മുഹമ്മദ് വേളം
പ്രവാചകന്‍മാര്‍ സന്മാര്‍ഗത്തിന്റെ മനുഷ്യാകാരമാണ്. മനുഷ്യരായിരിക്കെത്തന്നെ ദൈവികതയെ അവര്‍ ലോകത്ത് പ്രതിനിധീകരിച്ചു. വെളിപാടിനെ സ്വീകരിച്ചുകൊണ്ടവര്‍ സത്യത്തിന്റെ പ്രതിബിംബങ്ങളായി. ദൈവികതയുടെ മനുഷ്യഗുരുക്കളാണ് പ്രവാചകന്‍മാര്‍. ഈ ഗുരുപരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് പ്രവാചകന്‍ മുഹമ്മദ് (സ).
ഇങ്ങനെയാണ് സന്മാര്‍ഗത്തെ ഉള്ളിലേറ്റുവാങ്ങി പുറത്തേക്ക് പ്രസരിപ്പിക്കാന്‍ ദൈവത്തിന്റെ സവിശേഷ അനുഗ്രഹമുണ്ടാവണം. അതുകൊണ്ട് തന്നെ അവര്‍ ഏറ്റവും ശ്രേഷ്‌ടരായ മഹത്തുക്കളാണ്. ആ മഹത്തുക്കളിലെ മഹത്തുവാണ് പ്രവാചകന്‍ മുഹമ്മദ്. പ്രവാചക പരമ്പരയെ സമ്പൂര്‍ണ്ണമാക്കിയത് അദ്ദേഹത്തിന്റെ നിയോഗമാണ്. ചരിത്രത്തെ മാറ്റിമറിച്ച ഇന്നും പ്രകമ്പനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അനുഭവമായിരുന്നു അത്.
അനാഥനായ് മുഹമ്മദ് മനുഷ്യകുലത്തിന് സാന്മാര്‍ഗികമായ സനാഥത്വം നല്‍കുകയായിരുന്നു. ആ ദരിദ്രന്‍. ലോകത്തെ ദൈവികമായ പാഠങ്ങളിലൂടെ സമ്പന്നമാക്കി. ആ പാഠങ്ങള്‍ ജനപഥങ്ങളില്‍ സംസ്‌കാരത്തിന്റെ എക്കലുകള്‍ സൃഷ്‌ടിച്ചു. വിജ്ഞാനത്തിന്റെ പ്രകാശ ഗോപുരങ്ങള്‍ കൊളുത്തിവെച്ചു. ആദര്‍ശത്തില്‍ അടിയുറച്ചുകൊണ്ടു തന്നെ ബഹുസ്വരതയുടെ രാഷ്‌ട്ര മാതൃകകള്‍ മുന്നോട്ടുവെച്ചു. സദാചാരത്തേയും പ്രണയത്തെയും സമന്വയിപ്പിച്ച് മനോഹരമായ പുതിയ വീടുകള്‍ വിരിയിച്ചു.
സത്യസന്ധതകൊണ്ടാണ് പ്രവാചകന്‍ തന്റെ ജീവിതത്തിന് അടിത്തറയിട്ടത്. `വിശ്വസ്‌തന്‍' അതായിരുന്നു നാല്‍പതുവയസ്സുവരെ മുഹമ്മദ് വിളിക്കപ്പെട്ട മറ്റൊരു പേര്. സത്യസന്ധതയുടെ മൂലധനത്തിലാണ് പ്രവാചകന്‍ ജനതയെ സത്യദീനിലേക്ക് പ്രബോധനം ചെയ്‌തത്. ``ഈ മലക്കുപിന്നില്‍ നിങ്ങളെ ആക്രമിക്കാന്‍ ഒരു സൈന്യം കാത്തുനില്‍ക്കുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ലേ'' എന്ന പ്രവാചക ചോദ്യത്തിന് മറത്തുപറയാന്‍ അവര്‍ക്കൊരു അനുഭവമില്ലായിരുന്നു. എന്നാല്‍ സാങ്കല്‍പ്പിക സൈന്യത്തെക്കുറിച്ചല്ല ജീവിതത്തിന്റെയും മരണത്തിന്റെയും ഇഹലോകത്തിന്റേയും പരലോകത്തിന്റേയും സര്‍വ്വസൈന്യാധിപനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാന്‍ ഉണ്ടായിരുന്നത്. ഞാന്‍ നിന്നെയല്ല നിഷേധിക്കുന്നത്, നീ കൊണ്ടുവന്നതിനെയാണെന്ന് കൊടിയ ശത്രുവിനു പോലും പ്രവാചകനോട് സമ്മതിക്കേണ്ടിവന്നു. സത്യസന്ധത പ്രവാചകന്റെ കൊടി അടയാളമായിരുന്നു. പ്രവാചകസന്ദേശം മനുഷ്യരോട് പറയുന്ന ഒന്നാമത്തെ കാര്യം സത്യസന്ധരാവുക, സത്യാന്വേഷികളാവുക എന്നതാണ്.
