ഒരു നമ്പ്യാര്‍ പ്രയോഗം .....
.......സത്യമോ മിഥ്യയോ സങ്കല്‍പ്പമോ ?
തുഞ്ചത്തെഴുത്തച്ഛന്റെ വീടിനടുത്ത് ഒരു തുള്ളൽ
കഴിഞ്ഞ് മടങ്ങുകയായിരുന്നു കുഞ്ചൻ നമ്പ്യാർ.കൂടെ പക്ക മേളക്കാരനുമുണ്ട്. എന്തായാലും
തുഞ്ചനെ ഒന്നു കണ്ടു നമ്പ്യാര്‍ക്കൊരു പൂത്യെ .. പൂതി. ഹായ്, പൂതിന്നു വെച്ചാല്‍ കലശലായ പൂതി..
നേരിട്ടങ്ങു ചെന്ന്
പരിചയപ്പെട്ടാലോ എന്നാദ്യം കരുതി. പിന്നീട് കൂടിക്കാഴ്ച്ച അല്പ്പം
രസകരമാക്കാമെന്ന് നിരീച്ചു. ഒരു വിദ്യ അങ്ങ് പ്രയോഗിച്ചു. തുഞ്ചന്റെ മന്യ്ക്കലെത്തിയപ്പോൾ
നമ്പ്യാർ പക്കമേളക്കാരന്റെ കൈയിൽ ഒരണ കൊടുത്തിട്ട് ഇങ്ങനെ പറഞ്ഞു. “നീയിതു കൊണ്ടു
പോയി അദ്ദേഹത്തിന്റെ കൈയിൽ കൊടുക്ക്വാ, ന്നിട്ടെ ഒരണയ്ക്ക് പുണ്ണാക്ക് വേണം എന്നു
അങ്ങട് ചോദിക്ക്യാ.. കേട്ട്വോ ”.
മടിച്ചു നിന്ന മേളക്കാരനോട് നമ്പ്യാർ വീണ്ടും പറഞ്ഞു,“ സാരല്യടോ,
നീയിതു കൊണ്ടു കൊടുക്ക്വാ. ന്നിട്ടെ, ഇത്തിരി പുണ്ണാക്ക് അങ്ങട് ചോദിക്ക്യ, മതി, ബാക്കി ഞാനേറ്റു.
മേളക്കാരൻ മനസ്സില്ലാമനസ്സോടെ അകത്തേക്കു പോയി. നമ്പ്യാർ പടിപ്പുരയിൽ
മറഞ്ഞു നിന്നു. എഴുത്തച്ഛൻ എന്തു പറയുമെന്നറിയാനാണ് നമ്പ്യാർ ഈ വിദ്യ
പ്രയോഗിച്ചത്. അദ്ദേഹം ഒരു ചക്കാല നായരാണ് എന്ന ശ്രുതി നാട്ടിൽ പരന്നിട്ടുണ്ട്.
അതിന്റെ സത്യാവസ്ഥയും ഇപ്പോഴറിയാമെന്ന് നമ്പ്യാർ കരുതി. ചക്കാലനായന്മാരുടെ
കുലത്തൊഴിലാണല്ലൊ എണ്ണയാട്ടലും, പുണ്ണാക്ക് വില്ക്കലും.
മേളക്കാരൻ
പൂമുഖത്തെത്തി. അവിടെ ചമ്രം പടിഞ്ഞിരിക്കുകയായിരുന്ന എഴുത്തച്ഛൻ അയാളോടു
തിരക്കി, ”എന്താ...“
നമ്പ്യാർ പടിപ്പുരയിൽ നിന്ന് എല്ലാം
കേൾക്കുന്നുണ്ടായിരുന്നു. മേളക്കാരൻ ഒരണയ്ക്കു പുണ്ണാക്കു വേണം എന്ന് ചോദിക്കേണ്ട
താമസം തുഞ്ചന്റെ ഭാവം മാറി.
തുഞ്ചന്‍ ആട്ടി..: ”ഛീ പുറത്തിറങ്ങെടാ“
എഴുത്തച്ഛൻ
ആട്ടിക്കഴിഞ്ഞപ്പോൾ മേളക്കാരനോട് പടിപ്പുരയിൽ നിന്ന നമ്പ്യാർ വിളിച്ചു പറഞ്ഞു:
”നീയിങ്ങോട്ടു വന്നേരെ, ആട്ടിത്തുടങ്ങിയതേയുള്ളു, പുണ്ണാക്കാവാൻ ഇനിയും വൈകും.“
”നീയിങ്ങോട്ടു വന്നേരെ, ആട്ടിത്തുടങ്ങിയതേയുള്ളു, പുണ്ണാക്കാവാൻ ഇനിയും വൈകും.“
കൊപ്ര ചക്കിൽ
ഇട്ട് ആട്ടിയിട്ടാണല്ലൊ എണ്ണയും പുണ്ണാക്കുമുണ്ടാക്കുന്നത്. അക്കാര്യമാണ്
തക്കനേരത്ത് നമ്പ്യാർ സൂചിപ്പിച്ചത്. ഇതു കേട്ട മാത്രയിൽ എഴുത്തച്ഛൻ :
‘പടിപ്പുരയിലാരാ’
"കുഞ്ചന്‍ നമ്പിയാരാ" എന്ന് മറുപടി പറഞ്ഞുവെന്നാണ്
കേട്ട് കേള്‍വി. .
ഇതൊരു കേട്ട് കേള്‍വി മാത്രം. രണ്ടു പേരുടെയും ജീവിതകാല തെളിവുകള്‍ അനുസരിച്ച് തുഞ്ചനും കുഞ്ചനും രണ്ടു കാല ങ്ങളില്‍ ജീവിച്ചിരുന്നവരാണല്ലൊ. ആര് പറഞ്ഞതാണ് എന്ന് കൃത്യമായി അറിവില്ലെങ്കിലും ഇത് കുഞ്ചന്‍ നമ്പ്യാര്‍ തന്നെ പറഞ്ഞ മറ്റൊരു ഫലിത മാകാനും സാദ്ധ്യത ഉണ്ട്.