വയല=നാടകം=ജീവിതം(ഓര്‍മ്മക്കുറിപ്പ്)

പ്രേം പ്രസാദ്
ബാംഗ്ലൂരില്‍ നിന്നിറങ്ങുന്ന ഒരു മലയാളം പ്രസിദ്ധീകരണത്തിന് ഡോ. വയല വാസുദേവന്‍ പിള്ളയെ ക്കുറിച്ച് ഒരു അനുസ്മരണകുറിപ്പ് അയച്ചുതരണമെന്ന്  വിളിച്ചപ്പോള്‍ ഉടനെ സമ്മതിക്കു കയായിരുന്നു. പക്ഷേ എഴുതാന്‍ തുടങ്ങിയപ്പോഴാണ് വയലസാറിനെ എങ്ങനെ അടയാള പ്പെടുത്തണമെന്ന ആശങ്കജനിക്കുന്നത്. നാടകകൃത്ത്, നാടക സംവിധായകന്‍, നാടക ഗവേഷകന്‍, നാടക അദ്ധ്യാപകന്‍, നാടക സൈദ്ധാന്തികന്‍, പൗരവകാശ പ്രവര്‍ത്തകന്‍, ഗാന്ധിയന്‍.... ഇങ്ങനെ നിരവധി മേഖലകളില്‍ വ്യാപരിച്ചിരുന്ന ആ വ്യക്തിത്വത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചാല്‍ അതൊരു ഓര്‍മ്മക്കുറിപ്പിന്റെ സ്ഥലപരിധി ലംഘിച്ച് ഒരു ദീര്‍ഘ ലേഖനമോ ഗ്രന്ഥമോ ആയിത്തീരും. അതുകൊണ്ട് അദ്ദേഹത്തിന്റെ കീഴില്‍ മൂന്ന് വര്‍ഷക്കാലം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഞാന്‍ അനുഭവിച്ചറിഞ്ഞ ഒരദ്ധ്യാപകനെന്ന നിലയിലുള്ള വയലസാറിനെ ഓര്‍മ്മിക്കാനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്. ഒരു ശിഷ്യന്റെ ഗുരുപ്രണാമം എന്ന നിലയിലാവില്ല ഈ എഴുത്തെന്ന് ആദ്യമെ പറഞ്ഞുവയ്ക്കട്ടെ.



ഒരദ്ധ്യാപകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നതിനുമുമ്പേ ഞാന്‍ അനുഭവിച്ച റിഞ്ഞിട്ടുണ്ട്. 1981ല്‍ ജനകീയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ വെച്ചു നടന്ന ഒരു തെരുവുനാടക ശില്‍പശാലയില്‍വെച്ചാണ് വയലാസാറിനെ ആദ്യമായി കേള്‍ക്കാന്‍ എനിക്ക് അവസരം ലഭിച്ചത്.  ശില്‍പ ശാലയിലെ പ്രാരംഭ പ്രഭാഷണം നടത്തുന്നത് വലയാ വാസുദേവന്‍ പിള്ളയാണെന്ന് അറിയിച്ചപ്പോള്‍ ഏതോ തീ തുപ്പുന്ന വിപ്ലവ കാരിയായിരിക്കും  അദ്ദേഹമെന്ന് കരുതാനേ അന്ന് വിപ്ലവവിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകനായ എനിക്ക് കഴിഞ്ഞുള്ളൂ. എന്നാല്‍ തൂവെള്ള ഖദര്‍ ധരിച്ച് കറുത്ത കട്ടിഫ്രെയിം ഉള്ള ഒരു കണ്ണടയും ധരിച്ച് നാടക ക്ലാസെടുക്കാന്‍ ഞങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹത്തെ പരിചയ പ്പെടുത്തിയത് നാടകയോഗം രഘുവാണ്. വയലസാറിന്റെ നാടക രംഗത്തുള്ള വലിയ സംഭാവനകളെ കുറിച്ച് പറഞ്ഞതോടൊപ്പം അദ്ദേഹം തികഞ്ഞ ഒരു ഗാന്ധിയന്‍ കൂടിയാണെന്ന് കൂട്ടി ചേര്‍ത്തപ്പോള്‍ ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടു. അന്ന് തലവെട്ടികളുടെ സാംസ്‌കാരിക സംഘടനയെന്ന് അറിയപ്പെട്ടിരുന്ന ജനകീയ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഒരു നാടകക്യാമ്പില്‍ കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നും