ഇന്ദിരാ ഗോസ്വാമി - കാലത്തോട്‌ പ്രതികരിച്ച എഴുത്തുകാരി


ആസാം ജനത അമ്മ(മാമണി) എന്ന്‌ വിളിച്ചിരുന്ന , അവരുടെ സ്വന്തം എഴുത്തുകാരി ഇന്ദിരാ ഗോസ്വാമി നവംബർ 29 നു അന്തരിച്ചു.ഒരു സ്ത്രീപക്ഷ എഴുത്തുകാരിയായിരുന്ന അവർ മനുഷ്യനെന്ന പരിഗണന ഒരിക്കലും ലഭിക്കാത്ത, അവഗണിക്കപ്പെട്ടുകിടന്നിരുന്നവർക്കു വേണ്ടി ആയിരുന്നു അധികവും എഴുതിയത്‌. സ്ത്രീകളുടേയും, കുട്ടികളുടേയും പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ച ഈ എഴുത്തുകാരി തന്നെയാണ്‌ ,തീവ്രവാദം ഭീകരതയുടെ നിഴൽ പരത്തിയ ആസാമിൽ അക്രമത്തിന്റെ ആകുലതകൾ ശ്രദ്ധയിൽ കൊണ്ടുവരാൻ എഴുതിയത്‌. ആ എഴുത്തിന്റെ കരുത്ത്‌ നിരോധിത സംഘടനയായ കൊല്ലും കൊലയുമായി നടന്നിരുന്ന "ഉൾഫ "യെ ചർച്ചയുടെ വഴിയിലേക്ക്‌ നയിക്കാനും, ചർച്ചാമേശക്കു ചുറ്റുമിരിക്കാനും പ്രേരണ നൽകി. മാമണി റൈസം ഗോസ്വാമി എന്ന തൂലികാനാമത്തിൽ അവർ രചനകൾ നടത്തി. അവരുടെ പ്രേരണയിലാണ്‌ "ഉൾഫ പീപ്പിൾസ്‌ കൺസൾട്ടീവ്‌ ഗ്രൂപ്പ്‌ എന്ന പേരിൽ ഉൾഫ ഒരു ചർച്ചാവേദി ഉണ്ടാക്കിയത്‌. രണ്ടായിരത്തിമൂന്നിൽ അതിന്റെ ഉപദേശകയായി അവർ നിയമിക്കപ്പെട്ടു. ആയിരത്തി തൊള്ളായിരത്തിനാൽപ്പത്തി രണ്ടിൽ നവംബർ പതിനാലിനു ഗുവാഹട്ടിയിൽ ഒരു യാഥാസ്ഥിതിക വൈഷ്ണവ കുടുംബത്തിൽ ജനനം. ഒരു മത പഠന അന്തരീക്ഷത്തിൽ വളർന്ന അവരുടെ ആദ്യകാല രചനകളിൽ മതാന്തരീക്ഷം പ്രകടമായിരുന്നു. ആസാം ഭാഷയിൽ ബിരിദാനന്തരബിരുദം നേടി. വിദ്ധ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആദ്യ കഥാസമാഹാരം പുറത്തിറക്കി. അപ്പോൾ തന്നെ മാധവൻ റൈസോം എന്ന ഒരു എഞ്ചിനീയറെ പരിചയപ്പെട്ടു. വിവാഹം ചെയ്തു. പതിനെട്ടു മാസത്തെ വിവാഹജീവിതം ,,,ഭർത്താവ്‌ കാറപകടത്തിൽ പെട്ടു മരണമടഞ്ഞതോടെ അവസാനിച്ചു. കടുത്ത വിഷാദരോഗത്തിന്നടിമപ്പെട്ടെങ്കിലും ഗോപാൽപുര സൈനിക സ്ക്കൂളിൽ അദ്ധ്യാപികയായി. ജോലിയിൽ പ്രവേശിച്ചു.

