ദൈവങ്ങൾ ഉറങ്ങുന്ന മുറി

ഡോ:ഷീബാ ദിവാകരൻ 
വീട്‌ വലിയൊരു സ്വപ്നമായിരുന്നു
കാലങ്ങളോളം
അതിലുപരി
പുറം ലോകത്തെ പുറത്താക്കി
നീണ്ടു നിവർന്നു കിടന്നു സ്വപ്നം കാണാൻ
സ്വന്തമായൊരു മുറി.
മുറിയുടെ താക്കോൽ
തിരിച്ചും മറിച്ചും നോക്കി വിസ്മയപ്പെട്ടു
കവിളിൽ വച്ച്‌ തണുപ്പറിഞ്ഞു.
അതായിരുന്നു പ്രതീക്ഷകളുടെ അങ്ങേയറ്റം
പകലുകളുടെ ബാല്യകൗമാരയൗവനങ്ങൾ
നിരന്തരം അപഹരിക്കപ്പെട്ടുകൊണ്ടേയിരുന്നു
ആത്മഹത്യ ചെയ്യാൻ നിലത്തേക്കു ചാടിയ
തുടുത്തൊരു മഴത്തുള്ളി പോലെ
ഞാൻ പലതിലേക്കായി പകുക്കപ്പെട്ടു.
പക്ഷേ
ഇരവുകൾ എന്റേതു മാത്രമായിരുന്നു
താക്കോൽക്കൂട്ടങ്ങൾക്കിടയിൽ നിന്ന്‌
ആ മുറിയുടേതു വേർതിരിച്ചെടുക്കാൻ
വെളിച്ചം വേണ്ടി വന്നു
താക്കോൽക്കൂട്ടങ്ങളുടെ പരിഹസച്ചിരി
നിശ്ശബ്ദതയിൽ അട്ടഹാസമാകുന്നു
വരാൻ പോകുന്ന വിപത്തിനെയോർത്ത്‌
പുതപ്പിനുള്ളിലേക്ക്‌ നൂഴ്‌ന്നിറങ്ങി
ഇന്നും ഞാൻ കണ്ണടച്ചു
സ്വസ്ഥതയുടെ ഒരു തനിയാവർത്തനം കൂടി.