വിചാരണ നേരിടുന്നവൾ-



ഡോ:മിനിപ്രസാദ്‌
സാഹിത്യതത്പരയും, ഉദ്യോഗസ്ഥയുമായ ഒരു സ്ത്രീയെ സമൂഹം വിചാരണ ചെയ്യുന്നതിലെ അപഹാസ്യതയാണ്‌ ചന്ദ്രമതിയുടെ "ജനകീയകോടതി" എന്ന കഥയുടെ പ്രമേയം. പ്രതി മേബിൾ സൈമൺ. അവളുടെ ഭർത്താവ്‌ മൈക്കിൾ ജോസഫാണ്‌` വാദി. അയാൾ മേബിളി നെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ച തിങ്ങനെ" മേബിൾ ധാരാളം വിചിത്ര സ്വഭാവമുള്ള ഒരു പെണ്ണാണെന്ന്‌ എനിക്കറി യാമായിരുന്നു. പുസ്തകം കയ്യിൽ കിട്ടിയാൽ പാലു തിളച്ചുപോവുന്നതു പോലും അവള റിയില്ല. എല്ലാത്തിലും അവൾക്കവളുടെ അഭിപ്രായങ്ങളും, സിദ്ധാന്തങ്ങളും ഉണ്ട്‌. സ്ത്രീകൾ ചെയ്യേ ണ്ടതായ ഒരു കാര്യത്തിലും അവൾക്ക്‌ താത്പര്യമില്ല. ചുളുങ്ങിയ കിടക്കവിരി നിവർത്തി വിരിക്കയോ, ചുവരുകൾ മാറാല കൂടാതെ സൂക്ഷിക്കുകയോ വാല്യക്കാരത്തിപ്പെണ്ണ്‌ കട്ടിലനടിയിലെ പൊടി തുടയ്ക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുകയോ ഒന്നും അവൾക്കു വയ്യ. എനിക്കിഷ്ടമുള്ള ഭക്ഷണം എന്തെന്നറിഞ്ഞ്‌ പാകപ്പെടുത്തിത്തരികവയ്യ. മേബിളിന്‌ എപ്പോഴും വായിക്കണം. അതിലേറെ സമയം ശൂന്യതയിൽ നോക്കിയിരിക്കണം. ചിലപ്പോൾ എന്തെങ്കിലുമൊക്കെ എഴുതുന്നതു കണ്ടിട്ടുണ്ടെങ്കിലും എന്നെ ഒന്നും കാണിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിൽ അവൾ പ്രഗത്ഭയാണെന്നറിയുന്നു. പക്ഷേ, കുടുംബജീവിതത്തിൽ ഒട്ടുമല്ല. ഒരു ചിക്കൻ കറിയോ സാമ്പാറോ എന്തിനേറെ ഒരു പിക്കിൾ പോലുമോ ഉണ്ടാക്കാനറിയില്ല. "ഇതാണ്‌ ആ വിചിത്രമായ കുറ്റപത്രം. ഈ പരാതി പറച്ചിലിലെ ശ്രദ്ധേയമായ കാര്യം സ്ത്രീ ചെയ്യേണ്ടതും ചെയ്യരു താത്തതുമായ കാര്യങ്ങളെപ്പറ്റി മൈക്കിൾ ജോസഫിനുള്ള കാഴ്ച്ചപ്പാടാണ്‌. ഇതു സമകാല സമൂഹത്തിന്റെ കാഴ്ച്ചപ്പാടുമാണ്‌.