പിന്നീട്‌ വൃന്ദാവനിൽ പോയി രാമായണ സാഹിത്യത്തെ പറ്റി ഗവേഷണത്തിലേർപ്പെട്ടു. അവിടെ വെച്ചാണ്‌ അവരുടെ "നീല കണ്ഠ ബജ്ര" എന്ന പ്രസിദ്ധമായ നോവൽ എഴുതിയത്‌. വൃന്ദാവൻ ആണ്‌ അതിന്റെ പശ്ച്ചാത്തലവും. ആ പഠനകാലമാണ്‌ അവരുടെ പിൻകാല രചനകളിലെ സാമൂഹികവീക്ഷണം വളർത്തിയെടുത്തത്‌. പിന്നെ ഡൽഹി സർവ്വകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവിഭാഗത്തിൽ അദ്ധ്യാപികയായി ചേർന്നു, മേധാവിയായി വിരമിച്ചു. സർവ്വകലാശല അവരെ പ്രോഫസ്സർ എമിരിറെസ്‌" ആയി ആദരിച്ചു. ആസാമിലെ ബ്രാഹ്മണ വനിതകളുടെ ദയനീയജീവിതം സ്ത്രീ പക്ഷത്തു നിന്നു രചിച്ച കൃതി"ദ മോത്‌ ഈറ്റൻ ഹൗട്‌ ഓഫ്‌ ടസ്ക്കർ" ഏറെ കോളിളക്കം സൃഷ്ടിച്ചു. പിന്നീടിതു സിനിമയാക്കപ്പെട്ടു. പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രത്തിലെ മൃഗബലിക്കെതിരെ ശബ്ദിച്ച "മാൻ ഫ്രം ചിന്നമസ്ത" എന്ന നോവൽ യാഥാസ്ഥിതിക പുരോഹിത നീതിക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു. ജനമനസ്സിൽ വൻ ചലനമുണ്ടാക്കി. "രാമായണം ഫ്രം ഗംഗ ടു ബ്രഹ്മ പുത്ര" എന്ന നോവലാണ്‌ മാസ്റ്റർ പീസ്‌. മമോർ ധോറ തറോവൽ, ആഹിരോൺ, ചെനാബെർ ശ്രോത്‌, ദശരധിർ ഖോജ്‌, ഉടയഭാനു ചരിത്ര, ചിന്മസ്തർ മനുഹതോ, തുടങ്ങിയ കൃതികൾ അവരുടെ ശ്രദ്ധേയമായ രചനകളാണ്‌`

.അപൂർണ്ണമായ ആത്മകഥ എന്ന പേരിൽ ആത്മകഥയും എഴുതി. അവാർഡുകളും, പുരസ്ക്കാരങ്ങളും, ഒരെഴുത്തുകാരിയുടെ /എഴുത്തുകാരന്റെ രചനകളുടെ അളവുകോലല്ല എന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു. .എങ്കിലും അവർക്കു കിട്ടിയ അവാർഡുകൾ ചിലതിവിടെ രേഖപ്പെടു ത്തട്ടെ. സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന മതാന്തര അന്താരാഷ്ട്ര സംഘടനയായ ഇന്റർ റിലീജിയസ്‌ ആൻഡ്‌ ഇന്റർന്നാഷണൽ ഫെഡറേഷൻ ഫോർ പീസിന്റെ അമ്പാസിഡർ ഫോർ പീസ്‌ ബഹുമതി, രണ്ടായിരത്തിരണ്ടിലെ ജ്ഞാനപീഠം അവാർഡ്‌, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ്‌, ആസാം സാഹിത്യ അവാർഡ്‌, ഏഷ്യാറ്റിക്‌ സോസൈറ്റിയുടെ ഈശ്വർ ചന്ദ്ര വിദ്യാസാഗർ ഗോൾഡ്‌ പ്ലേറ്റ്‌ , പ്രിൻസിപ്പൽ പ്രിൻസ്‌ ക്ലോസ്‌ അവാർഡ്‌ എന്നിവ സ്വീകരിച്ചു. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ രാജ്യം നൽകിയ പത്മശ്രീ പുരസ്ക്കാരം നിരസിച്ചു. ഈ എഴുത്തുകാരിയുടെ ജീവിതം ദേശീയ അവാർഡ്‌ ജേതാവ്‌ ജാനു ബറുവ "വേൾഡ്‌ ഫ്രം ദി മിസ്റ്റ്‌" എന്ന പേരിൽ ചലച്ചിത്രമാക്കി. മലയാളമടക്കം ഇന്ത്യയിലെ പല ഭാഷകളിലേക്കും അവരുടെ കൃതികൾ മൊഴ്മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌.