എഡിറ്റോറിയൽ


തിരസ്ക്കാരത്തിന്റെ തേങ്ങലുകൾ


അഗ്നിപരീക്ഷണങ്ങളെ ആത്മസമർപ്പണം കൊണ്ട്‌ അതിജീവിച്ച്‌ ജീവിതം സാർത്ഥകമാക്കുന്ന മഹാത്മാക്കൾ,നേട്ടങ്ങൾ കൈപ്പറ്റി വാങ്ങിയ ചെറിയ മനുഷ്യരാൽ തന്നെ തിരസ്ക്ക രിക്കപ്പെടുമ്പോൾ, അതിന്റെ വ്യഥയറിയാൻ ഒരമ്മയെങ്കിലും ഉണ്ടാകും. രാഷ്ട്ര മനസ്സാക്ഷിയും മാനവീക മൂല്യങ്ങളും വറ്റാത്ത ഉറവയായി പ്രവഹിക്കുന്ന രാഷ്ട്രത്തിന്റെ അമ്മ, ഭാരതാംബ.


ശരീരനാശം അഥവാ മരണം മഹാത്മാക്കൾക്ക്‌ നേരമ്പോക്ക്‌, മാർട്ടിൻ ലൂതർ കിംഗ്‌ വധിക്കപ്പെട്ടു സ്വർഗ്ഗം പൂകിയപ്പോൾ അവിടെയുണ്ടായിരുന്ന ഗാന്ധിജി പറഞ്ഞു,“ നമ്മളൊക്കെ വധിക്കപ്പെട്ടു എന്നാണു ` ഘാതകർ ധരിക്കുന്നത്‌. അതാണ്‌ തമാശ. മഹാത്മാക്കൾ വധിക്കപ്പെടുമ്പോൾ മനസ്താപം അനുയായികൾക്കാണ്‌. മഹാത്മാക്കൾക്കല്ല. ആയുധശക്തിക്ക്‌ ശരീരത്തെ വധിക്കാനേ ആകൂ. ഗീത വായിച്ചാലും ഇല്ലെങ്കിലും ശരീരനാശത്തിൽ മഹാത്മാക്കൾ ദുഃഖിക്കില്ല. ദേഹമല്ല, ദേഹി പ്രദാനം ചെയ്യുന്ന ആശയവും സംസ്ക്കാരവുമാണ്‌ പ്രധാനം.”


ഗാന്ധിജി 


ഭയപ്പെടേണ്ടത്‌ ശരീര വിനാശത്തെയല്ല, ആശയ ധ്വംസനത്തെയാണ്‌. വ്യാസൻ മുതൽ ശ്രീനാരായണഗുരു അടക്ക മുള്ളവർക്ക്‌ മാനസിക സംഘട്ടനങ്ങളും , വേദനകളും ഉണ്ടായി രുന്നിരിക്കാം. അത്തരം ഏകാന്ത പഥികരുടെ പരമവ്യഥ മനുഷ്യ ചരിത്രത്തിന്റെ ഇടനാഴികളിൽ മാറ്റൊലി കൊള്ളുന്നുണ്ട്‌. വ്യാസന്റെ ഉല്ക്ഷിപ്ത ഹസ്തമായ ആക്രന്ദന ത്തിന്റെ മറ്റൊരു രൂപമാണ്‌ കുരിശിൽ നിന്ന്‌ കുഞ്ഞാടുകൾക്ക്‌ വേണ്ടി കണ്ണീർ വീഴ്ത്തിയ ക്രിസ്തുദേവൻ. ബുദ്ധഭിക്ഷുക്കളുടെ കലഹം ഹിംസാത്മകമായി അന്തരീക്ഷ മലിനീകരണം നടത്തിയ അശാന്തിയിലാണ്‌ ഗൗതമബുദ്ധൻ നിർവ്വാണ മടഞ്ഞത്‌. ജീവിതകാലം മുഴുവൻ പ്രസാദ ധീരതകളുടെ മൂർത്തീരൂപമായി വർത്തിച്ച ഗാന്ധിജി കൊല ചെയ്യപ്പെടും മുമ്പ്‌ തന്നെ മരണ ദേവതയെ പ്രാർത്ഥിച്ചിരിക്കാം. ശ്രീ നാരായണ ഗുരുദേവന്‌ സംഭവിച്ചത്‌ ശാരീരിക ധ്വംസനമല്ല, ദർശന തിരസ്ക്കാരമാണ്‌. 


