1969-ൽ കഥകളി ആചാര്യന്‍
"പദ്മശ്രീ" വാഴേങ്കട കുഞ്ചുനായർ എഴുതിയ ലേഖനം
"പദ്മശ്രീ" വാഴേങ്കട കുഞ്ചുനായർ എഴുതിയ ലേഖനം
മനുഷ്യന് ദർശനം, ശ്രവണം, ശ്വസനം, സ്വദനം, സ്പർശനം എന്നീ പഞ്ചേന്ദ്രിയാനുഭവത്തിൽ കൂടെ ആത്മാനന്ദമുളവാക്കുന്ന വിഷയം ഏതെന്നോ അതിനെ നാം "കല" എന്നു പറയുന്നു. അങ്ങിനെയുള്ള കലകൾക്ക് പക്ഷാന്തരേണ അറുപത്തി നാലെന്നും, അറുപത്താറെന്നും, അറുപത്തെട്ടെന്നും, എണ്ണം കൽപ്പിക്കുന്നുണ്ട്. എങ്കിലും ഭൂരിപക്ഷ പ്രകാരം കലകൾ അറുപത്തി നാലാണെന്നു തന്നെ പറയാം . അവയിൽ സംഗീതം, സാഹിത്യം, അഭിനയം, ആലേഖ്യം (ചിത്രമെഴുത്ത്) എന്നീ നാലെണ്ണത്തെ സരസകല എന്നും, മറ്റുള്ളവയെ സാമാന്യകലയെന്നും പറഞ്ഞു വരുന്നു. അപ്പോൾ സരസകലകളിൽ ഉൾപ്പെട്ട ഒരു പ്രശസ്ത കലാവിഭാഗമാണ് അഭിനയം. അതിന് ആംഗികം, വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാലു വിഭാഗമുണ്ട്.ഈ നാലു വിഭാഗവും കൂടിച്ചേർന്നുള്ള ഒരു പ്രയോഗവിശേഷമാണ് അഭിനയം.
ശിരസ്സ്, ഹസ്തം, ഉരസ്സ് വാരിഭാഗം,
അരക്കെട്ട്, പാദം, എന്നിവ അംഗങ്ങൾ എന്നും, കണ്ണ് പുരികം, മൂക്ക്, അധരം, കവിൾ,
താടി എന്നിവ ഉപാംഗങ്ങൾ എന്നും , മറ്റു ശരീരാംശങ്ങൾ ക്കെല്ലാം പ്രത്യംഗങ്ങൾ എന്നും
പറയപ്പെടുന്നു. ഈ അംഗോപാംഗ പ്രത്യംഗങ്ങളുടെ സംയുക്ത കർമ്മത്തിനാണ് ആംഗികമെന്നു
പറയുന്നത്. വാക്കുകൾ ഉപയോഗിക്കുന്ന അഭിനയത്തിന് വാചികാ ഭിനയമെന്നും ,
കിരീട്യാദ്യാലങ്കാരത്തോടുകൂടിയതിന് ആഹാര്യാഭിനയമെന്നും പറയുന്നു. മനസ്സിന്റെ
അനുഭവത്തിൽ നിന്ന് സ്വയമേവ പ്രത്യക്ഷപ്പെടുന്ന സ്തംഭം , സ്വേദം, രോമാഞ്ചം ,
സ്വരഭംഗം, വേപഥു, വൈവർണ്ണ്യം, അശ്രു, പ്രളയം, (പരമാത്മാ ജീവാത്മാക്കളുടെ സമ്മേളനം) ഈ
എട്ടെണ്ണത്തിനെ സാത്വിക ഭാവങ്ങൾ എന്നും പറയുന്നു. ഇങ്ങിനെയുള്ള നാലുവിധ
കർമ്മ ങ്ങളെക്കൊണ്ടും കൂടിയുള്ള പരചേഷ്ടാനു കരണമാണ് അഭിനയം അഥവാ "നാട്യം" എന്നു
പറയുന്നത്. ഇങ്ങിനെയുള്ള ആംഗികാദി ചതുര്‍ വിധാഭിനയതോടു കൂടിയ പ്രയോഗ ത്തിനു പൊതുവിൽ 'നടനം' എന്നു പറയുന്നു.
2-നടനവിഭാഗം
മേൽപ്പറഞ്ഞ
നടനത്തെ നാട്യം,
നൃത്യം, നൃത്തം ,എന്നിങ്ങനെ
മൂന്നു വിഭാഗ മായിട്ടാണ്
പണ്ഡിതന്മാർ
തിരിച്ചു വെച്ചിട്ടുള്ളത്.
