ടി.എം ശ്രീധരന്‍
![]() |
ഓ. ചന്തു മേനോന്‍ |
ഒയ്യാരത്ത്
ചന്തമേനോന്‍ ജനനം 1847 ജനുവരി 9 തലശ്ശേരി ബി.ഇ.എം.പി പാഴ്‌സി സ്‌കൂളില്‍
വിദ്യാഭ്യാസം. 1863 ല്‍ അണ്‍കവനന്റ് സിവില്‍ സര്‍വ്വീസ് ജയിച്ചു. പഠിപ്പ്
തുടര്‍ന്നു. 1864 ല്‍ തലശ്ശേരി കോടതിയില്‍ ഗുമസ്തനായി. 1867 ല്‍ വില്യം
ലോഗന്റെ ഗുമസ്തനായി. വില്യം ഗോമന്‍ മലബാറിലെ കലക്ടറും, മലബാര്‍ മാനുവലിന്റെ
രചയിതാവുമാണ്. ഇന്നും കേരളസര്‍ക്കാര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ
മാഗ്നകാര്‍ട്ടയാണ് മലബാര്‍ മാനുവല്‍. 1874 ല്‍ മുന്‍സിഫും 1892 ല്‍
സബ്ജഡ്ജിയുമായി. 1887 ല്‍ റാവു ബഹദൂര്‍ ബഹുമതി ലഭിച്ചു. 1889 ല്‍ ഇന്ദുലേഖ
എഴുതി. 1899 ല്‍ മറ്റൊരു നോവലായ ശാരദ എഴുതി പൂര്‍ത്തിയാക്കുന്നതിനു മുമ്പ്
നിര്യാതനായി. മലബാര്‍ കലക്ടറായിരുന്ന ഡ്യൂമെര്‍ഗ് ഇന്ദുലേഖ ഇംഗ്ലീഷിലേക്ക്
വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
രചയിതാവിനെ കുറിച്ച് ഇത്രയും എഴുതിയത് കാലം ഏതൊരു സൃഷ്ടിയേയും
വിലയിരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകം ആണ് എന്ന് ഊന്നല്‍
കൊടുക്കാനാണ്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലാണ് ഇന്ദുലേഖ.
ചന്തുമേനോന് മുമ്പ് നോവല്‍ രചനക്ക് ഒരു ശ്രമം നടത്തിയത് അപ്പു
നെടുങ്ങാടിയാണ്. ഒരു നോവലിന് വേണ്ട ചുരുങ്ങിയ നിലവാരം ആ കൃതിക്ക്
ഇല്ലാതിരുന്നതു കൊണ്ട് സാഹിത്യ ലോകം നോവലായി അംഗീകരിച്ചില്ല. ചെറുകഥ പോലും
മലയാള സാഹിത്യത്തില്‍ എഴുതപ്പെടാന്‍ തുടങ്ങിയത് 1891 ല്‍ ആണ്, വേങ്ങയില്‍
കുഞ്ഞിരാമന്‍ നായരുടെ വാസനാ വികൃതി. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ടും
ശൈലിയുടെ പുതുമകൊണ്ടും, എഴുത്തുകാരുടെ എണ്ണത്തിലും മലയാള സാഹിത്യത്തില്‍
മുന്‍പന്തിയില്‍ നില്‍ക്കുന്ന സാഹിത്യശാഖയാണ് ചെറുകഥ.
![]() |
ചങ്ങമ്പുഴ |
ഇന്ദുലേഖ നോവലിനെ കുറിച്ച് പുതിയൊരു വിഭാഗം (മാതൃഭൂമി ദിനപത്രം 2012 ഫിബ്രവരി 18 ശനി) യഥാര്‍ത്ഥ ഇന്ദുലേഖയല്ല വായിച്ചെടുക്കപ്പെടുന്നത് എന്ന് ശ്രീ. പി.കെ രാജശേഖരന്‍ പുറപ്പെടുവിച്ചിരിക്കുന്നു.
ഒഴിവാക്കലും തിരുത്തലുകളും നടത്തി ഇന്ദുലേഖയുടെ വിപ്ലവ സ്വഭാവത്തെ ഉദാസീനമാക്കി. നോവലിസ്റ്റിന്റെ സാമൂഹ്യ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തി. 1950 നു ശേഷം ഇങ്ങിയ പുതിയപതിപ്പുകളില്‍ 8 ഖണ്ഡികയോളം വരുന്ന ഭാഗങ്ങള്‍ ഒഴിവാക്കി. വാക്കുകളും സംഭാഷണങ്ങളും തിരുത്തപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു. കേരള ചരിത്രത്തില്‍ സ്ത്രീയുടെ സ്ഥാനം തുടച്ചുമാറ്റാന്‍ നമടന്ന പുരുഷ കേന്ദ്രീകൃത ശ്രമങ്ങള്‍ ആവാം ഇത്തരം ഇടപെടലുകള്‍. സ്ത്രീശാക്തീകരണം വിദ്യാഭ്യാസം തുടങ്ങിചന്തുമേനോന്‍ പ്രകടിപ്പിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള അഭിപ്രായങ്ങള്‍ നഷ്ടപ്പെട്ടു. ചിലസ്ഥലത്ത് സ്ത്രീകേന്ദ്രീകൃതമായി എവുതിയ വാക്യങ്ങള്‍ പുരുഷ കേന്ദ്രീകൃതമായി മാറ്റി എഴുതി. 1890 ല്‍ ഇറങ്ങിയ രണ്ടാം പതിപ്പിനെ ആധാരമാക്കി വിമര്‍ശനാത്മകപാഠം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ലക്‌സിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എഡിറ്ററായ പി. വേണുഗോപാലനും ചേര്‍ന്ന് (റിപ്പോര്‍ട്ട് തന്നത്ര ഇലല്ല പ്രധാന ഭാഗം മാത്രം).

