നാടകാന്തം ജീവിതം-2

വി.എന്‍ പ്രതാപന്‍                                                       രംഗം-2














കർട്ടൻ ഉയർന്ന്‌ വെളിച്ചം മങ്ങിത്തെളിഞ്ഞു വരുമ്പോൾ പുറകിൽ നിന്ന്‌
അനൗൺസ്മെന്റ്‌--:

ഈ നാടകത്തിന്റെ സംവിധായകൻ അവിടെ എവിടെയെങ്ങാനുമുണ്ടെങ്കിൽ സ്റ്റേജിന്റെ പുറകിലേക്ക് വരാൻ താല്പ്പര്യപ്പെടുന്നു. കഥാകൃത്ത്‌ താങ്കളേയും കാത്ത്‌ ഇവിടെ ഇരിപ്പാണ്‌.            ( വെളിച്ചം തെളിയുമ്പോൾ രംഗത്ത്‌ മൂന്നു കസേരകൾ-ഒന്നിൽ ഒരാൾ ( കഥാകൃത്ത്‌) ഇരിക്കുന്നു. അടുത്ത കസേരകൾ രണ്ടും ഒഴിഞ്ഞുകിടക്കുന്നു. പുറകിലെ ഡസ്ക്ക് എടുത്തുമാറ്റിയിരിക്കുന്നു. മറ്റൊരു രംഗം അതായത്‌ സ്റ്റേജിന്റെ പുറകുവശം ആകാം ഈ രംഗം.)

കഥാകൃത്ത്‌   :-
-ഞാൻ കഥാകൃത്ത്‌ -അതായത്‌ ഈ നാടകത്തിന്റെ രചയിതാവ്‌- രണ്ട്‌ കാര്യങ്ങൾ എനിക്ക്‌ സംവിധായകനിൽ നിന്നറിയേണ്ടതുണ്ട്‌. ഒന്ന്‌-എനിക്ക്‌ ഈ സൃഷ്ടി എഴുതിയതിന്റെ കാശ് തരണം. വളരെ വളരെ നൊന്തു പ്രസവിച്ചതാണ്‌ ഞാനിത്‌. ഇതിന്‌ കാശ് തന്നില്ലെങ്കിൽ ഞാൻ പട്ടിണിയിലാകും. ഇപ്പോള്‍  തന്നെ വിശന്നിട്ട് ഇരിക്കാൻ മേല. ഭൗതികമായ ഈ ആവശ്യം നിർവ്വഹിച്ചാൽ തന്നെ ആത്മീയമായ ദാഹം ബാക്കി കിടക്കുന്നു. എന്തിന്‌ ഇവനെന്റെ കഥയുടെ ആദിമദ്ധ്യാന്തങ്ങൾ വളച്ചു തിരിച്ച്‌ നാടകത്തെ നശിപ്പിച്ചെടുത്തു.
(  സംവിധായകൻ പതുങ്ങിപ്പരുങ്ങി കടന്നുവരുന്നു) .