ഏകദേശം ഒരു ദിവസം മുഴുവന്‍ യാത്രചെയ്ത് വടക്കേ അറ്റത്തുള്ള പയ്യന്നൂരില്‍ എത്തിച്ചേര്‍ന്നത് സാംസ്‌കാരിക വേദി അന്ന് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടിനോടുള്ള ആഭിമുഖ്യമായിരുന്നില്ല; മറിച്ച് ആ പ്രസ്ഥാനം അന്ന് പ്രകടിപ്പിച്ചിരുന്ന ജനകീയ നാടകാഭിമുഖ്യം തിരിച്ചറിഞ്ഞതു കൊണ്ടാണെന്ന് അദ്ദേഹം തന്നെ തന്റെ പ്രഭാഷണാരംഭത്തില്‍ സൂചിപ്പിച്ചതായി ഞാന്‍ ഓര്‍ക്കുന്നു. നാടകത്തെ സ്‌നേഹിക്കുന്നവര്‍ ആരായാലും അവരുടെ അടുത്തേക്ക് ചെന്ന് തനിക്കറിയാവുന്ന കാര്യങ്ങള്‍ സംവദിക്കാന്‍ എന്നും അദ്ദേഹം തയ്യാറായിട്ടുണ്ട്.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നതിനുശേഷമാണ് അദ്ദേഹത്തിന്റെ ക്ലാസ്സുകളുടെ ശരിയായ ആഴവും മനോഹാര്യതയും അനുഭവിച്ചറിയുന്നത്. വിശ്വനാടകവേദിയെക്കുറിച്ച് കേവലം വായിച്ചറിഞ്ഞ കാര്യങ്ങള്‍ മാത്രമല്ല അദ്ദേഹം ഞങ്ങളോട് പങ്കിട്ടിരുന്നത്. ലോകത്തെവിടെയെല്ലാം നാടകമുണ്ടോ അവിടെയെല്ലാം അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ തിയറ്റര്‍ ഫെല്ലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റോം യൂണിവേഴ്‌സിറ്റിയില്‍ നാടകം പഠിക്കാന്‍ ലഭിച്ച അസുലഭ അവസരവും പിന്നീട് ടോക്യോയിലെ മെയ്ജി സര്‍വ്വകലാശാലയിലും പാരിസ് സര്‍വ്വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായി ജോലി ചെയ്യവേ ലഭിച്ച നാടകാനുഭവങ്ങളും, അമേരിക്കയില്‍ നിന്നും ലഭിച്ച പോസ്റ്റ് ഡോക്ടറേറ്റ് ഫുള്‍ ബ്രൈറ്റ് ഫെല്ലോഷിപ്പിനെ തുടര്‍ന്ന് എന്‍വയോണ്‍മെന്റ് തിയറ്ററില്‍ പ്രയോക്താവായ റിച്ചാര്‍ഡ് ഷെഹ്നറുടെ കീഴിലുള്ള ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണകാലവും, തുടര്‍ന്ന് ലോകത്തെ വിവിധ നാടക ഫെസ്റ്റിവെല്ലുകളിലേക്കുള്ള നിരന്തര പ്രയാണങ്ങളും എല്ലാം അദ്ദേഹത്തെ ഒരു വിശ്വനാടക പൗരപദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ലോകനാടക വേദിയെ കുറിച്ച് ഇത്രമാത്രം അനുഭവൈക ജ്ഞാനമുള്ള (Emperical Knowledge) മറ്റൊരു നാടകാദ്ധ്യാപകനും മലയാള ത്തിലുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാകും. ഇന്നു ബലാരിഷ്ടത അതിജീവിച്ചു കഴിഞ്ഞിട്ടില്ലാത്ത മലയാള നാടകവേദിയുടെ ഇരുള്‍ മേഖലയിലേക്ക് വിശ്വ നാടകവേദിയുടെ തീക്ഷണ പ്രകാശമെന്തെന്ന് അനുഭവിപ്പിക്കുന്നതില്‍ അദ്ദേഹം വലിയപങ്കാണ് വഹിച്ചിട്ടുള്ളതെന്ന് കാണാവുന്നതാണ്. ജപ്പാനിലെ നാടോടി നാടകങ്ങളായ നോ, കബൂക്കി തിയറ്റര്‍, എലിസബത്തന്‍ തിയറ്റര്‍ സവിശേഷമായി ഷേക്‌സ്പിയര്‍ നാടകങ്ങള്‍, ഐറിഷ് നാടകങ്ങള്‍ പ്രത്യേകിച്ച് ജെ.