അവലംബിക്കാനൊരു മാതൃക പോയിട്ട് നവോത്ഥാനചിന്തപോലും സമൂഹത്തില്‍ കടന്നു വന്നിട്ടില്ലാത്ത കാലഘട്ടം. ആകപ്പാടെ 1887 ല്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന അരുവിപുറം പ്രതിഷ്ഠയും, ജാതിഭേദനത്തിന് എതിരായ വിപ്ലവകരമായ സന്ദേശവുമായിരുന്നു നടന്നത് തെക്കന്‍ കേരളത്തില്‍. മലബാറില്‍ ആ പിപ്ലവധ്വനി അപ്പോള്‍ എത്തിയോ എന്തോ. കവിത മാത്രമാണ് സാഹിത്യം എന്ന മൂഡമൂലചിന്തയും മലയാളത്തില്‍ കവിത എഴുതുന്നവരെ അരക്കവിയായി കരുതുകയും ചെയ്യുന്ന സംസ്‌കൃതാഭിമുഖ്യപടുക്കളുടെ കാലം. പുതിയ സാഹിത്യചിന്തയുമായി നോവല്‍ സാഹിതയത്തിശാഖയിലേക്ക് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചതും ഇംഗ്ലീഷ് വിദ്യാഭ്യാസവും, ഇംഗ്ലീഷ് നോവലുകളുടേയും, തത്വചിന്താപരമായ പുസ്തകങ്ങളുടെ വായനകൊണ്ടും മാത്രമാണ്. തരികോണപ്രേമം എന്നു പറയാവുന്ന പ്രമേയം എന്നു പറയാമെങ്കിലും മാറ്റത്തിന്റെ അനിവാര്യത ആഹ്വാനം ചെയ്യുന്ന വിപ്ലവകരമായ ചിന്തയും ധൈര്യവും ഈ കൃതിയില്‍ കാണുന്നുണ്ട്.
പാശ്ചാത്യരാജ്യത്ത് അവിടുത്തെ ജീവിതരീതിയും സാമൂഹ്യസബ്രദായങ്ങളും അനുസരിച്ച് എഴുതി വളര്‍ന്ന നോവല്‍ സാഹിത്യത്തെ ആ ശാഖയെക്കുറിച്ച് ഒന്നും അറിയാത്ത ജനങ്ങളില്‍ സന്നിവേശിപ്പിക്കുക എന്നത് ക്ലേശകരമായ ഒരു അവസ്ഥയാണ്. കൂടിയപക്ഷം അവര്‍ കേട്ടിട്ടുണ്ടായിരിക്കുക നാടോടികഥകളോ മുത്തശ്ശിക്കഥകളൊക്കെയായിരിക്കും
നോവല്‍ വായനക്ക് മുതിരുന്നവര്‍ക്ക് തെറ്റി ധാരണ ഉണ്ടാകാതിരിക്കാന്‍ രചയിതാവ് ഇങ്ങനേയും ഇടപെടുന്നുണ്ട്. ''ഒരു കഥയെക്കുറിച്ച് ശരിയായും സത്യംമായും ഒരു പുസ്തകം ഉണ്ടാക്കാന്‍ പോകുമ്പോള്‍, ആ പുസ്തകത്തില്‍ കാണിപ്പാന്‍ പോകുന്ന വല്ല സംഗതികളായാലും വല്ലലര്‍ക്കും, വല്ല സൂഖക്കേടോ പരിഭവമോ ഉണ്ടാവാന്‍ എടയുണ്ടോ എന്ന് ആ ഗ്രന്ഥകര്‍ത്താവ് ആലോചിപ്പാന്‍ സാധാരണ ആവശ്യമിലല്ലാത്തതാകുന്നു. എന്നാലാ മലയാളത്തില്‍ ഇത് ഒരു പുതുമാതിരി കഥ ആകയാല്‍ എന്റെ വായനക്കാരില്‍ ചിലര്‍ ഈ പുസ്തകത്തില്‍ കാണുന്ന വല്ല സംഗതികളാലും ഒരു സമയം അബന്ധമായി എന്റെ വിചാരവും ഉദ്വേഗവും ധരിച്ചു പോകാന്‍ ഇടയുണ്ടാകുമോ എന്ന് ഞാന്‍ ശങ്കിക്കുന്നതിനാല്‍ അതിനെപ്പറ്റി അല്പം ഒന്നു പ്രസംഗിക്കേണ്ടത് ആവശ്യമാണെന്നു വിചാരിക്കുന്നുന്നു''. തുടര്‍ന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇത്തരം ആരും ഒരു പരിഭവവും കുറ്റപ്പെടുത്തലും നടത്താറില്ല എന്നും വിവരിച്ച് പറയുന്നു.
