മുടിയഴിച്ചുലയുന്ന മകരമഞ്ഞ്





ജൂലിയറ്റ്.കെ

ഫ്യൂഡല്‍ ജീവിതത്തിന്റെ അഹങ്കാര വിജൃംഭിതവും സുഖ ലോലുപത്വവും  സ്വേച്ഛാധിപത്യ പരവുമായ നീതിബോധവും സങ്കലിച്ച വരേണ്യ ജീവിത പരിസരത്തുനിന്ന് രവിവര്‍മ്മയെന്ന കലാകാരനെ ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തിന്റെ ഒരു ഭാഗമാക്കി അപവര്‍ഗ്ഗ വല്‍കരിച്ചു വെന്ന ജനാധിപത്യപരമായ പ്രക്രിയയാണ് ‘മകരമഞ്ഞ്’ എന്ന സിനിമയിലൂടെ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കുന്നത്. രവിവര്‍മ്മ ചിത്രങ്ങളുടെ സൂക്ഷ്മത, ശില്‍പ ഭംഗി, വശ്യമനോഹാരിത ഇവയെല്ലാം ഓരോ ഫ്രെയിമിലും ഒരുക്കി വെച്ച് രവി വര്‍മ്മയെന്ന ചിത്രകാരനെ മനോഹരമായി, ഏറ്റവും ഉദാത്ത മായിതന്നെ മകരമഞ്ഞില്‍ ലെനിന്‍ രാജേന്ദ്രന്‍ പോര്‍ട്രേറ്റ് ചെയ്തിട്ടുണ്ട്. രാജ്യ വാഴ്ചയുടെ സുഗന്ധ പൂരിതമായ സമതല ഭൂമിയില്‍നിന്ന് രവിവര്‍മ്മയെ മണ്ണും ചെളിയും നിറഞ്ഞ  ചതുപ്പു നിലങ്ങളിലേക്ക് പിടിച്ചിറക്കികൊണ്ടുവന്നു. ചുറ്റും കണ്ട വേശ്യകളും തെരുവ് സ്ത്രീകളും രവിവര്‍മ്മയുടെ ക്യാന്‍വാസില്‍ ദൈവങ്ങളും അപ്സരസ്സ് കളുമായി തീര്‍ന്നു.  മഹാന്മാരായ    കവികളും ഇതിഹാസ കര്‍ത്താക്കളും തങ്ങളുടെ ക്ളാസ്സിക് രചനയില്‍ വരഞ്ഞെടുത്ത ഐശ്വര്യ ദേവതകളുടേയും അപ്സരസ്സുകളുടേയും പ്രതിരൂപങ്ങള്‍ ദേവദാസികളിലും വേശ്യകളിലും അദ്ദേഹം ദര്‍ശനം ചെയ്തു. ദൈവങ്ങളെ കൊട്ടരത്തിന്റെ അകത്തളങ്ങളിലല്ല, തെരുവിലാണ്, പച്ച മനുഷ്യരിലാണ് രവിവര്‍മ്മ കണ്ടെത്തിയത്. രവി വര്‍മ്മതമ്പുരാനെ ഇങ്ങനെ അപവര്‍ഗ്ഗവല്‍കരിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് പ്രചോദനവും ഊര്‍ജ്ജവുമായ പെണ്ണുടലുകള്‍ ഉള്‍ച്ചേര്‍ന്ന, തികച്ചും മാസ്മരികമായ ഒരു വസന്തോത്സവം സിനിമ പ്രേക്ഷകനു നല്‍കുന്നു.  കൈത്തഴക്കമാര്‍ന്ന ഒരു ശില്‍പിയുടെ കരുത്തും പാടവവും ലെനിന്‍ രാജേന്ദ്രന്റെ ഓരോ ഫ്രെയിമിലുമുണ്ട്.