കഥാകൃത്ത്‌: -ഹാ-നീയോ? എത്ര നേരമായി നിന്നെ ഞാൻ തിരക്കിനടക്കുന്നു. നിമിഷങ്ങൾ...മാത്രകൾ....മണിക്കൂറുകൾ.... അവസാനം നീ എത്തിയിരിക്കുന്നു. ഇരിക്ക്‌.
സംവിധായകൻ: ഇരിക്കാനല്ല ഞാൻ വന്നത്‌.
കഥാകൃത്ത്‌-എന്നാൽ നില്‍ക്ക്‌
സംവി--നില്ക്കാനല്ല ഞാൻ വന്നത്‌
കഥാ-എന്നാൽ പിന്നെ ഇരിക്ക്‌
സം-ഇരിക്കാനല്ല ഞാൻ വന്നത്‌
( പെട്ടെന്ന്‌ കസേര വലിച്ചുനീക്കി ഇരിക്കുന്നു.) 
കഥാ- എന്താ ഇത്ര തിരക്ക്‌?മറ്റു വല്ല കോളും തടഞ്ഞോ?അതും നശിപ്പിക്കണോ? തല്ക്കാലം എന്റെ കാശെടുക്ക്‌.
സംവി-ഏത്‌ കാശ്`?
കഥാ-സൃഷ്ടിയുടെ കാശ്`
സംവി- നാടക ഉടമ വരട്ടെ
കഥാ- എവിടെ പോയിരിക്കുന്നു?
സംവി-പുറത്തു പോയിരിക്കുന്നു.
കുറച്ചു കഴിഞ്ഞാൽ തിരിച്ചെത്തും.
കഥാ-ശരി, ഞാൻ കാത്തിരിക്കാം. അതു പോകട്ടെ നാടകാന്ത്യത്തിൽ നീ എന്താ കാണിച്ചത്‌? നായകൻ നായികയെ അകത്തേക്ക് വലിച്ചുകൊണ്ടു പോകുന്നു. നായിക നായകനെ ചെകിടത്തടിച്ച്‌ തള്ളി വീഴ്ത്തുന്നു. ഇതാണൊ ഞാൻ എഴുതിവെച്ചത്‌?ഇത്‌ നിനക്ക് എവിടെ നിന്നു കിട്ടി? ആരു പറഞ്ഞു ഇങ്ങിനെ മാറ്റിമറിക്കാൻ?
സംവി-ഇപ്പോഴത്തെ ട്രെന്റ് അതാണ്‌. നായകൻ വില്ലനും വില്ലൻ നായകനുമൊക്കെയാകുന്ന രൂപാന്തരങ്ങൾ.
കഥാ-പുതിയ പരീക്ഷണം  എന്റെ നെഞ്ചത്തു കേറി വേണമായിരുന്നൊ?
സംവി- നായകൻ വില്ലനും വില്ലൻ നായകനും ആരൊക്കെയാണെന്നു തിരിച്ചറിയാൻ പറ്റാത്ത ഒരു കാലം. നാടകത്തിലും ജീവിതത്തിലും അതിരുകളില്ലാത്ത ഈ ഒരു അവസ്ഥയെ അതല്ലെങ്കിൽ സ്വാതന്ത്ര്യത്തെ ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം.അവസാനം നായിക എല്ലാം നശിപ്പിച്ചു. നാടകത്തിൽ നിന്ന്‌ പുറത്തുകടന്ന്‌ നായകനെ ആക്രമിച്ചു. നായകൻ മരം വെട്ടിയിട്ടപോലെ  നിലത്ത്‌.എന്തൊരു ആന്റിക്ളൈമാക്സ്. എന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.

കഥാ-: 
ഇത്‌ കായികമേളയോ കലോൽസവമോ അല്ല. ജീവിതമാണ്‌ ഇവിടെ പന്തയം വെക്കുന്നത്‌. മൽസരിച്ചു ജയിക്കുന്നതിനു പകരം മൽസരിച്ച്‌ മരിക്കുന്ന ഒരു കാലവും ലോകവും. മൽസരം സൃഷ്ടിക്കുന്ന ശത്രുതയിൽ ഏകാന്തത വേട്ടയാടുന്ന മനുഷ്യന്റെ അടിസ്ഥാനവികാരം സ്നേഹശൂന്യതയായി മാറിമറയുന്ന കാലികദുരന്തമാണ്‌ ഞാനിതിൽ എഴുതിവെക്കാൻ ശ്രമിച്ചത്‌. ഈ മനോഭാവം മൗലികതയായി ഏറ്റു വാങ്ങുന്ന സാമൂഹ്യസാഹചര്യത്തിൽ വളരെ വളരെ പോസിറ്റീവായി കാണികളിൽ സൃഷ്ടിക്കുന്ന ഒരു നവാനുഭൂതിയോ അതല്ലെങ്കിൽ തിരിച്ചറിവോ ആയിരുന്നു എന്റെ ലക്ഷ്യം. നീ അതാകെ മാറ്റിമറിച്ചു. പോട്ടെ.ഇനിയും സൃഷ്ടികൾ -സംവിധാനങ്ങൾ -അവതരണങ്ങൾ-തല്ക്കാലം എന്റെ കാശെടുക്ക്‌.
സംവി-നാടക ഉടമ വരട്ടെ
കഥാ-എത്ര നേരമായി കാത്തിരിക്കുന്നു
സംവി-കിട്ടിക്കാണില്ല
കഥാ-എന്ത്‌?
സംവി-നാലു മുഴം കയർ-രണ്ടു മുഴം കൂടി കൂടുതൽ വാങ്ങാൻ പറയട്ടെ.(മോബൈൽ ഡയൽ ചെയ്ത് ചെവിയിൽ വെക്കുന്നു.)

                                                                    -----കർട്ടൻ----