കടല്‍


ദിവ്യ

 

ഒരു കടല്‍ പോലെ ----
നിന്നില്‍ തിരയടിച്ച്,
നുര പതഞ്ഞു,
കദനങ്ങള്‍ നെഞ്ചിലേറ്റി,
തന്നില്‍ വീണടിയുന്ന
നോവ്‌ കലക്കി ഉപ്പായ്-
നിന്‍ അന്നത്തിലലിഞ്ഞപ്പോള്‍
ഒരു നുള്ള് കല്ലുപ്പായ്
നിന്‍  ജീവതന്തുവില്‍
വീണ്ടുമലിഞ്ഞപ്പോള്‍
ഞാന്‍ വെറും കടലമ്മ മാത്രമല്ല ;

കടലിനറിയാം..
നിനക്കൊരു പ്രണയമുണ്ടെന്ന്...
നേര്‍ത്ത വിരലില്‍ പൂഴിപടര്‍ത്തി
നീ പണ്ട്,
കുനിഞ്ഞെഴുതിയ  പേരില്‍ നോക്കി
പ്രണയ പരവശയായതും
അലയായ്‌ വന്നു ഞാന്‍ മായ്ച്ച മാത്രയില്‍
നിന്നില്‍ വിരഹ മേഘം പരന്നതും
ഈ കടലിനറിയാം..

മനം മടുത്തോരാ കൂരിരുട്ടില്‍
മതില് പണിയാത്ത കടല്‍ തീരത്ത്
തുണിയുരിഞ്ഞു,
നീണ്ട കിതപ്പിന്റെ
ഒടുവില്‍
നിന്‍റെ വിലപേശല്‍ കണ്ടു
മനം മടുക്കുന്ന
പഴയ കാമുകനാകാനും
ഈ കടലിനറിയാം...

അനക്കമറ്റ നിശീഥിനി
നിനക്ക് തണല് തന്നപ്പോള്‍
തിരയൊടുങ്ങാത്ത
കടല്‍:;
ഞാന്‍ നിനക്കത്താണിയായി
എന്‍ നേര്‍ത്ത സംഗീതം
നിനക്കുറക്ക്‌ പാട്ടായി...
നിലാവില്‍ എന്‍റെ പൂഴികൈകലാല്‍ പൊതിഞ്ഞു
നിന്നെ സനാധനാക്കാനും
ഈ കടലിനറിയാം...

കടലിനറിയാം
ഒരു ജന്മത്തിലെ മാറാലകള്‍ 
കഴുകിയൊടുവില്‍
നിന്‍റെ നിരാശയുടെ പിതൃത്വം
എന്നില്‍ അടിച്ചേല്‍പ്പിച്
എന്‍റെ വിരി മാറില്‍ നീ
തല തല്ലി അടിഞ്ഞപ്പോള്‍
ഒരു മൂക സാക്ഷിയായ് രാവു പുലര്‍ത്താനും
ഈ കടലിനറിയാം...

പലവട്ടമായി ഈ തിരയില്‍ തിമര്‍ത്തു ,
കടലിനു നേരെ ചൂളം വിളിച്ചു,
മണലില്‍ കുളിച്
കണ്ണ് കലക്കിയ യൌവനം മറന്നു...
ഏതോ ജീവിത സായന്തനത്തില്‍
തിരയൊടുങ്ങി,
സ്വപ്‌നങ്ങള്‍ അഴിച് വച്ച്,
കണ്ണീരു കുതിര്‍ന്നു,
ഒടുവില്‍ വെന്തു തീര്‍ന്ന ചിതയുടെ
പരിസമാപ്തി...
ആഗ്രഹം, ദുരാഗ്രഹം, വെറുപ്പ്‌, വിദ്വേഷം
സ്നേഹ വാത്സല്യം, കരുണ, ത്യാഗം
ഒരുപിടി ചാരത്തില്‍ ഒടുങ്ങിയപ്പോള്‍
ചിതാഭസ്മമായ്
ഈ കടലിന്റെ ഉള്ളറകളില്‍ നീ 
മോക്ഷപ്രാപ്തി തിരഞ്ഞു....
വീണ്ടും നിന്‍റെ അസ്ഥിമജ്ജയുടെ
അകക്കാമ്പില്‍ ഉപ്പായ് അലിഞ്ഞു...
ഒരു മനുഷ്യരാശിയുടെ രുചിയില്‍
ഉപ്പു കല്ലായ് വീണ്ടും ഉടഞ്ഞു തീരാനും
ഈ കടലിനറിയാം

പണ്ടോരുപാട്  പ്രണയിച്ച കരയുടെ
ജല്‍പ്പനങ്ങള്‍ ഏറ്റു വാങ്ങി
മരിച്ച വീഴാന്‍ പോയ ധരിത്രിയുടെ
ഇടനെഞ്ഞു തകരുന്ന കണ്ടു
ഉള്ളിലെ ചതുപ്പിനും ചുഴിയ്ക്കും
മൂര്‍ച്ച കൂട്ടി,
ആയുധങ്ങള്‍ വലിച്ചു കെട്ടി
പോരിനായ് പുറപ്പെട്ട
ബലിഷ്ടമാമുടല്‍;ഈ കടല്‍
ഒരു ബ്രിഹത് സംസ്കാരത്തെ
ആക്രമിച് തകര്‍ത്തുടച്ച
എത്രയോ ധനുഷ്കോടികള്‍
വീണ്ടും നിശ്ചലം...

എങ്കിലും,
ഒരു നുള്ള് കല്ലുപ്പായ്
നിന്‍  ജീവതന്തുവില്‍
വീണ്ടുമലിഞ്ഞപ്പോള്‍
ഓര്‍ക്കുക നിങ്ങള്‍
"ഞാന്‍ വെറും കടലമ്മ മാത്രമല്ല....