രാജാരവിവര്‍മ്മ 
മുല്ലപ്പൂവിന്റെ നൈര്‍മല്യവും സുഗന്ധവുമുള്ള ഒരു കൌമാര കൌതുകത്തെ ക്യാന്‍വാസില്‍ വശ്യ മനോഹരമായി പെയിന്റ് ചെയ്തപ്പോള്‍ രവിവര്‍മ്മയ്ക്കു കിട്ടിയത്  ഔന്നത്യമുള്ള പുരസ്കാരങ്ങള്‍. അദ്ദേഹത്തിനുവേണ്ടി കൊട്ടാരത്തില്‍ ആഘോഷത്തിമിര്‍പ്പുകളും   വിരുന്നു സര്‍ക്കാരങ്ങളും നടക്കുന്നു.  എന്നാല്‍ രവിവര്‍മ്മയുടെ ക്യാന്‍വാസിന് ജീവന്‍ പകര്‍ന്ന കീഴ് ജാതിക്കാരിയായ  പെണ്‍കുട്ടിയെ കൊട്ടരനീതി കൊലയ്ക്കുകൊടുക്കുന്നു. മരണത്തിന്റെ മണം രവിവര്‍മ്മയുടെ മനസ്സിനെ തകിടം മറിക്കുന്നു, ഹൃദയത്തില്‍ നിന്ന് ചോരയിറ്റുവീഴുന്നു. അധമമായ നീതി ബോധത്തിനുനേരെ ഇറ്റിറ്റുവീഴുന്ന വിശുദ്ധ രക്തം. സമ്മാനിതനായ രവിവര്‍മ്മയുടെ അടുത്തേക്ക് രാഗാര്‍ത്തയായി ഓടിയെത്തുന്ന തന്റെ ഭാര്യയോട് മുല്ലപ്പൂ  ചൂടിയ പെണ്‍കുട്ടിയുടെ ആത്മ വിശുദ്ധിയെക്കുറിച്ചും കൊട്ടരനീതിയുടെ ക്രൂരത യെക്കുറിച്ചും അദ്ദേഹം ക്ഷുഭിതനാവുന്നുണ്ട്. കൊട്ടാരത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അധികാരത്തെ, നീതിബോധത്തെ തകര്‍ക്കുന്ന എന്തിനെയും തച്ചുതകര്‍ക്കും. കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ കീഴാള പെണ്ണിന് ഇടമേയില്ല. അവര്‍ അവളെ ഇല്ലായ്മ തന്നെ ചെയ്യും. നിറംകൊണ്ടു കറുപ്പും തന്റെ കലകൊണ്ട് സവര്‍ണ്ണ മൂല്യാധിപത്യങ്ങളെ തകര്‍ക്കാനും |ശ്രമിച്ച രവിവര്‍മ്മ തീര്‍ത്തും ബഹിഷ്കൃത നായിരുന്നു. ലോകത്തിനു മുന്നില്‍ ഏറ്റവും മഹാനായ കലാകാരനെന്ന് കീര്‍ത്തിനേടവെ ജന്മ  ഭൂമിയില്‍ തികച്ചും ഭ്രഷ്ടന്‍. ലോകത്തിലുള്ള എല്ലാ മഹാന്മാരായ   കലാകാരന്മാരും  ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഛൌ രമ  ആയിരുന്നല്ലോ.

