![]() |
സുധാകരൻ രാമന്തളി |
പ്രവചനം ഇതാദ്യത്തേതൊന്നുമല്ല
പ്രവാചകർ എന്നുമുണ്ടായിരുന്നു
സ്വർഗ്ഗനരകങ്ങളെച്ചൂണ്ടി
മണ്ണിലെ
ജീവിതത്തെ പരുവപ്പെടുത്താൻ നോക്കിയവർ
അമ്പരന്നു നില്ക്കുകയണെങ്കിലും
പ്രവചനങ്ങളെക്കൂടാതെ മുമ്പോട്ടു
പോകാൻ വയ്യ:
പ്രവാചകരേയും!
സുലഭമായി സമാധാനം ലഭിക്കുന്നത്
വിശ്വാസത്തിലൂടെ മാത്രമാകുന്നു
വെളിച്ചത്തിൽ കുളിച്ച്` ഭൂമി രോമാഞ്ചമണിഞ്ഞു
നില്ക്കുമ്പോൾ
അതവന്റെ കരുണയാണെന്ന് വിശ്വസിക്കുക!
വിശപ്പിന്റെ, അജ്ഞതയുടെ, പ്രകൃതിക്ഷോഭത്തിന്റെ,
വിശപ്പിന്റെ, അജ്ഞതയുടെ, പ്രകൃതിക്ഷോഭത്തിന്റെ,
ചുഴികളിൽ പെട്ട്` ജന്മങ്ങൾ തകരുമ്പോൾ
അതവന്റെ ശിക്ഷയാണെന്ന് വിശ്വസിക്കുക.
ശിക്ഷയെന്നു പറയുന്നതിൽ അസുഖം
തോന്നുന്നുവെങ്കിൽ
അതിനും വഴിയുണ്ട്-
സ്വർഗ്ഗരാജ്യത്തിന്റെ
സുഖസമൃദ്ധിയിലേക്കുള്ള വാതിൽ
ഭാഗ്യവാന്മാർക്കായി അവർ നേരത്തെ തുറന്നതാണെന്ന്
വിശ്വസിക്കുക, എന്തൊരു സുഖം!
അമിതസുഖഭോഗങ്ങളുടെ അരമനകളിൽ നിന്ന്
പുല്ക്കുടിലിന്റെ മഹത്വം വിളംബരം ചെയ്യപ്പെടുമ്പോൾ
എന്തുകൊണ്ടോ, എനിക്ക്
വിശ്വസിക്കാനാവുന്നില്ല അതുകൊണ്ടല്ലൊ, സന്ദേഹിയായ ഞാൻ
ഒരു നരകത്തിൽ നിന്ന് മറ്റൊരു നരകത്തിലേക്കു തന്നെ
യാത്ര തുടരുന്നത്.