ഒരു കടലിരമ്പം നിശ്ച്ചലമാകുന്നു

അഴീക്കോട്‌

ആറു പതിറ്റാണ്ടിലേറെ സാംസ്ക്കാരികമലയാളത്തിന്റെ മനസ്സാക്ഷിയെ പ്രകോപിപ്പിച്ച  വിശ്വമാന വികതയുടേയും ധാർമ്മികമൂല്യത്തിന്റേയും സാഗര ഗർജ്ജനമായിരുന്നു സുകുമാർ അഴീക്കോടിന്റെ അന്ത്യത്തിലൂടെ നിശ്ച്ചല മായത്‌. മലയാളിയുടെ കാവ്യഭാവുകത്വ നിറഭേദങ്ങൾ, ചിന്താവിഷ്ട യായ സീത, എന്ന കുമാരനാശാന്റെ കൃതിയിലൂടെ കാവ്യകല എങ്ങിനെ വികാസ പരിണാമങ്ങളുടെ ഉയരം കീഴടക്കുന്നു എന്ന്‌ അഴീക്കോട്‌ അമ്പതു വർഷങ്ങൾക്കു മുമ്പ്‌ "ആശാന്റെ സീതാകാവ്യത്തിൽ " കുറിച്ചിടുമ്പോൾ , അതുവരെ മലയാളി അനുഭവിച്ചിട്ടില്ലാത്ത കാവ്യനിരൂപണാനുഭവമായിരുന്നു അത്‌. മറ്റൊരു കൃതിയെക്കുറിച്ചും ഒരു നിരൂപണഗ്രന്ഥം അതിനു മുമ്പ്‌ രചിക്കപ്പെട്ടിരുന്നുമില്ല.

സമാദരണീയനും, സാഹിത്യകുലപതിയും ലബ്ധപ്രതിഷ്ഠനുമായ 
"ജി ശങ്കരക്കുറുപ്പ്‌ വിമർശിക്കപ്പെടുമ്പോൾ " സാക്ഷാൽ ജി നിരായുധനായതും, 
സാഹിത്യലോകം നിസ്തബ്ധമായതും ചരിത്രമാണ്‌. 
അല നിലയ്ക്കാതെ ഗർജ്ജിക്കുന്ന ആഴിയായിരുന്നു അഴീക്കോട്‌ എന്ന നിരൂപകൻ. ലോകസഭയിലേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പിന്തുണയുള്ള
 എസ്‌.കെ. പൊറ്റേക്കാടിനെതിരെ അഴീക്കോട്‌ മത്സരിക്കുമ്പോൾ 
സാർവ്വദേശീയ മാനവികതയുടെ സന്ദേശകാവ്യമായ മർക്‌സിസം തികഞ്ഞ ഗാന്ധിയനായ അഴീക്കോടിന്‌ കല്ലുകടിയാണോ എന്നു ശങ്കിച്ചുകൊണ്ടാണ്‌ 
പുരോഗമന മലയാളി നെറ്റി ചുളിച്ചതു.

