സാഹിത്യം അവഗണിക്കപ്പെടുമ്പോള്‍






ഒരു മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി നെഹ്രുവിന് വേണ്ടി ഒരുക്കിയ കസേരയില്‍ വള്ളത്തോള്‍ കയറിയിരുന്നപ്പോള്‍ അദ്ദേഹത്തോട് മാറിയിരിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടില്ല. രാഷ്ട്രം ഭരിക്കുന്ന മന്ത്രിയെപ്പോലെത്തന്നെ ലോകസംസ്കാരത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാന്‍ കലാകാരന് / സാഹിത്യകാരനാണെന്നവകാശപ്പെടാനും, താനും രണ്ടാം തരക്കാരനല്ലാ എന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ മഹാകവിക്ക് കഴിഞ്ഞു. കുമാരനാശാന്‍ , കുഞ്ഞി രാമന്‍നായര്‍, ശങ്കരക്കുറുപ്പ്, തകഴി, കേശവദേവ്, ബഷീര്‍, എം.പി പോള്‍, മുണ്ടശ്ശേരി, വൈലോപ്പിള്ളി തുടങ്ങി പഴയകാല സാഹിത്യ- സാംസ്കാരിക നായകര്‍ക്ക് അര്‍ഹതയും അംഗീകാരവും സമൂഹം നല്കിയിരുന്നു. ഇന്നങ്ങനെ എഴുത്തുകാരനെ അംഗീകരിക്കാന്‍ സമൂഹം തയ്യാറല്ല.


രാഷ്ട്രീയക്കാരന്റെ കൂടെ ജനം പോകുന്നത് തങ്ങളുടെ സ്ഥാപിത താല്പര്യം വിരുദ്ധ മാണെന്നറിഞ്ഞ ധനശക്തികള്‍, പുരോഗമനരാഷ്ട്രീയത്തേയും അവരുടെ നായകരേയും തിരസ്കരിച്ച് ആജ്ഞാനുവര്‍ത്തികളെ അധികാരത്തില്‍ കയറ്റിയിരുത്തി, രാഷ്ട്രീയരംഗം ആസൂത്രിതമായി അരാഷ്ട്രീയ വല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നു.

 അതിന് ശക്തിപകരാന്‍ ഏഴകള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിക്കുന്ന 
ജനകീയസാഹിത്യത്തെ ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിച്ച് 
 ബദലായി വ്യക്തിവാദവും അരാജകത്വവും 
മുഖമുദ്രയാക്കിയ "ആധുനികത''യെ പ്രോത്സാഹിപ്പിച്ചു. 
സാഹിത്യം അങ്ങനെ ബൌദ്ധികവും  
ധൈഷണികവുമായ 
ഒരു വ്യായാമമാക്കി 
ഉപരിതലത്തിലേക്ക് കേന്ദ്രീകരിച്ച് 
ഉയര്‍ന്ന് വായനക്കാരനെ അരാഷ്ട്രീയവല്ക്കരിച്ചു.


സാഹിത്യം ആസ്വദിച്ചിരുന്ന സാധാരണവായനക്കാരനെ 
അരാഷ്ട്രീയവല്‍ക്കരിക്കാന്‍ "പൈങ്കിളി''യെ പുറത്തിറക്കിക്കൊണ്ട് 
സാഹിത്യവിപണനതന്ത്രം പ്രസിദ്ധീകരണരംഗത്തിന്റെ പുരോഹിതരെക്കൊണ്ട് സാധിച്ചെടുത്തു.

അതോടെ കമ്പോളനിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും, സാഹിത്യം എന്ന പരികല്പനയുടെ സാമൂഹികപ്രസക്തിയെ ലഘൂകരിക്കാനും ഒരുപരിധിവരെ കഴിഞ്ഞു. ഫലത്തില്‍ സാഹിത്യകാരന്റെ ഇടങ്ങളും ഇടുങ്ങിച്ചുരുങ്ങിവരികയും അവരുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടാതിരിക്കാനുള്ള അടവ്നയങ്ങള്‍ പയറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.


നവോത്ഥാനകാലത്ത് നിന്ന് ഊര്‍ജ്ജം സംഭരിച്ച് സാമ്രാജ്യത്വവിരുദ്ധവും, നാടുവാഴി മുതലാളിത്വ വിരുദ്ധവുമായ സമൂഹത്തെ നയിച്ചതില്‍ രാഷ്ട്രീയത്തെപ്പോലെ സാഹിത്യവും ധനശക്തികള്‍ക്ക് വിരുദ്ധമാണെന്ന തിരിച്ചറിവാണ് അതിനെതിരെ തിരിയാന്‍ ധനശക്തികളെ പ്രേരിപ്പിച്ചത്. മാറ്റത്തിനുവേണ്ടി കോലാഹലങ്ങള്‍ മുഴക്കിയിരുന്ന സാഹിത്യത്തില്‍ ജനം ആവേശ ഭരിതരാവുകയും സാമൂഹികമാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അണിചേരുകയും ചെയ്യുന്നുണ്ടായിരുന്നു. മുപ്പതുകളിലും നാല്പതുകളിലും ഉണ്ടായ സാഹിത്യ പരിവര്‍ത്തനങ്ങള്‍ നാടകത്തിലേക്കും വ്യാപിച്ചു. സാഹിത്യത്തേക്കാള്‍ കൂടുതല്‍ ആ രംഗകല സ്വാധീനിക്കപ്പെടുകയും പുരോഗമനപാതയിലേക്ക് സമൂഹം അതിലൂടെ ആവേശപൂര്‍വ്വം നയിക്കപ്പെടുകയും ചെയ്തു. ഇതേ സാഹിത്യ- നാടകപ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയെന്ന സാങ്കേതിക കല അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന്റേയും നേതൃത്വം ഏറ്റെടുത്തത്.