ഈ നോവലിലെ വളരെ പ്രധാനപ്പെട്ട കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് വിധേമാക്കേണ്ട ഒരധ്യായം നായകകഥാപാത്രമായ മാധവനും മാധവന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കരും, കുടുംബത്തിലെ ഒരംഗമായ ഗോവിന്ദമേനവനും (പുസ്തകത്തില്‍ ചന്തുമേനോന്‍ കൊടുത്തിരുന്ന പീഠിക വിട്ടുകളഞ്ഞതുകൊണ്ട് ബന്ധങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്) നടത്തുന്ന സംവാദമാണ്. വിഷയം ഈശ്വരനിരീശ്വരവാദവും ബ്രിട്ടീഷ് ഭരണവും. ഈ സംവാദം ഇല്ലെങ്കിലും നോവലിന്റെ വിഷയത്തിന് ഒന്നും സംഭവിക്കുകയില്ല, ഏച്ചുകൂട്ടിയ പോലെ ഇരിക്കുന്ന എന്നെല്ലാം വാദഗതികള്‍ ഉന്നയിക്കാമെങ്കിലും വളരെ സമര്‍ത്ഥമായും ഉചിതമായും സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അധ്യായം ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ട് മക്കള്‍ അനുസരണയില്ലാത്തവരും, ആചാരങ്ങളേയും രീതിസമ്പ്രദായങ്ങളേയും പാലിക്കാത്തവരുമായി എന്ന് അച്ഛന്റെ ആവലാതിയെത്തുടര്‍ന്നാണ് സംവാദം നടക്കുന്നത്.കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ മതസമ്പ്രദായങ്ങളും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. മാധവന്‍ ഈശ്വരവിശ്വാസിയാണെങ്കിലും പല ആചാരങ്ങളേയും മതത്തിന്റെ പേരിലാണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. അദൃശ്യമായ ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ഒരു ശക്തി ഉണ്ട് അത് ഈശ്വരനാണ് എന്ന് മാധവന്‍ വിശ്വസിക്കുന്നു. ജനങ്ങളില്‍ ധര്‍മ്മനീതിയും സദാചാരബോധവും വളര്‍ത്തുന്നതിന് മതവിശ്വാസം വേണം എന്ന പക്ഷക്കാരനാണ് ഗോവിന്ദപ്പണിക്കര്‍. എന്നാല്‍ ഗോവിന്ദമേനവനാകട്ടെ ഈ വാദഗതികളെ കാര്യകാരണസമേതം സമര്‍ത്ഥിച്ചു തള്ളുന്നു. ആ വാദഗതി ഇങ്ങനെയാണ്. ''ഞാന്‍ ദൈവം ഇല്ലെന്നു പറയുന്നില്ല, നിങ്ങള്‍ ദൈവം എന്നു പറയുന്നതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല ദൈവം ഇല്ലെന്നു ഞാന്‍ പറയണമെങ്കില്‍ നിങ്ങള്‍ പറയുന്ന ദൈവം എന്ന സാധനം എന്തെന്നറിഞ്ഞിട്ട് വേണ്ടെ..? തനിക്ക് ഒന്നും അറിവില്ലാത്ത ഒരു സാധത്തെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ എങ്ങിനെ ഒരുവന്‍ പറയും? പിന്നെ ഈ കാണുന്ന ചരാചരങ്ങളൊക്കെ വെവ്വേറെ സൃഷ്ടിച്ചും സംഹരിച്ചും കൊണ്ട് ഒരു പ്രത്യേക സൃഷ്ടാവ് മനുഷ്യന്റെ മാതിരിയിലോ മറ്റെരു ദിക്കില്‍ എങ്ങാനും ഉണ്ടെന്ന് നിങ്ങള്‍ പയയുന്നതാല്‍ അത് കേവലം ഇല്ലാത്തതാണ്.ശുദ്ധഭോഷ്‌കാണ് എന്ന് ഞാന്‍ പറയും. സംശയമില്ല. ഇങ്ങിനെ അല്ലാതെ മനസ്സിലാവാതെ വിധമുള്ള വാക്കുകളെ കൊണ്ടു ദൈവം ഉണ്ടെന്ന് പറയുന്നതായാല്‍ എനിക്ക് മനസ്സിലായില്ല. അതുകൊണ്ട് അതിന് ഉത്തരം പറയാന്‍ പാടില്ലെന്നും പറയും. മനസ്സിലാവാത്ത ഒരു സാധനം ഉണ്ടെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുകയില്ല. തന്റെ വാദഗതികളെ പാശ്ചാത്യവും പൗതസ്ത്യവുമായ ചിന്തകരുടേയും ശാസ്ത്രജ്ഞരുടേയും പഠനങ്ങളില്‍ നിന്നുള്ള ഉദ്ധാരണികള്‍ കൊണ്ട് സംപുഷ്ടമാക്കുകയും ചെയ്യുന്നുണ്ട്.
