![]() |
ആലൻകോട് ലീലാകൃഷ്ണൻ |
ഇടനെഞ്ചിൽ പാട്ടുള്ള
മൂലോകപ്പെരുബാണൻ
തുടി കൊട്ടിപ്പാടുന്നതു പുഴമലയാളം
"നിളയമ്മേ, കിളിയമ്മേ
തുയിലുണരേണം
പുഴ പെറ്റ നിലാപ്പെണ്ണേ തുയിലുണരേണം"
മലയായും മരമായും
വിളികൊണ്ടു പരന്നിട്ടും
വിളവായും വിത്തായും മുളപൊട്ടിനിറഞ്ഞിട്ടും
കിളികൾക്കും മനുജർക്കും മൊഴി നൽകി വളർന്നിട്ടും
മലവാരപ്പെരുദേശം
കേൾക്കാത്തൊരു മലയാളം
ചില നേരം കേട്ടിട്ടു,ണ്ടില വിരിയും താളം പോൽ
ചില നേരം
കടലലകൾ മീട്ടുന്നൊരു മൗനം പോൽ
ഇടപ്പാതിപ്പാതിര കലികൊണ്ടു കിടങ്ങുമ്പോൾ
തിരിമുറിയാപ്പെയ്ത്തിൽ വീ, ണൊരു രാപ്പൂ കരയും പോൽ
കുടകപ്പാലപ്പൂവിൻ
രതിഗന്ധം പടരുമ്പോൾ
ഒരു വെറ്റത്തളിരിൽ ഞാൻ ചുണ്ണാമ്പായ് നീറുമ്പോൾ
നിറസന്ധ്യ,ക്കിണസർപ്പം പട കൂട്ടും നിശ്വാസം
തിരിയില്ലാക്കാവിൽ
വീ,ണിടറിപ്പിടയും പോലെ
പല നേരം പുഴ നിറയെ ചെറുമീനുകൾ ചാടും പോൽ
പല രാശിയിൽ
പുഴവെള്ളം നിറഭേദം ഞൊറിയും പോൽ
പല പാടപ്പച്ചകളിൽ, പവിഴനിലാക്കതിരുകളിൽ
പതിരായും പൊരുളായും ജലകാമം നിറയും പോൽ
പുഴ പോറ്റിയ പെരുമകളിൽ പുലരുന്നൊരു
മലയാളം
പുഴ വറ്റിയ നോവുകളിൽപൊലിയുന്നൊരു മലയാളം
മഴ തോർന്നൊരു നേരത്തും
വെയിലാറിയ കാലത്തും
പഴമപ്പാണൻ മാത്രം മൊഴിയുന്നിടനെഞ്ചിൽ........