അപഹാസിതനായ, മുറിവേറ്റ രവിവര്‍മ്മ കൊട്ടാരത്തെ ബഹിഷ്ക്കരിക്കുന്നു. യാത്രകള്‍ അലച്ചിലുകള്‍! കലാകാരന്റെ ജീവിതം എപ്പോഴും പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നു.  ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍, നിറങ്ങള്‍ എല്ലാം കലാകാരന് പുതിയ ഇടങ്ങളും പ്രചോദനങ്ങളും നല്‍കുന്നു.  അയാള്‍ കൂടുതല്‍ വരച്ചു കൊണ്ടിരിക്കുന്നു. ചിത്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കൂട്ടിനൊരു കച്ചവട മാന്ത്രികന്‍. അവര്‍ ഒരു ലിത്തോഗ്രാഫിക്ക് പ്രസ്സ് തുടങ്ങുന്നു. കച്ചവടക്കാരന് വിപണിയിലാണ് താല്‍പര്യം. വിപണിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ലാഭമാണ് പ്രധാനം. രവിവര്‍മ്മ ചിത്രങ്ങള്‍ പ്രിന്റു ചെയ്ത് വലിയ വിപണിതന്നെ ആരംഭിച്ചു. തെരുവുപെണ്ണുങ്ങളുടെ മുഖങ്ങളില്‍ രവിവര്‍മ്മ സരസ്വതീ ദേവിയുടെ രൂപം ദര്‍ശിച്ചു. പൂജാമുറികളില്‍ സരസ്വതീ ദേവിയുടെ പ്രതിരൂപമായി ദേവദാസികളുടെ ചിത്രങ്ങള്‍ തൂങ്ങിയാടി. യഥാര്‍ത്ഥ ദൈവാന്വേഷണം രവിവര്‍മ്മയെ തെരുവിലാണെത്തിച്ചത്. ദേവദാസികളും വേശ്യകളുമാണ് രവിവര്‍മ്മയുടെ ചിത്രങ്ങളെന്ന് കുശുകുശ്പ്പ് ഉയര്‍ന്നു വന്നു. കച്ചവട പ്രമാണികളുടെ കുന്ത്രങ്ങള്‍ക്കുമുന്നില്‍ വഴങ്ങാനാവാതെ വിപണിക്കും പണത്തിനുമുപരി ആത്മാവിഷ്ക്കാരത്തിനുവേണ്ടി, സന്ധിചെയ്യാത്ത കലയുടെ ഔന്നത്യത്തിനുവേണ്ടി പോരാടുന്ന രവിവര്‍മ്മയുടെ പാത്രചിത്രീകരണം പ്രേക്ഷകന്റെ മനസ്സില്‍ കൂടുതല്‍ തിളക്കമാര്‍ന്നു നില്‍ക്കുന്നു.
ഉര്‍വ്വശിയും പുരൂരവസ്സും എന്ന ചിത്രത്തെ അടിസ്ഥാനമാക്കി രവിവര്‍മ്മയുടെ ജീവിതത്തെ സിനിമയുടെ ക്യാന്‍വാസില്‍ ഒരുക്കിയെടുക്കുകയാണ് ലെനിന്‍ രാജേന്ദ്രന്‍. നാം ഇതുവരെ കാണാത്ത രവിവര്‍മ്മയുടെ ജീവിതം, അദ്ദേഹം തുറന്നിട്ട സൌന്ദര്യാത്മകമായ പുതിയ അന്വേഷണങ്ങള്‍, രവിവര്‍മ്മയുടെ മോഡല്‍ ആയിരുന്ന അഞ്ജലി ഭായിയുടെ ജീവിതവും, അദ്ദേഹവുമായുണ്ടായിരുന്ന വിശുദ്ധബന്ധവും ദൃശ്യമനോഹാരിതയോടെ ഈ സിനിമയില്‍ ഇതള്‍ വിരിഞ്ഞു. ദര്‍ശനോമുഖമായ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ മാനവികമായ പുതിയ ചില തലങ്ങള്‍, ആത്മാഭിമാനം തുളുമ്പുന്ന പെണ്ണുടലുകള്‍ ഒക്കെ ചേര്‍ന്ന് സിനിമയുടെ ഓരോ ഫ്രെയിമും സ്വപ്ന സദൃശ്യവും കൂടുതല്‍ അര്‍ത്ഥവത്തുമാകുന്നു. ഉര്‍വ്വശിയും പുരുരവസ്സും പോലെ രവിവര്‍മ്മയും അഞ്ജിലി ഭായിയും! ഉടലുകളുടെ അഭിനിവേശങ്ങള്‍, ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങള്‍, വിപണിയുടെ കുതന്ത്രങ്ങള്‍ രാജാധികാരത്തിന്റെ അധാര്‍മികമായ നീതിബോധങ്ങള്‍, കലാകാരന്റെ ആത്മ സംഘര്‍ഷങ്ങള്‍ അങ്ങനെ രവി വര്‍മ്മയെന്ന കലാകാരനെ സമഗ്രമായി അന്വേഷിക്കുകയാണ് മകരമഞ്ഞ്. പുരാണത്തിലെ ഉര്‍വ്വശിയുടെയും പുരൂരവസ്സിന്റെയും കഥ രവിവര്‍മ്മയുടേയും മോഡലായ അഞ്ജലി ഭായിയുടെയും ജീവിതം തന്നെയാണ്. അഞ്ജലി ഭായി ഉര്‍വ്വശിയായും രാജരവി വര്‍മ്മ പുരുരവസ്സുമായും രൂപാന്തരപ്പെടുന്നു. പുരൂരവസ്സിനെ പോലെ ഒരു കുറ്റവും ചെയ്യാതെ വേട്ടയാടപ്പെടുന്നവാനാണ് രവിവര്‍മ്മയും.  അധികാരത്തിന്റെ വിലക്കുകള്‍ നല്‍കിയ അസ്വാതന്ത്യ്രത്തിന്റെ ചങ്ങലയില്‍ കുരുങ്ങി തന്റെ പ്രണയത്തെ പരിപൂര്‍ണ്ണതയില്‍ ആവിഷ്ക്കരി ക്കാനാവാത്ത ഉര്‍വ്വശിയും അഞ്ജലി ഭായിയും ഓരോ ജനുസ്സില്‍പ്പെട്ട വര്‍തന്നെ.

സ്വര്‍ഗ്ഗലോകത്തുനിന്ന് ഇറങ്ങിവന്ന ഉര്‍വ്വശിയുടെ, ചാരുതയാര്‍ന്ന രവിവര്‍മ്മ പെയിന്റിംഗ് പോലെ തന്നെ, ലെനിന്‍ രാജേന്ദ്രന്‍ കാസ്റു ചെയ്ത ഉര്‍വ്വശിയും അഞ്ജലി ഭായിയും, അഴകും ആകാരവടിവും, ആത്മാഭിമാനം വിളംബരം ചെയ്യുന്ന ശരീരഭാഷ പ്രകടിപ്പിക്കുന്ന കുരുത്തറ്റ ഒരു പെണ്‍ ഇമേജായി കാഴ്ചക്കാരനിലേക്ക് സംക്രമിക്കുന്നു. കമ്പോള മസാലകള്‍ക്കുവേണ്ടിയുള്ള പെണ്‍ നഗ്നതയുടെ പ്രദര്‍ശനമല്ല ഏറ്റവും ഉദാത്തവും ആഘോഷനിര്‍ഭരവുമായ പെണ്ണുടലുകളുടെ സ്വാഭാവികവും അനര്‍ഗളവുമായ ആവിഷ്ക്കാരമാണ് സിനിമയില്‍ നിര്‍വ്വഹിക്കപ്പെടുന്നത്. സ്വന്തം ശരീരത്തിന്റെ സ്വയം നിര്‍ണ്ണയ അവകാശത്തെക്കുറിച്ചും, തന്റെ ചോദനകളെ നൈസര്‍ഗ്ഗികമായി ആവിഷ്ക്കരിക്കാന്‍ ഉതകും വിധം പെണ്ണുടലുകളുടെ ഒരുക്കവും, മെരുക്കവും അഴകും ഒപ്പിയെടുത്ത കുരുത്തുറ്റ ശില്‍പ്പചാതുരി ലെനിന്‍ രാജേന്ദ്രന്‍ ഓരോ ഫ്രെയിമിലും കാണാം.  ഡയലോഗുകളില്‍ അഭിരമിക്കാതെ ഇമേജുകളുടെ ധ്വന്യാത്മകമായ സന്നിവേശം കൊണ്ട് സിനിമയെന്ന മാധ്യമത്തെ കൂടുതല്‍  ശക്തമാക്കുന്നു മകരമഞ്ഞ്.