അതിൽ പൂജനീയമായ പുരാണേതിഹാസ
കഥാവിഷ് ക്കരണമാണ് നാട്യം
എന്നു പറയുന്നത്.
അതിന് നാടകം എന്നു പറയാറുണ്ട്.
നൃത്യമാകട്ടെ, വാചികാഭിനയമൊഴിച്ച്
ആംഗികാഹാര്യ സാത്വികങ്ങളായ
മൂന്നു വിധങ്ങളോടു കൂടിയ
ഭാവ രസാഭിനയമാണ്.
ഭാവവിഹീനവും കേവലം താള വാദ്യലയാശ്രിതവുമായ ശാരീരിക പ്രയോഗം
മാത്രമാണ് നൃത്തമെന്നു പറയുന്നത്. ഇവ തമ്മിലുള്ള വ്യത്യാസം നോക്കുമ്പോൾ
ആംഗികാഭിനയ പ്രധാനമായ നൃത്യ വിഭാഗത്തിൽ പെട്ട ഒരു പ്രത്യേക കലാ രൂപിണിയാണ് കഥകളി.
കേരളത്തിന്റെ തെക്കേത്തലയ്ക്കൽ
"കൊട്ടാരക്കര" എന്ന ചെറിയൊരു ഭൂവിഭാഗ ത്തിന്റെ ഭരണാ ധികാരി എ.ഡി. 1655 നും 1661നും
ഇടയ്ക്ക്(ചിലർ ഇത് 1484നും 1497നും ഇട യ്ക്കാണെന്നു പറയുന്നു) രാമായണ നായക നായ
രാമന്റെ കഥയെ ആസ്പ്പദിച്ച് 8 കഥ കൾ എഴുതി. തുടർന്ന് കഴിഞ്ഞ 300 കൊല്ലങ്ങൾ ക്കുള്ളിൽ
പലരും ആട്ടക്കഥ കളെഴുതുകയുണ്ടായി. എന്നാൽ നൂറിലധികം വരുന്ന ഈ ആട്ടക്കഥാ സഞ്ചയത്തിൽ
ഏതാണ്ടു മുപ്പതെണ്ണമേ അരങ്ങത്ത് ജനപ്രീതി നേടിയുള്ളു. അവയിൽ ഒമ്പതെണ്ണം
രാമായണത്തേയും പതിമൂന്നെണ്ണം മഹാഭാരതത്തേയും ഏഴെണ്ണം ഭാഗവതത്തേയും
ആസ്പദിച്ചുള്ളവയാണ്.ഈ കലാരൂപത്തിന്റെ ആവിർഭാവത്തിന് കളമൊരുക്കുന്നതിൽ കേരളത്തിലെ
ക്ലാസിക്കളും , നാടനും, മതപരവും, മതേതരവുമായ പഴയ നൃത്യരൂപങ്ങൾ നല്ലൊരു പങ്കു
വഹിച്ചിട്ടുണ്ട്. കഥകളിയിലെ പല ചുവടുകളും, കാലടികള്‍ അകത്തി കൈകൾ
പാർശ്വങ്ങളിലേക്ക് നീട്ടി താണുകൊണ്ടുള്ള നില, യുദ്ധത്തിനുള്ള ചുവടുകളും
അംഗവിക്ഷേപങ്ങളും കലാശങ്ങൾ.
ഇവയിലെല്ലാം ആ നാട്ടിലെ നാടൻ
കലകളുടെ ശക്തിയായ സ്വാധീനം കാണുന്നുണ്ട്. കഥകളി നല്ലവണ്ണം ഉപജീവിച്ച മറ്റൊരു
കലാരൂപം കൂടിയാട്ടമാണ്.സംസ്കൃത നാടകങ്ങളൂ ടെ ഏറ്റവും പ്രാചീനമായ അഭിനയാവതരണ
രീതിയാണത്. എ.ഡി. 9, 10 നൂറ്റാണ്ടുകളിലാണ് അതേറ്റവും വളർന്നു
വന്നത്.മുഖാഭിനയം, ഹസ്താഭിനയം, ബഹുവിധങ്ങളായ ചടങ്ങുകൾ എന്നീ കാര്യങ്ങളിൽ ഈ
നാട്യരൂപത്തോടു കഥകളിക്ക് കനത്ത കടപ്പാടുണ്ട്. അഖിലേന്ത്യാപാ രമ്പര്യവും ഈ
കലാ രൂപത്തിലൂടെയാണ് കഥകളി യിലെത്തിയത്. അങ്ങിനെ കഥകളി പ്രാദേശിക ദ്രാവിഡ
പാരമ്പര്യത്തിന്റെയും , അഖിലേന്ത്യാ പാരമ്പ്‌ര്യത്തിന്റേയും സമ്മോഹന
സമ്മേളന മായിത്തീർന്നു.
