കൃഷ്ണോലപ്പത്തിചെറുശ്ശേരി


അമ്മിഞ്ഞിതാരായിന്നെന്തിനിക്കമ്മയെ-
ന്നമ്മയെ നോക്കി മയങ്ങുന്നേരം
ധന്യയായുള്ള യശോദ തൻപുത്രിയായ്
മന്നിടം പൂകിനാൾ മായതാനും
കംസനെപ്പേടിച്ചുള്ളാനകദുന്ദുഭി
പൈതലെത്തന്നുടെ കയ്യിലാക്കി
അമ്പാടി തന്നിലെ പോവതിനായിക്കൊ-
ണ്ടമ്പോടു ചാലെ നടന്നനേരം
തങ്ങളേ തന്നെ തുറന്നതു കാണായി
ചങ്ങല പൂണ്ടുള്ള വാതിലെല്ലാം
വ്യഗ്രവും കൈവിട്ടു ദുർഗ്ഗവും പിന്നിട്ടു
നിർഗ്ഗമിച്ചങ്ങവൻ നിന്ന നേരം
എന്നുടെ കാന്തിയെക്കക്കുമിപ്പൈതലെ
ഖിന്നനാക്കേണമിന്നെന്നപോലെ
പാഴിടിപൂണുമക്കാർമുകിൽ വന്നിട്ടു
പാഴ്മഴ തൂകിത്തുടങ്ങീതപ്പോൾ
എന്നതുകൊണ്ടൊരു പന്നഗനായകൻ
തന്നുടെയാനനജാലകത്തെ
ഒക്കവേ ചാലപ്പരത്തി നിന്നങ്ങനെ
നല്ക്കുടയാക്കി നടന്നു മീതെ
അമ്മഴതന്നെത്തടുത്തുനിന്നീടിനാൻ
വെൺമയെപ്പൂണ്ടുല്ലോരെന്നു ഞായം
ആനകദുന്ദുഭി തന്നുടെ ചേണെഴും
പാണിയായുള്ളോരു യാനമേറി
വാരുറ്റു നിന്നൊരു വാരിദനാദമാം
ഭേരി തൻ നാദവും പൂരിച്ചെങ്ങും
വങ്കിനാവാണ്ടൊരു പന്നഗനാഥനാം
വെൺകുട തന്നെയും ചൂടിനന്നായ്
ശമ്പയായുള്ളൊരു ദീപവും സംഭാദി-
ച്ചാമ്പാടിമുന്നിട്ടുപോവതിന്നായ്
കൈതവമാണ്ടു നൽപ്പൈതലായ്മേവുമ-
ക്കൈടഭവൈരിതാൻ ചെല്ലുന്നേരം
മേളം കലർന്നാരു കാളിമപൂണ്ടുന-
ല്ലോളങ്ങളാമക്കാളിന്ദിതാൻ
നല്‍ വഴി നന്നായി നല്കിനിന്നീടിനാൾ
നല്ലവർക്കങ്ങനെ തോന്നി ഞായം