![]() |
മഹാകവി വള്ളത്തോൾ |
അല്ലിന്റെയന്തിമയാമത്തേഘോഷിച്ചു

രാത്രി തൻ പോക്കെത്രത്തോളമായെന്നതു
പാർത്തറിയുന്നതിനെന്നപോലെ
നൽച്ചെന്തലപ്പാവുള്ളത്തല പൊക്കിനി-
ന്നുച്ചത്തിൽക്കൂകിനാർ കുക്കുടങ്ങൾ
ചിക്കെന്നുണർന്നെഴുന്നേറ്റുഷസ്സെന്നവൾ
ശുക്രനാം കൈവിളക്കേന്തീയെത്തി
നാനാവിഹംഗമനാദമാം കങ്കണ-
ക്വാണമോടംബരശാലയിങ്കൽ
ഇന്നലെ രാവുപയോഗിച്ച പൂക്കളാ-
കുന്ന താരങ്ങളടിച്ചുവാരി
താവൽക്കസ്തൂരിച്ചാറാക്കിയ വാർത്തിങ്കൾ-
ത്തൂവെള്ളിക്കിണ്ണവും ദൂരെ മാറ്റി,
വെൺകുളിർ ന്നീരാൽത്തളിച്ചു പുരോഭുവി
കുങ്കുമലേപവുമാചരിച്ചാൾ
ആ വേലക്കാരിതൻ നിശ്വാസം പോലവേ
പൂവിൻ മണവുമായ് വീശി തെന്നൽ
ബ്രഹ്മാണ്ഡ ഹർമ്മ്യത്തിൻ മേൽത്തട്ടും കീഴ്ത്തട്ടും
നിർമ്മലമായി വിളങ്ങി മേന്മേൽ
ഇപ്പടി നൂറുനൂറായിരം ഹർമ്മ്യ-
ങളെപ്പോഴും പുത്തനായ് വെച്ചുപോറ്റി
ഒപ്പമതുകളിലൊക്കെ വിളയാടു-
മപ്പരാശക്തിക്കു കൂപ്പുക നാം......