സാധാരണയായി
കഥകളി
വെളിയിലാണ് നടത്തുക.
രാത്രി മുഴുവൻ നീണ്ടു നിൽക്കുകയും ചെയ്യും.
12 അടി
ചതുരശ്രത്തിലുള്ള
സ്ഥലമാണ് അരങ്ങ്.
പ്രേക്ഷകർ ചമ്രം പടിഞ്ഞിരിക്കാറുള്ള
പ്രദേശത്തിൽ
നിന്ന് ഈ അരങ്ങ് ഉയർന്നു നിൽക്കാറില്ല.
അരങ്ങിനു മീതെ കുറഞ്ഞത് പത്തര അടിയെങ്കിലും ഉയരത്തിൽ ഒരു പന്തലുണ്ടാകും.
മേളാംഗങ്ങൾ
ചെണ്ട,
മദ്ദളം, എടക്ക എന്ന മൂന്നു ചർമ്മ വാദ്യങ്ങളും ചേങ്ങില ,എടത്താളം, ശംഖ്
എന്നിവയുമാണ് മേളാംഗങ്ങൾ. സ്ത്രീ വേഷത്തിന് ചെണ്ട കൊട്ടാറില്ല. പുരുഷ വേഷത്തിന്
എടക്കയും,രണ്ടു പാട്ടു കാരിൽ ഒരാൾ ചേങ്ങിലയും മറ്റൊരാൾ എലത്താളവും പ്രയോഗിക്കുന്നു.
പൂർവ്വരംഗങ്ങൾ
കളി ദിവസം വൈകുന്നേരം സുമാർ ആറു മണിക്ക്
ചെറിയൊരു കൊട്ടുണ്ട്. അതിനു കേളിയെന്നു പറയുന്നു. അന്നത്തെ പരിപാടിയുടെ
വിളംബരമാണത്. ഏതാണ്ട് എട്ടരയ്ക്ക് പരിപാടി തുടങ്ങുന്നു. അരങ്ങിന്റെ മുമ്പിൽ
മദ്ധ്യത്തിൽ വെച്ചിരിക്കുന്ന വലിയ നിലവിളക്കു കൊളുത്തുന്നു. അതിനെ ത്തുടർന്നു മദ്ദളം
കൊട്ടുന്നു. ഇതിനു അരങ്ങു കേളിയെന്നു പറയും.
തുടർന്നു രണ്ടു രംഗ സഹായകന്മാർ പ്രവേശിച്ച് യവനിക പിടിക്കുന്നു.
യവനികക്കു പിന്നിൽ ഒന്നോ
രണ്ടോ നർത്തകർ ദേവപ്രീത്യർത്ഥം തോടയമെന്ന ശുദ്ധമംഗള നൃത്തം ചെയ്യുന്നു. ഇതിന്നു
മദ്ദളമേ ഉപയോഗിക്കു. അതിനു ശേഷം പാട്ടുകാർ വന്ദന ശ്ലോകം ചെയ്യുന്നു.
അടുത്ത ഇനം അന്നത്തെ കഥയിലെ പ്രധാന കഥാപാത്രത്തിന്റേയോ കഥാപാത്രങ്ങളുടേയോ
പ്രാവേശിക ച്ചടങ്ങാണ്. ഉജ്ജ്വലങ്ങളായ വേഷ ഭൂഷാദികളണിഞ്ഞ് പൂർണ്ണ ഗാന മേളങ്ങൾ ക്കൊപ്പം
അവർ നൃത്തം വെക്കുന്നു. "പുറപ്പാട്" എന്നാണ് ഇതിനു പേർ.
