സുലോജ് മഴുവന്നിക്കാവ്
കാണുന്നുണ്ട്
മാമലകളിലൂടെ
ഒരു മുയല്‍ കുതിച്ചു പായുന്നത് .
ജനന മരണങ്ങളുടെ
ജലരേഖകള്‍ വര മാഞ്ഞു കിടന്ന
ആ മൃഗമിഴികളില്‍
പൈതൃക പേക്കിനാക്കള്‍
വനഭംഗിയില്‍ നിന്നും
പതഞ്ഞൊഴുകുന്ന ഒരു നദിയുടെ
ഞെരക്കം കേള്‍ക്കാമായിരുന്നു ..
ഉടഞ്ഞു വീണ മഴപ്പൊടികള്‍ കൊണ്ട്
മേഞ്ഞ ഇരുട്ടിന്റെ
കൂടാരം
ഭയങ്ങളുടെ ചുരം പോലെ
നീണ്ടു കിടക്കുന്നുണ്ട് ...
താഴ്വരയുടെ ഉപരിതലങ്ങളില്‍
പുള്ളിയണിഞ്ഞ പുലികുഞ്ഞുങ്ങളെ പോലെ
ചുറ്റിനടക്കുന്നു ചൂളന്‍കാറ്റ് ...
മദം പൊട്ടിയാര്‍ത്തുവരും
മഴമദയാനക്ക് കൊമ്പന്‍
പനയോലകള്‍ കൂട്ട് ..
ഇലകൈകള്‍ കൊണ്ട് മറച്ച
ഏതു
പൊത്തിലും അഭയം തേടും
മുയലിന്റെ നിഴലിനും
നിരാശയുടെ കിതപ്പ് .
പറന്നെത്തുന്ന പ്രാപിടിയന്‍
അല്ലെങ്കില്‍
ചലിക്കും ദ്രുംഷ്ടകണ്ണുകള്‍ക്ക്
വിരുന്നൊരുക്കും
മുയല്‍ ജീവിതം .