മേബിളിന്റെ മനസ്സിനെ ഒരു പിടികിട്ടാപക്ഷിയായി വ്യാഖ്യാനിച്ച കോടതി അവളെ വിചാരണ ചെയ്യുന്നു. ഉത്തരം പറയുന്നതിൽ അവൾ കാണിക്കുന്ന നിശ്ചയദാർഢ്യം അവർക്കുൾ ക്കൊള്ളാനാവുന്നില്ല. ജോസഫ്‌ താൻ വിവാഹം കഴിച്ചയാളാണെന്ന ഉത്തരം കോടതിയെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. "ആത്യന്തികമായി നീയൊരു സ്ത്രീയാണെന്നറിയുക."എന്ന ഉപദേശത്തോടെയാണ്‌ വിചാരണ ആരംഭിക്കുന്നത്‌. ഒരു ഗ്യാസ്‌ സിലണ്ടറിന്റെ വിലയെത്ര? കുട്ടിയെ കടന്നൽ കുത്തിയാൽ ഉപയോഗിക്കേണ്ട മരുന്നേത്‌? അവിയലിനുപയോഗിക്കാത്ത പച്ചക്കറികളേവ? ഇങ്ങിനെ ചോദ്യങ്ങൾ തികച്ചും "ഗാർഹിക" മായിരുന്നു. എന്നിട്ടും പത്തിൽ വെറും ഒന്നര മാർക്കാണ്‌ മേബിളിനു കിട്ടിയത്‌. അവളുടെ ചുമതലാ  ബോധമില്ലായ്മയുടെ ഉത്തമ ഉദാഹരണമായിട്ടാണ്‌ ഈ പരാജയം സ്വീകരിക്കപ്പെടുന്നത്‌. ഒരു സ്ത്രീ, ഭാര്യ , അമ്മ , അവശ്യം അറിയേണ്ടതായ കാര്യങ്ങൾ മാത്രമാണ്‌` ഈ ചോദ്യങ്ങൾ. എന്നിട്ടും അതൊന്നും അറിയാത്ത അവളെ എങ്ങനെയാണ്‌` ഉത്തമപദവികളോടെ സമൂഹത്തിനു സ്വീകരിക്കാനാവുക? സ്ത്രീയെന്ന നിലയിൽ ജീവിതം അർത്ഥവത്താക്കുന്ന ഏതു പ്രവൃത്തിയാണ്‌ നീ ചെയ്തിട്ടുള്ളതെന്ന ചോദ്യത്തിന്‌ ഉദ്യോഗത്തിൽ ഡബിൾ പ്രമോഷൻ ലഭിച്ചതു അവൾ ആവേശത്തോടെ പറയുന്നു. കോടതിയാവട്ടെ ആ നേട്ടത്തിനൊരു വിലയും കൽപ്പിച്ചില്ലെന്നു മാത്രമല്ല ഭാവിയിൽ എങ്ങനെ ജീവിക്കണം എന്നൊരു നിർദ്ദേശവും നൽകുന്നു. ആ ഉപദേശം വളരെ ശ്രദ്ധാർഹമാണ്‌`. അതിങ്ങനെ--"മൈക്കിൾ ജോസഫിന്റെ ഭാര്യയായ നീ സലോമിയുടെ വെള്ളിത്താമ്പാളം നിലത്തിറക്കി മേബിൾ ജോസഫായി കഴിയുക. അവനു പ്രിയപ്പെട്ട സാമ്പാറും, കോഴിമപ്പാസും വെക്കാൻ പഠിക്കുക. അവന്റെ വസ്ത്രങ്ങളലക്കി അവന്റെ ഗൃഹം വെടിപ്പാക്കിവെച്ച്‌ അവന്റെ കുഞ്ഞിനെ ശുശ്രൂഷിച്ച്‌ നല്ല ഭാര്യയായി നല്ല അമ്മയായി നിന്റെ ജീവിതാവസാനം വരെ കഴിയാൻ ഞങ്ങൾ വിധിക്കുന്നു"