പിന്നീട്
രംഗം പാട്ടുകാർക്കും കൊട്ടുകാർക്കും വിട്ടുകൊടുക്കുന്നു. (ഈ സന്ദർഭത്തിൽ പാടുന്ന
ഗാനം ശ്രീ ജയദേവകവിയുടെ "ഗീതഗോവിന്ദം" എന്ന പ്രസിദ്ധ ഗ്രന്ഥത്തിലെ
ഇരുപത്തി യൊന്നാമത്തെ 'മംഞ്ജുതര കുംഞ്ജതല കേളി സദനേ" എന്ന ഗാനമാണ് സാധാരണ
പാടിവരുന്നത്) അവർ നടത്തുന്ന പ്രകടനത്തിന് മേളപ്പദമെന്നാണ് പേർ. നൃത്തത്തിന്റേയോ നാട്യ്ത്തിന്റേയോ അംഗങ്ങളെന്ന നിലയ്ക്കല്ലാതെ ഗാനമേളങ്ങൾക്കുള്ള എല്ലാ
സാദ്ധ്യതകളേയും കൂടുതൽ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ഈ അവസരം നൽകുന്നു.
കഥ
മേളപ്പദത്തോടെ പൂർവ്വരംഗവിധികൾ അവസാനിക്കുന്നു. രാത്രിയുടെ ബാക്കി സമയം
മുഴുവൻ ഒരു മുഴുവൻ കഥക്കോ വിവിധ കഥകളില്‍ നിന്നു തിരഞ്ഞെടുത്ത ഭാഗങ്ങൾക്കോ ആയി
ചിലവാക്കുന്നു.
ആട്ടക്കഥയുടെ സാഹിത്യരൂപം
ആട്ടക്കഥ അതായത്
കഥാകൃത്ത് രചിച്ച പാഠ്യഭാഗമാണ് അഭിനയത്തിനുള്ള അടിസ്ഥാനം. ഈ പാഠ്യം ഉയർന്ന
കാവ്യശൈലിയിലെഴുതപ്പെട്ട ശ്ലോകങ്ങളും, ഗാനങ്ങളും അടങ്ങിയതാണ്. ഗാനങ്ങൾ നാടക
സംഭാഷണങ്ങളണ്. അവയെ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ശ്ലോക ങ്ങളാകട്ടെ പൊതുവിൽ
കവിവാക്യങ്ങളാണ്. രംഗാവിഷ്ക്കൃതങ്ങളല്ലാത്ത കഥാഭാഗങ്ങളെ അവ സംക്ഷേപിക്കുന്നു.
രംഗങ്ങളെ കോർക്കുന്ന കണ്ണികളായി അവ വർത്തിക്കുന്നു.
അഭിനയം
വാചികാംഗികാസാത്വികാഹാര്യാദി ചതുർവ്വിധാഭിനയത്തെ കുറിച്ച് മുമ്പ്
പറഞ്ഞുവല്ലോ. അഭിനയ കാര്യത്തിൽ മറ്റിന്ത്യൻ നൃത്ത നാടകരൂപങ്ങളിൽ നിന്ന് കഥകളിക്ക്
ഒരു പ്രത്യേകതയുണ്ട്. മറ്റു രൂപ ങ്ങളിൽ അഭിനയത്തിന്റെ നാലു ഘടകങ്ങളും നർത്തക- നടനിൽ
തന്നെ കേന്ദ്രീകരിച്ചിരിക്കുന്നു. കഥകളി യിലാകട്ടെ അയാൾ മൂന്നു ഘടകങ്ങളെ
പ്രയോഗിക്കുന്നുള്ളു. (വിവിധങ്ങളായ അലർച്ചകളെ ഒഴിവാക്കിയാണ് പറയുന്നത്) വാചികം
പാട്ടുകാരന് വിട്ടുകൊടുത്തിരിക്കുന്നു. ഇതിന്റെ ഫലം മറ്റു പദ്ധതികളിലൊന്നും
കാണാത്തത്ര മുഖാഭിനയത്തിന്റെ പ്രകടമായ വികസനവും, വിപുലീകരണവുമാണ്.