എം. സിഞ്ചിന്റെ നാടകങ്ങള്‍, ബ്രക്റ്റിയന്‍ തിയറ്റര്‍ മുതല്‍ ഇങ്ങ് നമ്മുടെ കേരളത്തിലെ പാരമ്പര്യ അനുഷ്ഠാന നാടക വേദിവരെയുള്ള സമഗ്രജ്ഞാനം അദ്ദേഹത്തിന്റെ മാത്രം സവിശേഷത യായിരുന്നു. ഇവയെല്ലാം ഏറെ തെളിച്ചത്തോടെയും സംവേദനക്ഷമമായും കൈകാര്യം ചെയ്യാനുള്ള അദ്ധ്യാപകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മികവ് തൊട്ടറിഞ്ഞവരാണ് ഞങ്ങളെല്ലാം. ഡ്രമാറ്റിക്ക് ലിറ്ററേച്ചര്‍ ക്ലാസ്സുകളായിരുന്നു ഏറെ ആകര്‍ഷകം. മാക്ബത്ത് എന്ന നാടകം അതിമനോഹരമായി വ്യാഖ്യാനസഹിതം അദ്ദേഹം പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങളില്‍ വാങ്ങ്മയ ചിത്രങ്ങളുടെ അനര്‍ഗളമായ പ്രവാഹമായിരിക്കും ഫലം. ഓരോ മനസ്സുകളിലും അത്യപൂര്‍വ്വങ്ങളായ ഓരോരോ മാക്ബത്ത് നാടകങ്ങളും വിലിയു കയായിരിക്കും. സമാനമായ രീതിയിലാണ് അദ്ദേഹം സംസ്‌കൃത നാടകങ്ങളായ ശാകുന്തളവും സ്വപ്നവാസവദത്തവുമെല്ലാം കൈകാര്യം ചെയ്തിരുന്നത്. ശാങ്കുന്തളത്തിലെ കാവ്യനിര്‍ഭരമായ നാലാമങ്കവും സ്വപ്നവാസവദത്തത്തിലെ 'അന്തര്‍നാടക'വുമെല്ലാം ഇന്നും ഏറെ തെളിമയോടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

അങ്ങേയറ്റം ജനാധിപത്യപരവും സംവാദാത്മകവുമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ ക്ലാസ്സ് കൈകാര്യം ചെയ്തിരുന്നത്. തന്റെ ഓഫീസ് റൂമില്‍ വെച്ചായിരിക്കും മിക്കവാറും ക്ലാസ്സുകള്‍. നാടകകൃത്തുക്കളെക്കുറിച്ചും, നാടകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചും നിലപാടുകളുടെ അടിസ്ഥാനത്തില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളും ആശയസംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. സാധാരണ അദ്ധ്യാപകരില്‍ കാണാറുള്ള സര്‍വ്വജ്ഞരെന്ന ഈഗോ ഒരിക്കലും അദ്ദേഹം പ്രകടിപ്പിച്ചു കണ്ടിട്ടില്ല. വിരുദ്ധ അഭിപ്രായങ്ങളെ ഏറെ സഹിഷ്ണുതയോടെയാണ് അദ്ദേഹം നേരിട്ടിരുന്നത്. ഓരോ വിദ്യാര്‍ത്ഥികളെക്കുറിച്ചും അവരുടെ ശക്തിദൗര്‍ബല്യങ്ങളെകുറിച്ചും തിരിച്ചറിവുള്ള ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. ആരെയും രൂക്ഷമായി പരിഹസിക്കുകയോ അതിരുവിട്ടു പ്രശംസിക്കുകയോ അദ്ദേഹം ചെയ്യാറില്ല. വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി അംഗീകരിക്കാന്‍ യാതൊരു മടിയും അദ്ദേഹം കാണിക്കാറില്ല. വ്യക്തിപരമായ ഒരു ഉദാഹരണം ഞാനിവിടെ രേഖപ്പെടുത്തുകയാണ്. ഞാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്ന സമയത്ത് ഏറെക്കുറെ ഈ സ്ഥാപനം ഗുരുകുലസമാനമായ ഒന്നായിരുന്നു. ഈ രീതിയാണ് അവലംബിക്കേണ്ട തെന്ന വിശ്വാസ ത്തിലായിരുന്നു