സ്‌നേഹംകൊണ്ട് പ്രവാചകന്‍ ചരിത്രത്തില്‍ സുഗന്ധം പരത്തി. നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്യാതെ തന്നെ അദ്ദേഹം എതിരാളിയെ വരെ സ്‌നേഹം കൊണ്ട് അഭിസംബോധനം ചെയ്‌തു. ഹൃദയം ഹൃദയത്തെ തൊടുന്ന സ്‌നേഹവിരുന്നായിരുന്നു പ്രവാചക പ്രബോധനം.
കാരുണ്യത്തിന്റെ തുടിക്കുന്ന ഹൃദയമായിരുന്നു പ്രവാചകന്‍. അല്ലാഹുവിന് മനുഷ്യനോടുള്ള കാരുണ്യമാണ് പ്രവാചകനിലൂടെ പൂര്‍ത്തിയാക്കപ്പെട്ടത്. പ്രവാചകനെക്കുറിച്ച ഓര്‍മ്മകള്‍ക്കുമുന്നില്‍ പുനരാവിഷ്‌ക്കരിക്കപ്പെടേണ്ടത് മനുഷ്യരോടുള്ള അതിരുകളില്ലാത്ത കാരുണ്യമാണ്. സത്യത്തിലേക്ക് മനുഷ്യനെ ക്ഷണിക്കാനുള്ള ആഹ്വാന്നത്തിന്റെ ഉറവിടം അകളങ്കിതമായ ഈ കാരുണ്യമാണ്. മനുഷ്യനോട് മാത്രമല്ല, എല്ലാ പച്ചക്കരളിനോടുമുള്ള കാരുണ്യത്തിന്റെ പാഠങ്ങള്‍ പ്രവാചകന്‍ പഠിപ്പിച്ചു. ഭൂമിയിലുള്ളവരോട് കാട്ടുന്ന കരുണയാണ് ആകാശത്തുള്ളവന്റെ കാരുണ്യത്തിന്റെ ഉപാധിയെന്ന് പകര്‍ന്നു തന്നു. ഹൃദയം ചോര്‍ന്നുപോവുന്ന ശരീരങ്ങളുടെ കാലത്ത് പ്രവാചകന്റെ മാതൃക കാരുണ്യത്തിന്റെ വറ്റാത്ത നീരുറവയാണ്. ചെറിയവരോട് കരുണകാട്ടാത്തവര്‍ക്കും വലിയവരെ ബഹുമാനിക്കാത്തവര്‍ക്കും എന്റെ അദര്‍ശത്തിനകത്ത് ഇരിപ്പിടമില്ലെന്ന് പ്രവാചകന്‍ പറഞ്ഞു നിര്‍ത്തുന്നു. ബഹുമാനം കരുണയുടെ തന്നെ മറ്റൊരു രൂപമാണ്. കാരുണ്യവും ബഹുമാനവും പ്രണയവും മനുഷ്യരെ ബന്ധങ്ങളില്‍ ചേര്‍ത്തുകോര്‍ക്കുന്ന സ്വര്‍ണ നൂലുകളാണ്.
ഉന്നതമായ എല്ലാ സ്വഭാവ ഗുണങ്ങളുടെയും പൂര്‍ത്തികരണത്തിനുവേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു മുഹമ്മദ് നബി. അത് തന്നെക്കുറിച്ച പ്രവാചകന്റെതന്നെ പരിചയപ്പെടുത്തലാണ്. അനുയായികള്‍ പ്രവാചകരില്‍ നിന്ന് കൊളുത്തിയെടുക്കേണ്ടത് ഉല്‍കൃഷ്‌ട സ്വഭാവത്തിന്റെ ഈ നക്ഷത്രശോഭയാണ്. വിശ്വാസി നല്ല സ്വഭാവംകൊണ്ട് അടയാളം വെക്കപ്പെടുന്നവനാവണം.
