ധർമ്മരാജാവെന്ന് പ്രസിദ്ധനായ കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവ് തിരുവിതാംകൂർ വാണരുളുന്ന കാലം. അനന്തപുരിയിലെ കൊട്ടാരത്തിൽ ആസ്ഥാന കവികളിലൊരാളായി കഴിയുകയായിരുന്നു കുഞ്ചൻ നമ്പ്യാർ.നമ്പ്യാർക്ക് അപ്പോൾ ഭക്ഷണം പക്കത്തു നിന്നായിരുന്നു. പ്രായമേറിയപ്പോൾ അദ്ദേഹത്തിനു പക്കത്തെ ഊണ് മാറ്റിയാൽ നന്നാവുമെന്നു കരുതി അക്കാര്യം ഒരു ശ്ലോകത്തിലൂടെ മഹാരാജാവിനെ ഉണർത്തിച്ചു. മഹാരാജാവ് അതനുവദിക്കുകയും ചെയ്തു.
പക്ഷേ, പട പേടിച്ചു പന്തളത്തു പോയപ്പോൾ അവിടെ പാതിരായ്ക്കും പട എന്നു പറഞ്ഞതുപോലെ പക്കത്തെ ഊണിനേക്കാൾ മോശമായിരുന്നു ഇടപ്പക്കത്തേത്. ഏതു പക്കത്തെ ഊണായാലും ഒന്നുതന്നെയാണ് എന്ന്` നമ്പ്യാർക്ക് മനസ്സിലായി. .ആ രീതിയൊന്നവസാനിപ്പിക്കണമെന്നും പക്കത്തെ ഊണ് മെച്ചപ്പെടുത്തണമെന്നും രാജാവിനെ ബോദ്ധ്യപ്പെടുത്തുവാൻ നമ്പ്യാർ തീരുമാനിച്ചു.
അങ്ങിനെയിരിക്കെ ഒരു ദിവസം രാജാവും, സേവകന്മാരും ഒരുമിച്ച് മാളികമുകളിരുന്ന് വെടി പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നമ്പ്യാർ അവിടെയെത്തി. അദ്ദേഹവും ഓരോ ഫലിതങ്ങൾ പ്രയോഗിച്ചു തുടങ്ങി. ചിരിയിൽ ലയിച്ച് രാജാവും നമ്പ്യാരും മാളികയിൽ നിന്ന് താഴേക്ക് നോക്കി നിൽക്കെ ഒരു പശു ഇളകി ചാണക്മിടുന്നതു കണ്ടു. പശുവിന് വയറിനെന്തോ അസുഖമാണെന്നു നമ്പ്യാർക്കു മനസ്സിലായി. പിന്നെ വൈകിയില്ല. അദ്ദേഹം പശുവിനോട് ഇങ്ങനെ ചോദിച്ചു"
:അല്ലേ
!പയ്യേ, നിനക്കും പക്കത്താണോ ചോറ്?
അതു കേട്ട് നിന്ന രാജാവ് ഇളകിച്ചിരിച്ചു എന്നു മാത്രമല്ല പക്കത്തെ ഊണ് മെച്ചമാക്കാനുള്ള ഏർപ്പാടുകളും അദ്ദേഹം ചെയ്തു.