അവിടത്തെ ഭൂരിപക്ഷം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. ഒരുതരം അമിത വിധേയത്വത്തിന്റെ സംസ്‌ക്കാരം അവിടെ ആധിപത്യം നേടിയിരുന്നു. ഇന്റേണല്‍ അസസ്സ്‌മെന്റ് നിലനിന്നിരുന്നതിനാല്‍ ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന മാര്‍ക്കിനെ നിര്‍ണ്ണയിക്കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയുന്ന ഒരു സാഹചര്യം ഉള്ളതിനാല്‍ ഈ വിധേയത്വസംസ്‌കാരം കൂടുതല്‍ മൂര്‍ച്ചിച്ചിരുന്നു. ഇതിന്റെ ഒരു ശ്വാസംമുട്ടല്‍ എന്നെപ്പോലെ ചിലരെയെങ്കിലും ബുദ്ധിമുട്ടിച്ചിരുന്നു. നാടകം പോരാട്ടത്തിന്റെ ജനകീയരൂപംകൂടിയാണ് എന്ന് കരുതുന്നവര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യവും ജനാധിപത്യ പരവുമായ ഒരു ക്യാമ്പസ് അന്തരീക്ഷമാണ് അഭികാമ്യമെന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ ഈ ഘടനയെ വെല്ലുവിളിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ല. ഉദാഹരണത്തിന് പഠനവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങള്‍ക്കു മുമ്പ് വിദ്യാര്‍ത്ഥികള്‍ പ്രധാനാദ്ധ്യാപകരുടെ കാല്‍തൊട്ട് വന്ദിക്കുന്ന ഒരേര്‍പ്പാട് അവിടെ നിലനിന്നുപോന്നു. ഞാന്‍ ഒരു അദ്ധ്യാപകന്റെയും കാല്‍തൊട്ട് വന്ദിച്ചിട്ടില്ല. അത് എന്റെ ഒരു നിലപാടാണെന്ന് ഒരിക്കലും അദ്ദേഹത്തോട് പറയാതെ ഞാന്‍ തിരിച്ചറിഞ്ഞ ഒരു അദ്ധ്യാപകനായിരുന്നു വയലാസാര്‍. നാടകാവതരണത്തിനു മുമ്പും ശേഷവും ഊഷ്മളമായ ഒരു ഹസ്തദാനമായിരുന്നു അദ്ദേഹം എനിക്കു നല്‍കാറ്.

ഞാന്‍ അവിടെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അതിതീക്ഷണമായ സമരം അരങ്ങേറുന്നത്. പരന്ന ഒരു സിലബസ് ഉണ്ടായിരുന്നെങ്കിലും അതിനുതകുംവിധമുള്ള പ്രായോഗിക പരിശീലനത്തിനുള്ള സാധ്യതകള്‍ കുറവായിരുന്നു എന്ന വൈരുദ്ധ്യത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ സമരം തുടങ്ങുന്നത്. അന്ന് വയലസാറായിരുന്നു അസിസ്റ്റന്റ് ഡയറക്ടറും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റും സ്വാഭാവികമായും സമരപ്രതിനിധികള്‍ അതിരൂക്ഷമായി തന്നെ സാറുമായി ഏറ്റുമുട്ടിയിരുന്നു. പക്ഷെ ഏറെ അക്ഷോഭ്യനായി, ഒട്ടും വ്യക്തിപരമായ ഈഗോ പ്രശ്‌നമായി കണക്കാക്കാതെ അദ്ദേഹം അതെല്ലാം കേട്ടിരുന്നു. തീപാറുന്ന ഏറ്റുമുട്ടലിനുശേഷവും യാതൊരു വൈര്യനിര്യാതന ബുദ്ധിയുമില്ലാതെ ചിരിച്ചുകൊണ്ട് തന്നെ ഞങ്ങളെ അഭിമുഖീകരിക്കുമായിരുന്നു. ഇതൊരിക്കലും ഒരു തന്ത്രമെന്ന നിലയിലായിരുന്നില്ല. ആ മനുഷ്യനിലുള്ള ഗാന്ധീയന്‍ സ്വാധീനം അത്രമാത്രം ദീപ്തമായിരുന്നു എന്നതിന്റെ തെളിവാണ് അത്.