ലെനിന്‍ രാജേന്ദ്രന്‍ 
സൌന്ദര്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് മനുഷ്യരാശിയുടെ സാംസ്കാരികമായി സമുന്നതി തന്നെയാണ് എല്ലാ കലകളിലും നിര്‍വ്വഹിക്കപ്പെടുന്നത്. തന്റെ ക്യാന്‍വാസില്‍ സൂക്ഷ്മമായ സൌന്ദര്യത്തിന്റെ (ടൌയഹശാല മിറ ലഹൌശ്െല യലമൌ്യ) ആവിഷ്ക്കാരമാണ് രവിവര്‍മ്മ നിര്‍വ്വഹിച്ചതെങ്കില്‍ ആ കലാകാരനെ ആവിഷ്ക്കരിക്കുമ്പോള്‍ എല്ലാ  സൌന്ദര്യ ലഹരികളെയും തന്റെ സിനിമാ ഫ്രെയിമിലേക്ക് ആകര്‍ഷിക്കുക എന്ന വെല്ലുവിളി ലെനിന്‍ രാജേന്ദ്രന്‍ ഏറ്റെടുക്കുകയും, വിജയകരായി നിര്‍വ്വഹിക്കുകയും ചെയ്യുന്നുണ്ട് ഈ സിനിമയില്‍. തന്റെ ചിത്രങ്ങള്‍ക്കുവേണ്ട കോസ്റ്യൂം രവി വര്‍മ്മതന്നെയാണ് തിരഞ്ഞെടുത്തിരുന്നത്.  19-ആം  നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും വരയ്ക്കപ്പെട്ട രവി വര്‍മ്മ ചിത്രങ്ങളില്‍ ആധുനികരായ സ്ത്രീകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സാരിയും ബ്ളൌസ്സും നമുക്കു കാണാനാവും. കേരളത്തിലോ ഇന്ത്യയിലെ മറ്റ് ഇതര പ്രദേശങ്ങളിലോ ഇത്തരത്തിലുള്ള സാരിയോ ബ്ളൌസ്സോ ആരും ഉപയോഗിച്ചിരുന്നില്ലെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. കേരള സ്ത്രീകള്‍ റൌക്കയാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീകളെ വരയ്ക്കുമ്പോള്‍ ദൃശ്യ വശ്യതയ്ക്കുവേണ്ടി സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍   ചെയ്യുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. ഒരു കലാസൃഷ്ടിയുടെ പരി പൂര്‍ണ്ണതയ്ക്കുവേണ്ടി, ലാവണ്യ മനോഹാരിതയ്ക്കുവേണ്ടി എന്തു ത്യാഗവും കഷ്ടപ്പാടും ഏറ്റെടുക്കാന്‍ രവി വര്‍മ്മ തയ്യാറാണ്. സൌന്ദര്യാരാധകനും, അതിന്റെ സ്രഷ്ടാവുമായ രവി വര്‍മ്മയുടെ ജീവിതത്തെ, കലാ സപര്യകളെ ക്യാമറ കണ്ണില്‍ അതീവഹൃദ്യമായി ഒപ്പിയെടുക്കുന്നതില്‍ ലെനില്‍ രാജേന്ദ്രന്‍ തീര്‍ച്ചയായും വിജയിച്ചിട്ടുണ്ട്.