ചാര്‍ലസ് ബ്രാഡ്‌ള, വാളെഡ്ഡു, ഡാര്‍വിന്‍, ഹക്‌സിലി, ഹര്‍ബട്ട് സ്‌പെന്‍സര്‍ എന്നീ പാശ്ചാത്യ ചിന്തകരുടേയും, സഖ്യം എന്നു പറയുന്ന കപിലമഹര്‍ഷിയുടെ സിദ്ധാന്തം, പതഝ്‌ലിയുടെ യോഗവും ഭഗവത്ഗീതയും, ജയമുനിയുടെ പൂര്‍വ്വമീമാംസ, വ്യാസന്റെ ഉത്തരമീമാംസ അഥവാ വേദാന്തം, ഗൗതമന്റെ നൈയാമികസിദ്ധാന്തം, കണഭന്റെ വൈശിഷ്ഠസിദ്ധാന്തം തുടങ്ങിയ ഭാരതീയ ചിന്തകരേയുമാണ് ഉദാഹരിച്ചിരിക്കുന്നത്. വളരെ നയപരമായി ഒരു ഭാഗത്തും നില്‍ക്കാതെ വായനക്കാരന് അവനവന്റെ പക്ഷം തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ചന്തുമേനോന്‍ ഈ സംവാദം അവതരിപ്പിച്ചിരിക്കുന്നത്.
1885 ല്‍ ആണ് എ.ഒ ഹ്യൂം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപികരിക്കുന്നത്. ഇന്ത്യന്‍ ജനതയില്‍ സ്വാതന്ത്ര്യമോഹം വളര്‍ത്തുന്നതിനുള്ള ഒരു സംഘടനയായിരുന്നില്ല പക്ഷേ അത് അങ്ങിനെയായി തീരുകയായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച യുവാക്കളെ ബ്രീട്ടീഷ് പക്ഷവാദികളാക്കി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഹ്യൂ സംഘടന രൂപീകരിച്ചത്. ബ്രിട്ടീഷ് ഭരണത്തില്‍ ഉന്നത ഉദ്യോഗസ്ഥനാണ് ബി.എ.ബി.എല്‍ ബിരുദധാരിയായ മാധവന്‍. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാര്‍ തുടര്‍ന്ന് ഇന്തയ ഭരിക്കണമെന്നും, മറ്റു കോളനികളെ അഭിവൃദ്ധിയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നതു പോലെ ഇന്ത്യയും അഭിവൃദ്ധിപ്പെടുത്തിയ ശേഷം ഇന്ത്യ വിടണമോ വേണ്ടയോ എന്ന് ആലോചിക്കാമെന്നുമാണ് മാധവന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ ബ്രിട്ടീഷ് ഭരണത്തിന് എതിരായി നടത്തുന്ന പ്രചാരണങ്ങശളും ആഹ്വാനങ്ങളും പാടില്ലാത്തതാകുന്നു എന്നും വാദിക്കുന്നു. ഗോവിന്ദമേനവന്‍ ഈ ചിന്താഗതിയോട് യോജിക്കുന്നില്ല. ഇന്ത്യയുടെ ഭരണം ഇന്ത്യാക്കാരെ ഏല്പ്പിക്കുക എനന്നത് ആവശ്യമാണ്. ഇന്ത്യയെ നന്നാക്കുമെന്നുണ്ടെങ്കില്‍ അവര്‍ ഭരിക്കട്ടെ. പക്ഷേ ബ്രിട്ടീഷ് ഭരണത്തിന് എതിരായ ഒരു അഭിപ്രായം രൂപീകരിച്ചു വരണം എന്ന പക്ഷക്കാരനാണ്. ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതു വരെ ബ്രിട്ടീഷ് അനുകൂലികളുടേയും വിരോധികളുടേയും ഒരു സംഘടനയായിരുന്നു കോണ്‍ഗ്രസ്സ്.