പ്രസിദ്ധീകരണ പ്രസാധനരംഗണങ്ങള്‍ ജനകീയസാഹിത്യത്തില്‍ നിന്ന് സമൂഹത്തെ അകറ്റിയപോലെ, സിനിമയും ജനകീയമാകുന്നതിലെ അപകടം മണത്തറിഞ്ഞ് "പൈങ്കിളി' സാഹിത്യത്തിന് ബദലായി, മൃദുലവികാരങ്ങളെ ചൂഷണം ചെയ്യുന്ന മസാലചിത്രങ്ങള്‍ നിര്‍മ്മിച്ച് സിനിമയെന്ന കലയെ വന്‍ വ്യവസായമാക്കിമാറ്റി ജനവിരുദ്ധമായ ആശയപ്രചരണത്തിന് ഉപയോഗിച്ച് അരാഷ്ട്രീയതയുടെ പ്രചാരകരായി. "ബുദ്ധിജീവി'' സിനിമകളെന്നും, "ജനപ്രിയ"  സിനിമകളെന്നുമുള്ള വേര്‍തിരിവോടെ സിനിമയേയും പ്രവര്‍ത്തകരേയും ആസ്വാദകരേയും വിഭജിച്ചെടുക്കാന്‍ തല്പരകക്ഷികള്‍ക്ക് കഴിഞ്ഞു.

പരീക്ഷണത്തിനും പരിവര്‍ത്തനത്തിനും വേണ്ടി ദാഹിച്ച നാടകപ്രവര്‍ത്തനം ജനങ്ങളില്‍ നിന്നകലുകയും ജനകീയനാടകങ്ങള് കമ്പോള താല്പര്യവിധേയമാകുകയും, ക്രമേണ ജനം തിരസ്കരിക്കുന്ന തരത്തിലേക്ക് കൂപ്പുകുത്തിക്കാനും സാംസ്കാരിക അധിനിവേശ ശക്തികള്‍ക്ക് കഴിഞ്ഞു.


സിനിമയിലും ക്രിക്കറ്റിലും  മേയ്    വഴക്കം കൊണ്ട്   തിളങ്ങി, വന്‍കിട വ്യവസായങ്ങളില്‍ മുതല്‍മുടക്കി പണശക്തികളായ താരങ്ങളും, ഇന്ന് മൂന്നാംകിടരാഷ്ട്രീയക്കാരനും അരങ്ങ് തകര്‍ക്കുന്നു. ജനകീയ ആത്മസമര്‍പ്പണം നടത്തിയ എഴുത്തുകാര്‍ എണ്ണത്തില്‍ കുറ വാണെങ്കിലും അവരെ ആരും ശ്രദ്ധിക്കാതിരിക്കാനുള്ള അവസ്ഥ സൃഷ്ടിച്ചെടുത്തു. മാധ്യമ ങ്ങളിലും, സമൂഹത്തിന്റെ മുഖ്യകേന്ദ്രങ്ങളിലും സാംസ്കാരിക നായകര്‍ രാഷ്ട്രീയക്കാര്‍ക്കും, സിനിമാ-മിമിക്രി താരങ്ങള്‍ക്കും പിന്നില്‍ അവഗണിക്കപ്പെട്ട നിലയില്‍, നെഞ്ചുരുകി കവിതയെഴുതിയ കവികള്‍, കലാകാരന്മാര്‍...!

രാഷ്ട്രീയ- സാമ്പത്തിക-സാമൂഹ്യ രംഗങ്ങളിലുമുള്ളത് പോലെ 
 പുരോഗമന-ജനകീയ സാഹിത്യവും, കലയും
 കാലഘട്ടത്തിന് നേരെ പുറം
 തിരിഞ്ഞ് നില്ക്കാതെ 
ആവുന്നത്ര ശക്തിയില്‍ പോരാട്ടം നടത്തുന്നുണ്ട്. 


എങ്കിലും ആഗോളതലത്തില്‍ 
ആസൂത്രിതമായി 
നടത്തിക്കൊണ്ടിരിക്കുന്ന
 ധനശക്തികളുടെ ജനകീയ സാസ്കാരിക 
വിരുദ്ധയുദ്ധങ്ങള്‍ക്ക് മുന്നില്‍ 
ഓച്ഛാനിച്ച് നില്ക്കാന്‍ കഴിയാതെ, 
പരിമിതികളേയും പ്രത്യാക്രമണങ്ങളേയും
 വെല്ലുവിളിച്ച് കൊണ്ട് മുന്നോട്ട് നീങ്ങുവാന്‍ 
സാഹിത്യ- സാംസ്കാരിക സമരങ്ങള്‍ 
 ശക്തിപ്പെടുത്തുന്നതിലൂടെ 
കഴിയണം
 എന്ന് തന്നെയാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.


                                                                                                                  - മാനേജിംഗ്  എഡിറ്റര്‍