ആണ്‍ കാഴ്ചകളുടെ ആഘോഷമെന്ന നിലയില്‍ സ്ത്രീ നഗ്നത ലെനിന്‍ രാജേന്ദ്രന്‍ ഉപയോഗിച്ചുവെന്ന്  ആരോപിക്കുന്നവരുണ്ടാകും. എന്നാല്‍ സ്ത്രീ സൌന്ദര്യത്തിന്റെ ശക്തിയും, സ്നേഹവും പ്രണയവും ആവിഷ്ക്കരിക്കുന്നതിന്റെ ഹര്ഷോന്മാദവും,  അഭിമാനവുമാണ് ലെനിന്‍ രാജേന്ദ്രന്‍ ചിത്രീകരിച്ച സ്ത്രീകളില്‍ നമുക്കു കാണാനാവുക. നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പാപവും കുറ്റകരവുമാണെന്ന മൃദു താലിബാനിസം സ്ത്രീ വിമോചന പക്ഷക്കാരിലും വേരുറച്ചുപോയ ഒരു ധാരണയാണെന്ന് തോന്നുന്നു. ശരീരമാസകലം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് പട്ടുസാരിയുടുത്തു നില്‍ക്കുന്ന  നമ്മുടെ കല്യാണ പെണ്ണുങ്ങളും, സ്വര്‍ണ്ണ കടക്കാരുടെ മോഡലുകളുമാണ് യഥാര്‍ത്ഥത്തില്‍ അശ്ളീലം പ്രദര്‍ശിപ്പിക്കുന്നത്. മനുഷ്യന്റെ / പെണ്ണിന്റെ നഗ്നത എങ്ങനെയാണ് അശ്ളീലമാകുന്നത്. ചുരിദാറിന്റെ സ്ളിറ്റ് ഒന്നിറക്കിവെട്ടിയാല്‍ ക്ളാസ്സിനു പുറത്തു നിര്‍ത്തുകയും, അത്യൂഷ്ണകാലത്ത് കഴുത്ത് ഇറുക്കി തയിച്ച കോളറിട്ട പെണ്‍കുട്ടി മാന്യമായി വസ്ത്രം ധരിച്ച വളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന  നമ്മള്‍ എന്താണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. സ്വന്തം ശരീരത്തെ പുച്ഛത്തോടെയും, അവജ്ഞയോടെയും നോക്കി കാണാനാണോ?  അവള്‍ക്ക് എങ്ങനെയാണ് ആത്മാഭിമാനത്തോടെ സ്വയം ആവിഷ്ക്കരിക്കാനാവുക. ? പെണ്ണിന് സവിശേഷമായ അംഗലാവണ്യവും ആകാരവടിവുകളുമുണ്ട്. അവ ആണിനെക്കാള്‍ സുന്ദരവും ആകര്‍ഷകവുമാണ്.  ഇത്തരം അംശങ്ങള്‍ സിനിമയുടെ പ്രത്യേകിച്ച് രവി വര്‍മ്മയെന്ന സൌന്ദര്യാരാധകനായ കലാകാരനെ ചിത്രീകരിക്കുന്നതിനുവേണ്ടി തന്റെ സിനിമാ ഫ്രെയിമുകളില്‍ ആവിഷ്ക്കരിച്ചത്  അനൌചിത്യമായി തോന്നുന്നത് സൈദ്ധാന്തിക ഭാരത്തിന്റെ മുന്‍വിധി വെച്ച് സിനിമ കാണുന്നതുകൊണ്ടാണ്.