പൂവള്ളി തറവാട്ടിലെ കാരണവരായ പഞ്ചുമേനോനും അനന്തരവനായ മാധവനും തമ്മില്‍ നടക്കുന്ന സംവാദത്തില്‍ കൂടിയാണ് നോവല്‍ ആരംഭിക്കുന്നത്. മാധവനും, ഇന്ദുലേഖയ്ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുന്നതിന് പഞ്ചുമേനോന് ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. തനിക്ക് ലഭിച്ചതുപോലുള്ള വിദ്യാഭ്യാസം മറ്റു ഭായാതികള്‍ക്കും ലഭിക്കണം എന്ന ഉദ്ദേശശുദ്ധിയുള്ള വ്യക്തിയാണ് മാധവന്‍. അതുകൊണ്ട് തന്നെ ശീനുപട്ടരുടെ മരനായ ശിന്നനെ മദ്രാസ്സില്‍ കൊണ്ടുപോയി പഠിപ്പിക്കാന്‍ അമ്മാവന്റെ അനുവാദം ചോദിക്കുന്നത്. അമ്മാവന്‍ ഇഷ്ടക്കേട് പ്രകടിപ്പിക്കുകയും രണ്ടുപേരും തര്‍ക്കത്തിലേക്ക് പോകുകയും ചെയ്യുന്നു. ക്ഷിപ്രകോപിയായ അമ്മാവന്റെ ദൃഷ്ടിയില്‍ അത് അനുസരണക്കേടും ഗുരുത്വമില്ലായ്മയും ആയി. എന്തിനാണ് അമ്മാവനോട് തര്‍ക്കിച്ചത് എന്ന ചോദ്യത്തിന് ഞാന്‍ തര്‍ക്കിച്ചില്ല, അനുസരണക്കേടു കാട്ടിയതും ഇല്ല ആവശ്യങ്ങള്‍ പറയുന്നത് അനുസരണക്കേടല്ല ഗുരുത്വം എന്താണെന്ന് എനിക്കറിഞ്ഞുകൂടാ എന്നായിരുന്നു ഉത്തരം. അമ്മാവന്‍ ചിലവിനു തരുന്നതും, പഠിപ്പിക്കുന്നതും, മുതുമുത്തച്ഛന്മാരായ കാരണവര്‍ സമ്പാദിച്ച സ്വത്തിലെ വരുമാനത്തില്‍ നിന്നാണ്. കെടുകാര്യസ്ഥത കൊണ്ടു ആ വരുമാനം മുന്‍പത്തേക്കാള്‍ കുറഞ്ഞു വരികയാണ്. അമ്മാവന്‍ സഹായിച്ചില്ലെങ്കിലും ശിന്നനെ ഞാന്‍ പഠിപ്പിക്കും. കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ കുടുംബകാരണവരെ ചോദ്യം ചെയ്ത സംഭവം ഇതായിരുക്കും.
സൗന്ദര്യവും, വിദ്യാഭ്യാസവും, ധൈര്യവും, കാര്യശേഷിയും, നയപരതയും, വിനയവും ഒത്തുച്ചേര്‍ന്ന യുവതിയാണ് ഇന്ദുലേഖ. ഗുണവിശേഷങ്ങള്‍ ഒത്തുചേര്‍ന്ന യുവതിയായതുകൊണ്ട് എല്ലാവര്‍ക്കും ബഹുമാനമാണ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ അച്ഛന്‍ കിളിമാനൂര്‍ രാജാവ് ക്ഷത്രിയന്‍. അച്ഛന്റെ മരണശേഷം അമ്മയെ സംബന്ധം ചെയ്തത് കറുത്തേടം കേശവന്‍ നമ്പൂതിരി. ഇന്ദുലേഖയ്ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കുന്നത് അമ്മാവനായ കൊച്ചു കൃഷ്ണമേനോന്‍, മദ്രാസ്സില്‍ ഉദ്യോഗസ്ഥന്‍. മാധവന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കര്‍ പഞ്ചുമേനോന്‍ കുടുംബത്തിലെ പാര്‍വ്വതിഅമ്മയുടെ സംബന്ധക്കാരന്‍. ശീനുപട്ടരെ കോമാട്ടി എന്ന അപരനാമത്തില്‍ പഞ്ചുമേനോന്‍ വിളിയ്ക്കുന്നതുകൊണ്ട് തറവാട്ടില്‍ ബ്രാഹ്മണ ക്ഷത്രീയ, വൈശ്യ ശൂഭ്രബംന്ധം ഉണ്ട് എന്നു വേണമെങ്കില്‍ പറയാം. തറവാടിന് അഭിമാനമാണത്.
ഇന്ദുലേഖയും മാധവനും അഗാധപ്രേമത്തിലാണ്. പ്രണയവും ബാഹ്യപ്രകടനവും അനുഭവിച്ച് വേര്‍തിരിഞ്ഞ് ഇരിക്കാന്‍ വയ്യാത്ത വിധം ആത്മബന്ധം വളര്‍ന്ന് ഇന്ദുലേഖ മാധവനെ മനസാവരിക്കുകയും ഭര്‍ത്താവ് എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു. ബി.എല്‍. പരീക്ഷ ജയിച്ചു എന്നറിഞ്ഞ് ജോലി ലഭിച്ചാല്‍ ഉടനെ വന്ന് നിന്നേയും കൂട്ടികൊണ്ടുപോകാം എന്നു ഉറപ്പ് കൊടുത്ത് മാധവന്‍ മദ്രാസ്സിലേക്ക് പോകുന്നു.