വാചികം
പാഠ്യത്തിലെ ശ്ലോകങ്ങളും ഗാനങ്ങളും ചൊല്ലുന്നതാണ്
വാചികം. അവ പാട്ടുകാരൻ പാടുമ്പോൾ നർത്തക നടൻ അവയിലെ വികാരാ ശയങ്ങളെ ആവിഷ്ക്കരിച്ചു
വ്യാഖ്യാനിക്കുന്നു. ഗാനങ്ങളുടെ രാഗതാള കാലങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. വിവിധ
ഭാവങ്ങൾ ഉണർത്തുന്നതിനും സന്ദർഭത്തിനും ആവിഷ്ക്കൃത ഭാവങ്ങൾക്കും അനുരോധമായി
രംഗകർമ്മങ്ങളുടെ കാലവേഗത്തെ മന്ദീഭവിപ്പിക്കുകയോ, വർദ്ധിപ്പിക്കുകയോ,
അംഗ വിക്ഷേപങ്ങളെ വലിച്ചുനീട്ടുകയോ സംക്ഷേപിച്ചു കുറുക്കയോ ചെയ്യുന്നതിനും സഹായമാം
വിധം വളരെ ശ്രദ്ധിച്ചാണ് രാഗ താളകാലങ്ങൾ തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന്
യുദ്ധരംഗത്തിനും ശൃംഗാര സന്ദർഭ ത്‌തിനുമുള്ള ഗാനങ്ങളുടെ ചൊല്ലുന്ന രീതിയും
താളകാലങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്.
ആംഗികം
ആംഗികത്തിനുള്ള ഏകോപാധി നർത്തക-നടന്റെ ശരീരമാണ്. നിശ്ശബ്ദനായ നർത്തക നടൻ
ഗാനങ്ങളിലെ പദവാക്യങ്ങളുടെ ആശയങ്ങളേയും ബന്ധപ്പെട്ട ഭാവങ്ങളേയും ദേഹത്തിന്റേയും
അവയവങ്ങളുടേയും വിവിധ വിക്ഷേപങ്ങളാൽ സൂചിപ്പിക്കുന്നു. കൈമുദ്രയും, മുഖാഭിനയവും,
നൃത്ത വുമെല്ലാം ഇതിലടങ്ങുന്നു.
ഗാനഖണ്ഡങ്ങളുടെ മുമ്പും പിമ്പുമായി നർത്തക
നടൻ ചില നൃത്തശകലങ്ങൾ പ്രയോഗിക്കുന്നു. അവ ശുദ്ധനൃത്തങ്ങളല്ല. ആ നൃത്തങ്ങളുടെ കാലം
ഉദ്ധത ലാസ്യ ലാളിത്യാദി ചലന സ്വഭാവങ്ങൾ എന്നിവ അവയ്ക്കു മുമ്പോ പിമ്പോ ഉള്ള
പദഖണ്ഡങ്ങളുടെ വാക്യാർത്ഥഭാവത്തെ പൊതുവിൽ പ്രതി ഫലിപ്പിക്കുന്നു. അതുകൊണ്ട് ഈ
നൃത്തങ്ങൾ ആംഗികത്തിന്റെ അഭേദ്യഭാഗമാണ്`.
മുദ്രകൾക്കായി കഥകളി
ഹസ്ത ലക്ഷണദീപികയെന്ന ഗ്രന്ഥത്തെയാണ് കാര്യമായി ആശ്രയിക്കുന്നത്. എന്നാൽ ദുർല്ലഭം
മുദ്രകൾ മറ്റിടങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. ഈ ചെറിയ പുസ്തകം 24 മൂല
മുദ്രകളേയും അവയുടെ ജന്യങ്ങളായ 474 മുദ്രകളെയും വിവരിക്കുന്നു. അവയെ സംയുക്തം,
അസംയുക്തം ,മിശ്രം, സമാനം, എന്നിങ്ങനെ നാലായി ഭാഗിച്ചിരിക്കുന്നു. എട്ടു തരത്തിലുള്ള
മറ്റൊരു വിഭജനമുണ്ട്. ഈ എട്ടു തരങ്ങളിലോരോന്നും പ്രത്യേക നില , ചാരീഭേദം,
അംഗ വിക്ഷേപം മുതലായവ യോടെയാണ് കാണിക്കുക. മുദ്രകൾ കാണിക്കേണ്ട വിധവും
തദനു വർത്തികളായ അംഗചലനങ്ങളും സന്ദർഭം ,താളകാലം, പാത്രസ്വഭാവം,എന്നിവയെ സാമാന്യ മായി
അനുസരിക്കുന്നു.