എന്നാൽ കോൺഗ്രസ്സുകാരനായി മരിക്കാനാഗ്രഹിച്ച അഴീക്കോട്‌ , അടിയന്തിരാവസ്ഥയ്ക്കു ശേഷം പറഞ്ഞു തനിക്കു മുമ്പേ കോൺഗ്രസ്സ്‌ മരിച്ചുവെന്ന്‌. വഷളനും, ആഢ്യനുമായ സൂരി നമ്പൂതിരിയുടെ മുഖത്തു നോക്കി "എന്നെക്കിട്ടില്ല, എന്റെ തോഴിയെ നോക്കിക്കോളു" എന്ന്‌ ആട്ടുന്ന ഇന്ദുലേഖ , ജന്മി- നാടുവാഴിവ്യവസ്ഥയുടേയും തൊഴിലാളി വിരുദ്ധതയുടെയും പ്രതിബിംബ മാണെന്ന്‌  പ്രഖ്യാപിക്കുമ്പോൾ അഴീക്കോടിന്റെ മാർക്സിസത്തോടുള്ള അടുപ്പം പ്രകടമാവുക യായിരുന്നു. എന്നാൽ വി.എസ്സിന്‌ സീറ്റ്‌ നിഷേധിക്കപ്പെട്ടപ്പോൾ, കേരളീയ സമൂഹത്തിന്റെ മനസ്സാക്ഷി തൊട്ടറിഞ്ഞ അദ്ദേഹം പാർട്ടിയോട്‌ ആ തീരുമാനം തിരുത്താനാവശ്യപ്പെട്ടു. പിന്നീട്‌ പാർട്ടിയുടെ ഒരു തിരഞ്ഞെടുപ്പു പരാജയാനന്തരം അതെ വി.എസ്സിന്റെ ചിരിയെ വിമർശിക്കുമ്പോൾ അഴീക്കോടിന്റെ നിർഭയത്വവും സ്വതന്ത്രചിന്തയും വീണ്ടും പ്രകടമാവുകയായിരുന്നു. അദ്ദേഹം പറഞ്ഞു, താൻ പാർട്ടിയുടെ സൂപ്പർ അഡ്‌വൈസറാണെന്ന്‌.  പ്രത്യയ ശാസ്ത്രത്തിന്റേയും, പ്രസ്ഥാന ങ്ങളുടേയും തടവറയിൽ കിടക്കാൻ കൂട്ടാക്കാത്ത വളയാത്ത നട്ടെല്ലായിരുന്നു അഴീക്കോടിനെ  കേരളീയ മനസ്സിൽ സ്ഥിരപ്രതിഷ്ഠനാക്കിയത്‌. പ്രഭാഷണകലയുടെ സോപാനങ്ങൾ കയറാൻ പ്രചോദനവും, പ്രേരണയുമായത്‌ അഴീക്കോടിലെ അടിസ്ഥാനവ്യക്തി സ്‌വത്വമായ അദ്ധ്യാപകനായിരുന്നു.

അനിതരസാധാരണനായ അദ്ധ്യാപകൻ , പണ്ഡിതപ്രവീണൻ, 
പ്രഭാഷണ കലയിലെ മഹാമേരു, 
 മലയാളിയുടെ വർത്തമാന കാല സാംസ്ക്കാരിക ബോധനിർമ്മിതിയെ ഏറ്റവും സ്വാധീനിച്ച സാംസ്ക്കാരിക നായകൻ.... നിർഭയനായ സാഹിത്യകാരൻ.....  
കേരളത്തിന്റെ മൺതരികളെ കോരിത്തരിപ്പിച്ചുകൊണ്ടാണ്‌ അഴീക്കോട്‌` ഏഴ്‌ പതിറ്റാണ്ടുകൾ നടന്നു നീങ്ങി അരങ്ങ്‌ ഒഴിഞ്ഞത്‌. 
എന്നും തനിയേ നടക്കുമ്പോൾ അദ്ദേഹം അന്യനായല്ല, ആൾക്കൂട്ടം അദ്ദേഹത്തെ  പൊതിഞ്ഞു, വാക്കുകളിലെ പൊരുളറിയാൻ. 
അക്ഷരചൈതന്യത്തിന്റെ ആൾരൂപമായ ഡോക്ടർ സുകുമാർ അഴീക്കോടിന്റെ പ്രോജ്ജ്വലസ്മരണകൾക്കു മുമ്പിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കട്ടെ. 
നമ്രശിരസ്സുകളോടെ "സാർത്ഥകത്തിന്റെ" ഈ പതിപ്പ്‌ ഡോക്ടർ സുകുമാർ അഴീക്കോടിനു ഞങ്ങൾ ആദരസമന്വിതം സമർപ്പിക്കുന്നു.