അനുസരണക്കേടുകാണിച്ച പരമദ്രോഹിക്ക് ഇന്ദുലേഖയെ വിവാഹം ചെയ്തു കൊടുക്കുകയില്ലെന്ന് പഞ്ചുമേനോന്‍ ശപഥം ചെയ്യുന്നു. മാധവനെ മനസ്സുകൊണ്ട് സ്‌നേഹമാണെങ്കിലും കേശവന്‍ നമ്പൂതിരിയില്‍ കൂടി ഇന്ദുലേഖയ്ക്ക് മറ്റൊരു സംബന്ധത്തിന് വഴിയൊരുക്കാന്‍ ചട്ടം കെട്ടുന്നു. കേശവന്‍ നമ്പൂതിരി കണ്ണഴി മൂര്‍ക്കില്ലത്തു മനക്കല്‍ സൂരി നമ്പൂതിരിയുമായി സംബന്ധത്തിന് വഴിയൊരുക്കുന്നു. സൂരി നമ്പൂതിരിക്ക് പ്രായം 45 വേളിയില്ല സുന്ദരനല്ല, വിരൂപനും അല്ല വിദ്യാഭ്യാസം ഇല്ല മനവക കാര്യങ്ങള്‍ നോക്കി നടക്കുന്നു. അശ്വമുഖന്‍ എന്നാണു അപരനാമം. വേളിയില്ലെങ്കിലും 20 ഓളം ശൂദ്ര സംബന്ധം പലയിടത്തുംമായി ഉമ്ട്. ദ്രവ്യാസക്തനായ ഒരാള്‍ക്ക് കീഴ്‌പ്പെടാത്ത സ്ത്രീകള്‍ ഇല്ല എന്നു വിശ്വാസം. മൊത്തത്തില്‍ സ്ത്രീലമ്പടന്‍, വിഷയ ആസക്തിക്കാരന്‍. ഇത്തരക്കാരെക്കുറിച്ച് ചന്തുമേനോന്‍ പറയുന്നതിങ്ങനെ. ''ധനവാന്‍മാരായ പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ അതിയായ ചാപല്യം ഉണ്ടായാല്‍ പിന്നെ അവരുടെ വേറെയുള്ള സ്വഭാവത്തെ പറ്റി വേറെ ഒന്നും പറവാന്‍ നേരമുണ്ടാവില്ല. സാധാരണ അറിവും പഠിപ്പുമില്ലാത്ത ധനവാന്മാര്‍ക്കുണ്ടാകുന്ന പോലെ തന്നെപ്പറ്റി ഇദ്ദേഹത്തിന് നല്ല അഭിപ്രായമാണ്ണ്.
സ്ത്രീ ചപലതയെക്കുറിച്ച് ഒരുദാഹരണം ഇങ്ങിനെ. ഒരു മലയടിവാരം ചാര്‍ത്തിക്കൊടുത്തതിന് സൂരിനമ്പമ്പൂതിരി മക്കാമന്‍ സായിപ്പിനെ കാണാന്‍ പോകുന്നു. തൊട്ടടുത്തുള്ള ഇരിപ്പിടത്തില്‍ കാലിന്മേല്‍ കാല്‍കയറ്റി ഇരുന്ന് പുസ്തകം വായിക്കുന്ന മദാമ്മയുടെ നേര്‍ക്കായിരുന്നു സൂരിനമ്പൂതിരിയുടെ ദൃഷ്ടിമുഴുവനും. മക്കാമന്‍ സായിപ്പ് മദാമ്മയെ പരിചയപ്പെടുത്തുകയും ഹസ്തദാനം ചെയ്ത് ഇംഗ്ലീഷില്‍ എന്തൊക്കയോ മൊഴിഞ്ഞു. കൈകൂട്ടിപ്പിടിച്ചപ്പോള്‍ ശരീരത്തിന് എന്തൊക്കയോ ഒരു ഇത് നമ്പൂതിരിക്ക് തോന്നുകയും കൈവിരലില്‍ കിടന്നിരുന്ന വൈര മോതിരം ഈരി മദാമ്മക്ക് വിരലില്‍ ഇട്ടുകൊടുക്കുകയും ചെയ്ത്. സന്തതസഹചാരിയും വിദ്യാസമ്പന്നനും സരസനും ആയ ചെറുശ്ശേരി നമ്പൂതിരി ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മദാമക്ക് ചെന്നു കേറിയപ്പോഴേ ദൃഷ്ടി നമ്മുടെ നേര്‍ക്കായിരുന്നു. ഞാനും വിട്ടു കൊടുത്തില്ല. വീഴും എന്നു കണ്ടതുകൊണ്ടാ മോതിരം കൊടുത്തെ. പിന്നെ കൂടുതല്‍ ശ്രമിക്കാതിരുന്നത് ഗോമാംസം തിന്നുന്നവരുമായുള്ള സംബന്ധം ശാസ്ത്രവിരോധമായതുകൊണ്ടാ.