ഒരു സ്ത്രീക്ക്‌ നല്ലവൾ എന്ന വിശേഷണം ലഭിക്കാനായി എന്തൊക്കെ ആയിത്തീരണമെന്ന നിർബന്ധബുദ്ധി ഈ വാക്കുകളിൽ തെളിഞ്ഞു കാണാം . വിവാഹത്തോടെ സ്വന്തം പേരു പോലും നഷ്ടപ്പെടേണ്ടവളാണവൾ. മേബിൾ ജോസഫാവുക എന്ന നിർദ്ദേശത്തിലുള്ളത്‌ നിർബന്ധ ബുദ്ധി കലർന്ന ആ ശാഠ്യവുമാണ്‌.ഉദ്യോഗം ഹോബിയായി മാത്രം എടുക്കുക എന്ന നിർദ്ദേശം ഇത്തരം ശാഠ്യങ്ങളുടെ പൂർണ്ണതയാണ്‌. ഉദ്യോഗത്തിന്റെ വരുമാനം ജീവിത സുരക്ഷിതത്വ ത്തിനാവശ്യമാണ്‌. പക്ഷേ, അതിനായി അവൾ സമയം കളയാൻ പാടില്ല. ആത്മാർത്ഥത കുടുംബത്തോടാവും വിധം ജോലിയെ ഒരു ഹോബിയായി മാത്രം സ്വീകരിക്കുക. അവളുടെ ഉദ്യോഗം അവന്റെ ഔദാര്യം മാത്രമാണെന്നതിനു തെളിവായി ഈ നിർബന്ധബുദ്ധിയെ സ്വീകരിക്കാം
വിവാഹത്തോടെ ഏതു സ്ത്രീക്കും സ്വകാര്യതകൾ നഷ്ടപ്പെട്ടുപോകുന്നു.അവളെ പലതായി മുറിച്ച്‌ കുടുംബത്തിനു നൽകുന്നു. അവിയലിന്റെ പച്ചക്കറികളും സോപ്പുപൊടിയുടെ അളവുമായി അവളുടെ ചിന്തകൾ രൂപാന്തരപ്പെടുന്നു. അങ്ങനെ മാറാൻ കഴിയാത്തതാണ്‌` മേബിളിന്റെ പരാജയം. അവൾ സലോമിയായി മാറുന്നത്‌ അവളുടെ സാഹിത്യരചനയുടെ നേരങ്ങളിലാണ്‌. എഴുത്തിന്റെ തലത്തിൽ സ്ത്രീയും, സമൂഹവും തമ്മിലുള്ള സംഘർഷം എവിടേയും നിലനിന്നിരുന്നു. സലോമിയുടെ വെള്ളിത്താമ്പാളം താഴ്ത്തി വെപ്പിക്കുവാൻ ധൃതി കാണിക്കുന്നവർ, അവളിലെ ജ്വലിച്ചു നിൽക്കുന്ന അപരസ്വത്വത്തെ ഇല്ലായ്മ ചെയ്യാനാണ്‌` ധൃതിപ്പെടുന്നത്‌. രചനകൾ പ്രസിദ്ധീ കരിക്കുന്നതിനാൽ നിന്റെ ഭർത്താവിനും, മകനും, എന്തു പ്രയോജനമാണ്‌ ലഭിക്കുക എന്ന ചോദ്യവും ദുഷ്ടലാക്കു നിറഞ്ഞതാണ്‌. കാരണം ഒരു സ്ത്രീ ചെയ്യുന്ന പ്രവൃത്തികളത്രയും കുടുംബത്തിന്റെ പ്രയോജനം എന്ന ഏകകത്താൽ അളന്നു തിട്ട പ്പെടുത്തി യിരിക്കണം എന്ന വലിയ ശാഠ്യമാണിത്‌. ഒരലിഖിത നിയമം . രാത്രിയിൽ ഒരു കീറാകാശം കാണാനായി താൻ പുറത്തിറങ്ങി നിൽക്കുന്നു എന്ന മേബിളിന്റെ ഏറ്റുപറച്ചിലിനെ കോടതി നിഷ്‌ക്കരുണം തള്ളിക്കളയുന്നു. ഒരു കീറാകാശം ഇവിടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മാറുന്നു. നാം പുരോഗമിക്കുന്നു എന്ന ഉറച്ച പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും സ്ത്രീയോടുള്ള പൊതു സമൂഹത്തിന്റെ മനോഭാവത്തിന്‌ ഏറ്റവും നല്ല ഉദാഹരണമായി ഈ കഥ നിൽക്കുന്നു....!