രവി വര്‍മ്മയും തന്റെ മോഡലായ അഞ്ജലി ഭായിയും തമ്മില്‍ പൂരുരവസ്സും ഉര്‍വ്വശിയുമെന്നപോലെ തീവ്രമായ പ്രണയവും അഭിനിവേശവും നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം പുരൂരവസ്സും ഉര്‍വ്വശിയും എന്ന ചിത്രത്തിന്റെ പണി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.  പ്രണയപരവശനായ രവി വര്‍മ്മ വിപണി ആകര്‍ഷിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ വരയ്ക്കുന്നില്ല. പോട്രേറ്റ് ചെയ്ത് പുരാണ കഥാപാത്രങ്ങള്‍ക്ക് തെരുവു സ്ത്രീകളുടെ മുഖമാണെന്ന ശത്രുക്കളുടെ ആരോപണവുമുണ്ട്. ഇതെല്ലാം രവി വര്‍മ്മയുടെ പാര്‍ട്ടണര്‍റായ വ്യവസായ പ്രമുഖനെ കോപാക്രാന്തനാക്കുന്നു. അയാള്‍ മോഡലിനെ വിലക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.  തന്റെ മോഡലായ അഞ്ജലി ഭായി അരികിലില്ലെങ്കില്‍ പുരൂരുവസ്സും ഉര്‍വ്വശിയും എന്ന ചിത്രം പൂര്‍ത്തീ കരിക്കാനാവില്ലെന്ന് രവി വര്‍മ്മ ശഠിച്ചു. പുരൂരവസ്സിന്റെ നഗ്നത കാണുന്ന നിമിഷം പ്രണയം അവസാനിപ്പിച്ച് സ്വര്‍ഗ്ഗ ത്തിലെത്തണമെന്ന ദേവ ലോകാധികാരത്തിന്റെ കല്‍പ്പനയും, രവി വര്‍മ്മയുടെ പ്രണയ ഭാജനമായ മോഡലിന് രവി വര്‍മ്മയെ കാണാന്‍ പാടില്ലെന്ന് വിലക്കുന്ന കമ്പോളാധീശാധികാരവും യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്. പുരൂരവസ്സും ഉര്‍വ്വശിയും, രവി വര്‍മ്മയും മോഡലും തങ്ങളുടെ പ്രണയവും, ജീവിതവും, കലാഭിരുചികളും ആവിഷ്ക രിക്കാനാവാതെ അധികാരത്തിന്റെ കുതന്ത്രങ്ങളില്‍പെട്ട്  വെന്തു നീറുന്ന ഭീതിതമായ കാഴ്ച യിലേക്കാണ് പ്രേക്ഷകര്‍ ചെന്നെത്തുന്നത്. ദേവ ലോകത്തിന്റെ ഗൂഡാലോചനയുടെ ഫലമായി ഉര്‍വ്വശി.യും പുരൂരവസ്സും വഞ്ചിക്കപ്പെട്ട് ഇടിമിന്നലില്‍ നഗ്നത ദര്‍ശിച്ച ഉര്‍വ്വശി തകര്‍ന്ന ഹൃദയത്തോടെ  ആകാശഗമനം നടത്തുന്ന ദൃശ്യത്തില്‍ സിനിമ അവസാനിക്കുമ്പോള്‍ മോഡലായ അഞ്ജലിയും രവി വര്‍മ്മയും തമ്മിലുള്ള ബന്ധവും  ആധിപത്യ ശക്തികളുടെ ഇടപെടല്‍ നിമിത്തം തകര്‍ന്നുപോകുന്നുവെന്ന ധ്വനിപാഠം പ്രേക്ഷകനിലേക്ക് ലാവണ്യശാസ്ത്ര മികവോടെ                ( ഋമവെേലശേര ഇൃമള) സന്നിവേശിപ്പിക്കാന്‍ ലെനിന്‍ രാജേന്ദ്രന് കഴിയുന്നുണ്ട്. മലയാള സിനിമാലോകത്തിന്റെ ഋതു പകര്‍ച്ചകളിലേക്ക് ഇനിയും സര്‍ഗ്ഗവസന്തങ്ങള്‍ ഈ മകരമഞ്ഞിലലിഞ്ഞ് പുഴയായി ഒഴുകട്ടെ !