സൂരിനമ്പൂതിരിയും കൂട്ടാളിയായ ചെറുശ്ശേരി നമ്പൂതിരിയും വക്രബുദ്ധിയായ ഗോവിന്ദനും മറ്റു പരിവാരവും ചേര്‍ന്ന് മുന്‍നിശ്ചയിച്ച പ്രകാരം ഇന്ദുലേഖയെ സംബന്ധത്തിന് പൂവള്ളി തറവാട്ടില്‍ എത്തുന്നു. സൂരി നമ്പൂതിരിയുടെ എല്ലാ അടവുകളും വളരെ ബുദ്ധിപൂര്‍വ്വം ഇന്ദുലേഖ പരാജയപ്പെടുത്തുന്നു. ദ്രവ്യസ്ഥന് ഏത് സ്ത്രീയും വഴിപ്പെടും എന്ന ധാരണ അടിയറവു പറയിക്കുന്നു. ചെറുശ്ശേരി നമ്പൂതിരിയില്‍ നിന്ന് സംസ്‌കൃത ശ്ലോകങ്ങള്‍ എഴുതിവാങ്ങിച്ചു വിദ്വാനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് അബദ്ധത്തില്‍ കലാശിക്കുന്നു. അമ്മയും മറ്റു വേണ്ടപ്പെട്ടവരും അവഹേളിച്ചു ശത്രുത ഉണ്ടാക്കരുത് എനന്ന് പ്രത്യേകം പറയുന്നതുകൊണ്ട് അതിനു തുനിഞ്ഞില്ല. നിരാശനായ സൂരി നമ്പൂതിരി സന്ദര്‍ഭവശാല്‍ ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മയെ കാണാന്‍ ഇടവരുന്നു. ലക്ഷ്മിക്കുട്ടിക്ക് ഇപ്പൊ എത്രാ വയസ്സ്. മുപ്പത്തിയഞ്ച്. കുഴപ്പല്ല്യാ നമുക്ക് നാല്പത്തഞ്ചാ. കണ്ടാല്‍ അത്രതോന്ന്വോ സംബന്ധാലോചനക്കാരനായ കേശവന്‍ നമ്പൂതിരിയില്‍ കൂടിത്തന്നെ സംബന്ധം തരപ്പെടുത്തിയെടുക്കാന്‍ ആലോചിക്കുന്നു. ലക്ഷ്മിക്കുട്ടിയുടെ അലസമാനോഭാവം കണ്ട് തരപ്പെടില്ല എന്നു തോന്നിയിട്ടോ എന്തോ ഇന്ദുലേഖയുടെ ദാസിയെ കണ്ടപ്പോള്‍ അതായാലും മതി എന്നൊരു തോന്നല്‍. എല്ലാശ്രദ്ധയും പതിമൂന്നു വയസ്സുകാരിയായ കല്ല്യാണിയിലേക്ക് തിരിയുന്നത് വക്രബുദ്ധിയായ കൂട്ടുകാരന്‍ ഗോവിന്ദനില്‍ കൂടിയാണ്. പഞ്ചുമേനോന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ആ ബന്ധം നടക്കുന്നു. ചന്തയില്‍ കന്നാലിയെ വാങ്ങുന്ന രീതിയില്‍ നടക്കുന്ന ഈ ബന്ധം ഏര്‍പ്പാടിനെ ഇതിനേക്കാള്‍ നന്നായി ഹാസ്യവത്കരിക്കാന്‍ പറ്റും എന്നു തോന്നുന്നില്ല. സംബന്ധം നടന്നത് ശീനുപട്ടരുടെ മകള്‍ കല്ല്യാണിയെ ആണെങ്കിലും. സൂരി നമ്പൂതിരി സംബന്ധം ചെയ്ത് മൂര്‍ക്കില്ലത്തേക്ക് കൊണ്ടുപോയത് ഇന്ദുലേഖയെയാണ് എന്ന് പ്രചരിപ്പിക്കാനും വിശ്വസിപ്പിക്കാനും ഗോവിന്ദന്റെ വക്രബുദ്ധിക്ക് കഴിഞ്ഞു.
ഉദ്യോഗം ലഭിച്ച് ഇന്ദുലേഖയെ മദ്രാസ്സിലേക്ക് കൊണ്ടുപോകാന്‍ വരുന്ന മാധവന്‍ നാട്ടുകാരില്‍ നിന്നും വിശ്വസ്തരില്‍ നിന്നും കേള്‍ക്കുന്നത് ഇന്ദുലേഖയെ സൂരിനമ്പൂതിരി സംബന്ധം ചെയ്ത് കൊണ്ടുപോയി എന്നാണ്. മറ്റൊന്നും ആലോചിക്കാന്‍ നില്ക്കാതെ മദ്രാസ്സിലേക്ക് തിരിച്ചുപോയി ദേശസഞ്ചാരത്തിന് പോകുന്ന മാധവന്‍ ബോംബെ കല്‍ക്കട്ട തുടങ്ങിയ നഗരങ്ങളില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടയില്‍ പരിചയപ്പെടുന്ന കോടീശ്വരരായ വാണിജ്യകുടുംബത്തേയും കേരളത്തിലെ ജന്മിപണക്കാരേയും സ്വഭാവത്തിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും സഹവര്‍ത്തിത്തത്തിലും താരതമ്യപഠനം ചന്തുമേനോന്‍ നടത്തുന്നുണ്ട് ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റത്തിന്റെ ചെറിയ ഒരു ചിത്രം ഈ താരതമ്യത്തില്‍ നിന്ന് ലഭ്യമാണ്.
