![]() |
ആലങ്കോട് ലീലാകൃഷ്ണൻ |
മകനെ ഞാൻ വിളിക്കുമ്പോൾ
വിളി കേൾപ്പീല കാനനം
പുഴകൾ, പൂവുകൾജീവ-
കോടികൾക്കുള്ളിലേപ്പൊരുൾ
ചരാചരപ്രപഞ്ചാത്മ-
പ്രണയം കൈവെടിഞ്ഞവൻ
വിളിച്ചാൽ പ്രാണകോശങ്ങൾ
വിളി കേൾക്കുന്നതെങ്ങനെ!
ശാപമോക്ഷം ലഭിക്കാത്ത
പിതൃക്കൾ, ഗതിയറ്റവർ
തലകീഴായ്പ്പതിക്കുന്നു
പുന്നാമനരകങ്ങളിൽ
വിത്തിലേക്കു മടങ്ങാത്ത
പുത്രന്മാർ, വേരറുത്തവർ
രാസകാകോളകൂപത്തിൽ
ബാക്കിയാവുന്നു മർത്ത്യരായ്
ചീഞ്ഞു പോവാത്ത ദേഹത്തിൽ
പ്ലാസ്റ്റിക്കാവുന്നു ജീവനം
പുഴുക്കൾ തിന്നുമാറല്ലീ
ജീർണ്ണമാവാത്തലൗകികം
ശപ്തമീ മാനുഷം, പുത്രാ
കൂർച്ചപ്പുല്ലിന്റെ ശയ്യയിൽ
വിരിച്ചു ഞാൻ കിടക്കുമ്പോൾ
ഉദകം ചെയ്തിടായ്ക നീ