ആംഗികാഭിനയത്തിന്റെ മറ്റൊരു പ്രത്യേകത നോധർമ്മവും, ഏകാഹാര്യവുമാണ്. അഭിനയപാഠ്യ മില്ലാത്ത പല സന്ദർഭങ്ങളും ഉണ്ട്. ആ അവസരങ്ങളിലാണ്
പ്രായേണ മനോധർമ്മവും, ഏകാ ഹാര്യവും പ്രയുക്തങ്ങളാകുന്നത്. നർത്തക- നടൻ (പാത്രം)
കാട്ടിലൂടെ സഞ്ചരിച്ച് വന്യജീവിതം വർണ്ണിക്കുകയോ സ്വർഗ്ഗ ദൃശ്യങ്ങൾ ആസ്വദിക്കുകയോ
ആയിരിക്കും. യാതൊരു വിധ സീനു കളുടേയും സഹായം കൂടാതെ നടൻ ചലിച്ചുകൊണ്ടിക്കുന്ന
ദൃശ്യ മൂർത്തരൂപങ്ങൾ നെയ്തെടു ക്കുകയും തദ്വാരാ വർണ്ണ്യവസ്തുവിനെ വ്യാഖ്യാനിക്കുകയും
ചെയ്യുന്നു.
വാദ്യമേളം ആംഗികത്തിന് പ്രബലമായ പിൻതുണ നൽകുന്നു. മുദ്ര,
നൃത്തങ്ങൾ, മുതലായവ ഉൾപ്പെടെ നർത്തക-നടന്റെ എല്ലാ ചലനങ്ങളെയും സന്ദർഭത്തേയും
ശ്രവ്യതയാ പ്രതിഫലി പ്പിക്കുക യെന്നതാണ് മേളത്തിന്റെ മുഖ്യകർത്തവ്യം.
ആഹാര്യം
പാത്രത്തിന്റെ വേഷഭൂഷാദികൾ, മേക്കപ്പ്
എന്നിവയും
രണ്ടാമത് രംഗ സജ്ജീകരണവുമാണ് ആഹാര്യത്തിൽ പെടുന്നത്.
എന്നാൽ കഥകളിയിൽ രംഗം
സജ്ജീകരണം വളരെ വിരളമാണ്.
വേഷഭൂഷാദികൾക്കും മേയ്ക്കപ്പിന്നും സുപ്രധാനമായ
പ്ങ്കുണ്ടു താനും.
എന്നാലാവ പാത്രങ്ങളുടെ ജനനം, വയസ്സ്, പദവി
എന്നിവയെയല്ല,
മൗലികമായ മാനസികാ വസ്ഥയേയാണ് സൂചിപ്പിക്കുന്നത്.
മേക്കപ്പിലും
വേഷഭൂഷാദികളിലും കാണുന്ന രൂപാ ന്തരീകരണം,
സൂക്ഷ്മ വൽക്കരണം, പൃഥുലീകരണം എന്ന
ധർമ്മങ്ങൾ
പുരാണ കഥാപാത്രങ്ങളുടെ
സമാനധർമ്മങ്ങളെ പ്രതിഫലിപ്പിക്കുന്നു.
എല്ലാ വർഗ്ഗങ്ങളേയും , ഉപവർഗ്ഗങ്ങളേയും കണക്കിലെടുത്താൽ ഏതാണ്ട് 60 തരം മേക്കയ്പ്പുകളും വേഷഭൂഷാദികളുമുണ്ട്. മേക്കപ്പിനെ താഴെ പറയും വിധം ഒമ്പതു പ്രധാന വർഗ്ഗങ്ങളായി തിരിക്കാം.
1- പച്ച----പ്രായേണ അഭിജാതരും, ധർമ്മിഷ്ഠരുമായവർക്ക് ,ദേവന്മാർ. രാമനെപ്പോലുള്ള നായകന്മാർ
2-കത്തി------ദുരഭിമാനം, ലോഭം, മുതലായ ചീത്തഗുണങ്ങളുള്ള ദുഷ്ടകഥാപാത്രങ്ങൾ
3-താടി----രാക്ഷസരൂപത്തിലിള്ള സംഹാരശക്തികൾ
4- മിനുക്ക്---സ്ത്രീ, ബ്രാഹ്മണൻ, ഋഷി മുതലായവർക്ക്
5-കരി- കാട്ടാളൻ, ചണ്ഡാലൻ
6-പഴുപ്പ് -ബ്രഹ്മാവ്,ശിവൻ, ബലഭദ്രർ
7-ചുവപ്പ് -സൂര്യൻ, അഗ്നി
8-തേപ്പ്---പക്ഷി, പാമ്പ്
9-പൊയ്മുഖം---കുരങ്ങൻ, പന്നി, വൃദ്ധ തുടങ്ങിയ അപ്രധാന കഥാപാത്രങ്ങൾ ഉപയോഗിക്കുന്നു
ഇത്രയുമാണ്` "കഥകളി"യെക്കുറിച്ച് ചുരുക്കവിവരണം.