പല പ്രതിസന്ധി ഘട്ടങ്ങളെയും അദ്ദേഹം അതിജീവിച്ചിരുന്നതും ഒരു പക്ഷേ ഈ ഗാന്ധീയന്‍ സമചിത്തത കൊണ്ടാകാം. ഞങ്ങള്‍ വിദ്യാര്‍ത്ഥികളായിരുന്ന ഘട്ടത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുചേലഗാഥ എന്ന നാടകം ഓള്‍ ഇന്ത്യ റേഡിയോ പ്രക്ഷേപണം ചെയ്തത്. ഇത് ചില ഹൈന്ദവ മതതീവ്രവാദികളെ പ്രകോപനം കൊള്ളിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണനെ ശരിയല്ലാത്ത വിധത്തില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം. പല രീതിയിലുള്ള ഭീഷണികളെയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. മനുഷ്യസഹജമായ ഭയം അദ്ദേഹത്തെ ഗ്രസിച്ചിരുന്നുവെങ്കിലും തന്റെ നിലപാട് തറയില്‍ നിന്ന് വ്യതിചലിക്കുവാനോ കീഴടങ്ങാനോ അദ്ദേഹം തയ്യാറാകാതിരുന്നത് തീര്‍ച്ചയായും ഈ ഗാന്ധീയന്‍ സ്ഥൈര്യം ഒന്നുകൊണ്ട് മാത്രമാണ്. സമാനമായ മറ്റൊരു സംഗതി ഷാര്‍ജയില്‍ 'ശവംതീനി ഉറുമ്പുകള്‍' എന്ന നാടകം അവതരിപ്പിച്ച സംഘത്തെ ജയിലിലടച്ചപ്പോള്‍ ആ നാടകത്തിന്റെ രചിയിതാവ് ഡോ. വയലാ വാസുദേവന്‍പിള്ളയാണെന്ന് തെറ്റായി ആരോപിച്ച് അദ്ദേഹത്തിനും ആറുവര്‍ഷം തടവുശിക്ഷ വിധിച്ചു. വിദേശപര്യടനവേളകളില്‍ അദ്ദേഹത്തിന് ഷാര്‍ജ്ജ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നത് ഈ വിധി നിലനിന്നിരുന്നതുകൊണ്ടാണ്. ഇന്റര്‍പോള്‍ വഴി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നൊക്കെ പലരും ഭയപ്പെടുത്തിയെങ്കിലും അന്ന് അദ്ദേഹം അതിനെ നേരിട്ടത് 'കോമഡി ഓഫ് ദ എറര്‍' എന്ന ഷേക്‌സ്പിയര്‍ നാടകത്തിന്റെ പേരുദ്ധരിച്ചുകൊണ്ടാണ്. കാര്‍ത്തികേയന്‍ പടിയത്ത് എന്നൊരാള്‍ രചിച്ച ഈ നാടകം തന്റെ പേരില്‍ തെറ്റായി വന്നതിന്റെ ദുരന്തത്തെ കോമഡി ഓഫ് ദ എറര്‍ എന്ന മാനസിക അവസ്ഥയോടെ സ്വീകരിക്കാന്‍ കഴിഞ്ഞത് ആ മനസ്സിന്റെ വലുപ്പത്തെയാണ് സൂചിപ്പിക്കുന്നത്.

വയലാസാറിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു തീരുമാനം-വിവാഹം കഴിക്കാനുള്ള തീരുമാനമെടുക്കുന്നതും ഞങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി കളായിരിക്കുമ്പോഴാണ്. തന്റെ ആദര്‍ശാത്മക ജീവിതത്തിന് വിവാഹം ഒരു തടസ്സമാണെന്ന് കരുതി ജീവിക്കവെ സവിശേഷമായ ഒരു ജീവിത സന്ധിയില്‍ യൂണിവേഴ്‌സിറ്റിയിലെ തന്നെ ഒരു ഉദ്യോഗസ്ഥയായ വല്‍സല ചേച്ചിയുമായി ഒരു പ്രണയം പൂവിടുകയും നിറമനസ്സോടെ അത് സ്വീകരിക്കുകയും ചെയ്തു. മധ്യവയസ്സ് പിന്നിട്ടവരുടെ ഈ പ്രണയത്തെ അന്ന് ടീനേജ്ഡ് ആയ വിദ്യാര്‍ത്ഥികള്‍ക്കോ സദാചാരപോലീസ് ചമയുന്ന ചില അദ്ധ്യാപകര്‍ക്കോ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പലരും അപവാദപ്രചരണം നടത്തുകയും ചിലര്‍ നേരിട്ട് അദ്ദേഹത്തോട് കയര്‍ക്കുകപോലും ചെയ്തിട്ടുണ്ട്. ഒട്ടും പതറാതെ ധീരമായി തന്നെ തങ്ങളുടെ പ്രണയം വെളിപ്പെടുത്തുകയും നിര്‍ഭയരായി വിവാഹിതരാവുകയും ചെയ്ത് തീര്‍ച്ചയായും അവരുടെ വ്യക്തിത്വത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്ന ഒരു നടപടിയായിരുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അദ്ദേഹം വിടവാങ്ങുമ്പോള്‍ നടത്തിയ വിടവാങ്ങള്‍ പ്രസംഗം ഇവിടെ അനുബന്ധമായി ചേര്‍ക്കാവുന്നതാണ്. ഞാന്‍ വിടവാങ്ങുന്നത് ഈ പദവിയില്‍ നിന്നും മാത്രമാണ്; നാടകവേദിയില്‍ നിന്നല്ല. എന്നെ സംബന്ധിച്ചിടത്തോളം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള റിട്ടയര്‍മെന്റ് പ്രതിദിനം യൂണിവേഴ്‌സിറ്റിയിലേക്കുള്ള പോക്കു വരവ് നിന്നു വെന്നു മാത്രമാണ്. നാടക രചനയും നാടക സംവിധാനവും, അദ്ധ്യാപനവും ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഗൈഡ് എന്ന പ്രവര്‍ത്തനവുമെല്ലാം തുടരുകതന്നെ ചെയ്യും. നിരന്തരം നാടകവേദിയില്‍ തുടരുകയെന്നത് തീര്‍ച്ചയായും എന്റെ സാമൂഹ്യബാദ്ധ്യതയാണ്.

അതെ ആഗസ്റ്റ് 29 പകല്‍ 2 മണിക്ക് വയലസാര്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നതുവരെ നാടകവേദിയില്‍ സജ്ജീവമായി നിലകൊള്ളുകയായിരുന്നു. നാടകക്യാമ്പുകളുടെ ഡയറക്ടര്‍ എന്ന നിലയിലും പ്രഭാഷകന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ഗൈഡ് എന്ന നിലയിലും കേരള യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് & വിഷ്വല്‍ ആര്‍ട്‌സിന്റെ ഡയറക്ടര്‍ എന്ന നിലയിലും തന്റെ നാടകാന്വേഷണവുമായി അദ്ദേഹം മുന്നോട്ടു പോവുകയായിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തെ നമുക്ക് ഇങ്ങനെ തിരുത്താവുന്നതാണ്,  'വയലാസാര്‍ വിടവാങ്ങുന്നത് ജീവിതത്തില്‍ നിന്നും മാത്രമാണ്. നാടകവേദിയില്‍ നിന്നല്ല,  മലയാള നാടകവേദിയില്‍ നിറസാന്നിദ്ധ്യമായി എന്നും അദ്ദേഹം നിലകൊള്ളുകതന്നെ ചെയ്യും'.