പി.കെ.ഗോപി
നീ നിന്റെ എഴുത്തച്ഛൻ
നീ നിന്റെ ഉണർത്തച്ഛൻ
നീ നിന്റെ ദുഃഖച്ചക്ക്
തിരിക്കും കരുത്തച്ഛൻ!
കാവ്യശാരിക ശോകനാശിനി തീരത്തേതോ
ധ്യാനസാധനാ മന്ത്രമുരുവിട്ടിരിക്കുന്നു
കോടാനുകോടിത്തൂവലുരുക്കി സ്ഫുടം ചെയ്ത
നാരായമുനച്ചുണ്ടിലമൃതം തുളുമ്പുന്
നാഗനൂലുകൾ കെട്ടി നാവിന്റെ തായ്‌വേരിനെ
ചാതുർവ്വർണ്ണ്യത്തിൽ ചുറ്റിപ്പിടിച്ചു നീട്ടിത്തുപ്പി
ഭോഗമഞ്ചത്തിൻ താഴെ കോളാമ്പിവായിൽ പൂത്ത
ഭാഗധേയങ്ങൾ വാരിവിതച്ചു മുളപ്പിച്ച
പാപമുൾച്ചെടിയിലെ കയ്ക്കുന്ന നാമ്പും കൂമ്പും
ആരരിഞ്ഞാവിക്കു വച്ചരച്ചു ശുദ്ധം ചെയ്തു...
അവരീ ഭൂവിൽ തൊട്ട ഹരിശ്രീ വരശ്രീയായ്
അറിവിൻ പാരാവാര ഭാഷയായ് കുറിക്കുന്നു
ആ മാതൃഭാഷക്കെന്റെ പ്രാണന്റെ സുഗന്ധങ്ങൾ
ആ സൂര്യ ഭാവങ്ങൾക്കൊരായിരം പ്രണാമങ്ങൾ
കാലമേ , നീ വന്നെന്നെ പുണർന്നു മന്ത്രിച്ചതു
ഞാനെന്റെയാത്മാവിന്റെ നാദമായറിയുന്നു;
നീ നിന്റെ എഴുത്തച്ഛൻ
നീ നിന്റെ ഉണർത്തച്ഛൻ
നീ നിന്റെ ദുഃഖച്ചക്കു്
തിരിക്കും കരുത്തച്ഛൻ!