ധനം, ജനം, ബൗദ്ധികതലം അത്യുന്നതങ്ങളിലെ സ്വാധീനം, ആജ്ഞാ ശേഷി, എല്ലാം കൊണ്ടും സമ്പന്നമായ സഭകളിൽ അഭാവം ക്രിസ്തുവിന്റെ ഹൃദയവും, ദർശനവും കഴുവിലേറ്റിയ ബറാബറസ്സിനേക്കാൾ അപരാധികൾ, ഹൃദയത്തിൽ ക്രിസ്തുവില്ലാതെ ക്രിസ്തു ദർശനത്തിന്‌ മേലെ സ്വാർത്ഥതയുടെ കപട ചാരം പുതപ്പിച്ച്‌ അനുയായികൾ എന്ന്‌ മേനി നടിച്ച്‌ നടക്കുന്നവരാണ്‌. (എവിടേയും എപ്പോഴും നല്ല അനുയായികൾ അപൂർവ്വ മായുണ്ടായേക്കാം., കേവല ദുർബല ന്യൂനപക്ഷം)

ഗോട്സെ 
സാമ്രാജ്യ ശക്തികളിൽ നിന്ന്‌ രാഷ്ട്രീയപരമാധികാരം പിടിച്ചു വാങ്ങുമ്പോൾ സിംഹാസനം മോഹിക്കാത്ത അർദ്ധനഗ്നനായ ഫക്കീർ. അധികാര ക്കസേരകൾ ലക്ഷ്യമിട്ട്‌ മതനാമത്തിൽ ഹൃദയവും തലയും വേർപെടുത്തി ചോരപ്പുഴയൊരുക്കിയ അനുയായികളാണ്‌,  നേരെ നിന്ന്‌ നെഞ്ചിനു നേരെ വെടിയുതിർത്ത ഗോഡ്സയേക്കാൾ അപരാധികൾ എന്നു ചിന്തിക്കുന്നതും വിരോധാഭാസമല്ല. സാമ്രാജ്യത്വ വിരുദ്ധതയ്ക്കെതിരെ ആത്മാഭിമാനം ഉണർത്തിയ ഗാന്ധി മനസ്സ്   ഇന്നത്തെ സാമ്രാജ്യാഭാസ വേലകളിൽ അഭിരമിക്കുന്ന സ്വന്തം രാഷ്ട്രത്തേയും പ്രസ്ഥാന ത്തേയുമോർത്ത്‌ ലജ്ജി ക്കുന്നുണ്ടാവണം.



ആദിശങ്കരൻ ദര്‍ശന പ്രചാരണത്തിന് വേണ്ടി  നിരവധി മഠങ്ങൾ സ്ഥാപിച്ചു. അവിടെയൊന്നും അദ്ദേഹത്തെ കാണാന്‍ പ്രയാസം. മഠങ്ങൾ ഒരു വഴിക്കു പോകുന്നു, ശങ്കരാചാര്യരെ കാണാൻ വേറെ വഴിക്ക്‌ പോകണം.

വരേണ്യ പൗരോഹിത്യ വിരുദ്ധ ദർശനാടിത്തറയിലാണ്‌ ഗുരുദേവൻ ക്ഷേത്രങ്ങൾ സ്ഥാപിച്ചത്‌. വ്യാപാര വ്യവസായ രാഷ്ട്രീയ ഭരണതലങ്ങളിലെ ഏത്‌ വിക്രമിക്കും, അഴിമതിയിൽ കുളിച്ച്‌ ആസനത്തിൽ ആലു കിളിർത്ത മന്ത്രിമാർക്കും ശ്രീനാരായണ ക്ഷേത്രങ്ങളിൽ അഗണ്യമായ സ്ഥാനമുണ്ട്‌. പൗരോഹിത്യ വരേണ്ണ്യ  ഭീകരതയെ , ശാന്തമായ അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ നേരിട്ട്,  ധീര ഗർജ്ജനം നടത്തിയ ഗുരുദേവന്റെ നാട്ടിൽ ക്ഷേത്രങ്ങളിന്നും യാഥാസ്ഥിതിക - തന്ത്രാധിഷ്ഠിത ശൈലിയിൽ. കേരളീയ ക്ഷേത്രങ്ങളില്‍   ആത്മീയത അന്യമാകുന്നുണ്ട്, ഭക്തിയും, ഭീതിയും, വിശ്വാസവും കച്ചവടം ചെയ്യുന്നുമുണ്ട്.  ശ്രീനാരായണ ധർമ്മം പരിപാലിക്കുന്ന സംഘങ്ങൾ എന്ന അനുയായി വൃന്ദങ്ങൾ, ഗുരുവിൽ പ്രത്യക്ഷമായിരുന്ന പരമ സ്നേഹമോ, സഹിഷ്ണുതയോ, വിശാലതയോ ഇല്ലാതെ സങ്കുചിത ചിന്തകളും , അധികാര കിടമത്സരങ്ങളും ജാത്യാഭിമാനവും വളർത്തി നാശം ലക്ഷ്യമാക്കി കുഴഞ്ഞു കാലിടറി നീങ്ങുന്നു .ആത്മീയാ ന്വേഷണത്തിനും സമൂഹ തിന്മകളിൽ നിന്നു  ഹൃദയമ ലിനീകരണത്തിനും വേണ്ടി സ്ഥാപിച്ച സംന്യാസി സംഘങ്ങൾ , ത്യജിക്കേണ്ടതിനു പകരം പിടിച്ചു പറിക്കാനുള്ള വ്യഗ്രതയിൽ മുഴുകിയതും സന്യാസി സമൂഹത്തിന്‌ തന്നെ കളങ്കമായതും ചരിത്രം.