പ്രവാചകനെ നമുക്ക് സ്‌നേഹിക്കാതിരിക്കാനാവില്ല. പരമ യാഥാര്‍ത്ഥ്യമായ ദൈവത്തിലേക്കുള്ള വഴി വെളിച്ചമാണദ്ദേഹം. മജ്ജയും മാംസവുമുള്ള വഴിവിളക്ക്. നാം എത്തിപ്പിടിക്കാന്‍ കൊതിക്കുന്ന, ബഹുമാനിക്കുന്ന, ഉത്തമ മൂല്യങ്ങളുടെയെല്ലാം പ്രതിപുരുഷനാണദ്ദേഹം. പ്രവാചകനെ അറിയാന്‍ ശ്രമിക്കുമ്പോള്‍ അത്യഗാധമായ സ്‌നേഹം നമ്മളില്‍ നിന്നുറവപൊട്ടി അദ്ദേഹത്തിലേക്കൊഴുകും. മനുഷ്യനെക്കുറിച്ച നമ്മുടെ സ്വപ്‌നങ്ങളും സങ്കല്‍പങ്ങളും പൂത്തുപരിലസിക്കുന്ന ഒരു മനുഷ്യനെയാണ് നാമവിടെ കണ്ടുമുട്ടുക. ഇതാ മനുഷ്യന്‍ എന്ന് ആര്‍ക്കും ചൂണ്ടിപറയാവുന്ന, മാതൃകയാക്കാവുന്ന പൂര്‍ണ്ണ മനുഷ്യന്‍.
ദൈവികമായ വസന്തം അദ്ദേഹത്തിലേക്കാണ് വന്നിറങ്ങിയത്. അദ്ദേഹത്തില്‍ തന്നെയാണത് ഏറ്റവും മനോഹരമായത് പൂത്തലഞ്ഞ് സുഗന്ധം പരത്തിയത്. മനുഷ്യനിലെ ദൈവികമായ ഈ പൂമണത്തെ നമ്മളെങ്ങനെ സ്‌നേഹിക്കാതിരിക്കും. ശലഭങ്ങള്‍ പൂവിനോടെന്ന പോലെ നന്മേച്ചുക്കള്‍ പ്രവാചകനെ അനുഭവിക്കാന്‍ കൊതിക്കും. നേരില്‍ കണ്ട വിശ്വാസികള്‍ സ്വന്തം ജീവനേക്കാള്‍ ആ മഹത്തുവിനെ സ്‌നേഹിച്ചു. അതിനു മുന്നില്‍ ലോകം വിസ്‌മയ ഭരിതരായി. പ്രവാചകനോടുള്ള ആത്മബന്ധം, ഹൃദയാനുരാഗം, വിശ്വാസത്തിന്റെ പര്യായമാണ്. വിശ്വാസത്തിന്റെ തീവ്രമായ അനുഭവതലമാണ്. അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അവിഭാജ്യതയാണ്. വിശ്വാസിക്കും പ്രവാചകന്‍ മുഹമ്മദ് (സ)മിനു മിടയിലുള്ളത് സ്‌നേഹത്തിന്റെ മൃതുല മനോഹാരിതയാണ്. നിങ്ങളെ ഇത്രമേല്‍ സ്‌നേഹിച്ച ഒരു മഹാനുഭാവനെ നിങ്ങള്‍ എത്ര സ്‌നേഹിക്കുന്നുണ്ട്. പ്രവാചകനോടുള്ള സ്‌നേഹം ഹൃദയം കവിഞ്ഞ് പാടിയവരും എഴുതിയവരുമാണ് നമ്മുടെ പൂര്‍വ്വികര്‍. ബുദ്ധിയുടെ സമ്മതം കൊണ്ട് മാത്രമല്ല ഹൃദയത്തിന്റെ അനുരാഗം കൊണ്ട് കൂടിയാണ് നാം വിശ്വാസികളാവുന്നത്. വിശ്വാസികളുടെ നിത്യ അനുരാഗഭാജനമാണ്. പ്രവാചകന്‍ മുഹമ്മദ് മുസ്‌തഫ (സ).