ഇന്ദുലേഖയെ കൊണ്ടുപോകാന്‍ വരുന്നു എന്ന് കത്തയച്ചിട്ടും വരുന്നത് കാണാതായ മാധവനെ അച്ഛന്‍ ഗോവിന്ദപ്പണിക്കരും ഗോവിന്ദമേനവനും തോടിപ്പോവുകയും മദ്രാസ്സില്‍ നിന്ന് മേലുദ്യേഗസ്ഥനായ സായിപ്പില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ബോംബെയില്‍ വച്ച് കല്‍ക്കത്ത വാണിക്കുകളുടെ സഹായത്തോടെ കണ്ടുമുട്ടിയപ്പോള്‍ നടക്കുന്ന സംവാദമാണ് ആദ്യം വിവരിച്ചത്. നാട്ടില്‍ തിരിച്ചെത്തി മാധവന്‍ ഇന്ദുലേഖയെ വിവാഹം ചെയ്ത് മദ്രാസ്സിലേക്ക് കൊണ്ടുപോകുന്നതോടുകൂടി കഥ അവസാനിക്കുന്നു.
![]() |
ഇ . എം എസ. |
കേരളത്തിലെ സവര്‍ണ്ണ സമുദായത്തിലെ ദുഷ് ചെയ്തികളെ കുറിച്ചാണ് കഥയെങ്കിലും സ്ത്രീശാക്തീകരണത്തിന്റേയും സ്ത്രീകള്‍ക്കും സമൂഹത്തിന്ന് മൊത്തത്തിലും ആധുനിക വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകത നേവലില്‍ ബോധ്യപ്പടുത്തുന്നുണ്ട്. ഇന്ദുലേഖയ്ക്ക് ശേഷം നവോത്ഥാന കാല്പനിക കാലഘട്ടത്തില്‍ ആശാന്റേയും മറ്റും സാഹിത്യസമൂഹ്യ ഇടപെടലുകള്‍ക്ക് ശേഷംമാണ് വി.ടി പ്രേംജി, ഇഎംഎസ് തുടങ്ങിയവര്‍ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ശ്രമത്തില്‍ അടുക്കളയില്‍ നിന്ന് അരങ്ങതത്തേക്കും മറ്റും അവതരിപ്പിക്കുന്നത്.
ജന്മി, നാടുവാഴി ഭൂപ്രഭുത്വം നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ അതിശക്തമായി ഭൂപ്രഭുത്വത്തിന്റെ ചെയ്തികളെ വിമര്‍ശിക്കുന്നതിന് അസാമാന്യമായൊരു കരളുറപ്പ് ആവശ്യമാണ്. മലബാര്‍ ബ്രിട്ടീഷ് ഭരണത്തിലായിരുന്നതു കൊണ്ട് അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ ഭയപ്പെട്ടിരുന്നു എന്നതും നേരാണ്. എന്തുതന്നെയായാലും ജനങ്ങള്‍ ഈ നോവലിനെ നന്നായി സ്വീകരിച്ചു.
നവോത്ഥാന കാല്പനിക കാലഘട്ടം കഴിഞ്ഞ് പുരോഗമന സാഹിത്യ പ്രസ്ഥാനം, ആധുനികവും, അത്യാധുനികവും, ഉത്തരാധുനിക കാലഘട്ടത്തില്‍ എത്തി നില്ക്കുമ്പോഴും സൂരിനമ്പൂതിരിമാര്‍ എണ്ണത്തിവ് വളരെ കൂടുതലാണ് ദ്രവ്യസ്ഥര്‍, പേശിബലക്കാര്‍, അധികാരസ്വാധീനക്കാര്‍, കപടര്‍, വശീകരണക്കാര്‍ എന്നിങ്ങനെയായി സൂരിനമ്പൂതിരിയുടെ മുഖം മാറിയിരിക്കുകയാണ്. അവര്‍ക്ക് സൗമയും ജയഗീതയും എല്ലാം ഒരുപോലെയാണ്. അച്ഛനേയും, അമ്മയേയും പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പെണ്‍കുഞ്ഞുങ്ങള്‍ ജീവിക്കുന്നത് സ്ത്രീകളുടെ സംഘടിതശക്തിക്ക് മാത്രമേ ഇതിന് മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. പൊങ്കാലയില്‍ പങ്കെടുക്കുന്ന സ്ത്രീകളില്‍ ഒരു ശതമാനം മനസ്സുവച്ച് സംഘടിച്ചാല്‍ ഈ ദുസ്ഥിതിക്ക് വളരെ പെട്ടന് ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.
------------------------------