ശ്രീനാരായണഗുരു 

മഹാത്മാക്കൾക്ക്‌ ചുറ്റും അനുയായികൾ കൂടും. സാഷ്ടാംഗം നമസ്ക്കരിക്കും. ഇളിച്ച്‌ കാണിക്കും, കാണിക്ക കൊണ്ട്‌ പൊതിയും. കാര്യ ലാഭാന്തരത്തിൽ കാലു മാറിച്ചവുട്ടി , കൂരായണ പറയുമ്പോൾ , മഹാത്മാക്കൾക്ക്‌ തിരിച്ചറിവുണ്ടാകുന്നു. അനുയായികള്‍  പൂജിച്ചത്‌ തങ്ങളുടെ നിഴലിനെയാണെന്ന്‌ തിരിച്ചറിയുന്ന  മുഹൂർത്ത ത്തിലായിരിക്കും  മഹാത്മാക്കൾ ജീവിത സങ്കീർണ്ണതകളുടെ കറുത്ത പാഠങ്ങൾ വായിച്ചറിയുന്നത്. അറിവിന്റെയും, അറിവു കേടിന്റേയും, അനന്തമായ ആകാശം വിസ്മയകരമായി നോക്കുന്നത്‌. അജ്ഞതയുടെ അപരിമേയമായ അഗാധ തലങ്ങളെ വീണ്ടും അന്വേഷണ വിധേയ മാക്കേണ്ടതാണെന്നു  തിരിച്ചറിയുന്നതും .

തങ്ങളെ  വ്യാപാരത്തിന്റെ “ട്രേഡ്‌ മാർക്ക്‌ ”ആക്കി മാർക്കറ്റ്‌ ചെയ്യുമ്പോൾ , മഹാത്മാക്കൾ ആഘോ ഷിക്കപ്പെടുകയാണ്‌, കൊണ്ടാടപ്പെടുകയാണ്‌, ആചരിക്കപ്പെടുന്നില്ല. ആവശ്യത്തിനുപയോഗിച്ച്‌ അണ്ടിപോലെ ചവച്ചു തുപ്പി, അധമമായി സ്വകാര്യമായി അഹങ്കരിക്കുന്നു. യാതൊരു മനസ്സാ ക്ഷിക്കുത്തുമില്ലാതെ.

സാമ്രാജ്യത്വ ഭീമന്മാർ അധിനിവേശത്തിന്റെ അശ്വമേധം നടത്തുന്ന ഈ വേളകളില്‍  സ്വയം ചതഞ്ഞരഞ്ഞ്‌ പോകാതിരിക്കാൻ മഹാത്മാക്കളുടെ  ജീവിതപാഠം മറിച്ചു നോക്കേണ്ടി വരും. അവർ നാടിന്റെ മനസ്സാക്ഷിയാണ്‌. തിരസ്ക്കരിക്കപ്പെട്ടവർ തന്നെ, തിരസ്ക്കരിക്കുന്നവർക്ക്‌ തുണയാകുമ്പോൾ ഈ മൂല്യബോധ ധ്വംസനങ്ങളിൽ രാഷ്ട്രമാതാവ്‌ നിശബ്ദമായി തെങ്ങലടിക്കുന്നുണ്ട് . ഗതികേടുകളുടെ നടുവിൽ കിടന്ന്‌ നട്ടം തിരിയുന്നവർക്ക്‌ , കടന്ന്‌ വന്ന വഴികളിലേക്ക്‌ തിരിഞ്ഞ്‌ നോക്കാനാവാതെ വരുമ്പോള്‍  സ്വാർത്ഥ മോഹങ്ങൾ ക്കടിമകളായെന്ന്‌ വരാം.  രാഷ്ട്ര മാതാവിന്റെ മനസ്സാക്ഷിയുടെ തേങ്ങലുകള്‍ അവര്‍ കേള്‍ക്കതിരിക്കുമോ ? മനസ്സാക്ഷി യുണ്ടെങ്കിൽ അത്‌ കുത്തിനോവിക്കാതിരിക്കുമോ?