൻഡലിലൂടെ അശ്രദ്ധയോടെ വിരലുകളോടിച്ചു നിന്നു.

ഒരന്യപുരുഷനോട്‌ തന്റെ വിവാഹക്കാര്യം പറയാനൊരു മടി. എന്നാലും ജോയിയെ വെറുമൊ രു  അന്യനായി കണക്കാക്കാനും വയ്യ. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കാമുകൻ.അവരുടെ എല്ലാ രഹസ്യങ്ങളും വ്യക്തമായി അറിയുന്നവളാണ്‌ താൻ. ആ സ്ഥിതിക്ക്‌ ജോയിയോട്‌ എങ്ങിനെ  പറയാതിരിക്കും? വലിയൊരു സംഘട്ടനത്തിനുശേഷം മനസ്സിൽ നിന്നും സമ്മതം ലഭിച്ചപോലെ.

നാണത്തിൽ പൊതിഞ്ഞൊരു പുഞ്ചിരിയുമായി താൻ നടക്കാൻ തുടങ്ങി.സൈക്കിൾ നീക്കി കൂടെ അക്ഷമനായി ജോയിയും.
"എന്റെ വിവാഹം നിശ്ച്ചയിച്ചു. ആ വിവരം മേഴ്സിയെ അറിയിക്കുവാനാണ്‌."

വെരി ഗുഡ്‌, കൺഗ്രാജുലേഷൻസ്‌....സതി....ഞാനിന്നു തന്നെ മേഴ്സിയെ കാണുകയും കൂട്ടുകാരിയുടെ വിവാഹവാർത്ത അറിയിക്കുകയും ചെയ്യാം. എന്താ പോരെ?

ജോയി കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. മുരളിച്ചേട്ടനെക്കുറിച്ച്‌ തനിക്കറി യാവുന്നതെല്ലാം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഒരു വെരിഗുഡ്‌ പറഞ്ഞ്‌ സൈക്കിളിൽ കയറിപ്പോയി.

എന്നാൽ ഞായറാഴ്ച്ച പള്ളിയിൽ പോയപ്പോൾ ജോയിക്ക്‌ മേഴ്സിയെ കാണാൻ കഴിഞ്ഞില്ല.