![]() |
ടി.കെ ഗംഗാധരന്‍ |
ഉച്ചയൂണ് കഴിഞ്ഞ് ശിവന്‍ പത്രം വായിക്കാനിരുന്നു.
ഒരു
ഭീമന്‍ ഉല്‍ക്ക വീണ് ഈ ഭൂമിയാകെ നശിക്കാന്‍ പോകുന്നു എന്ന
വാര്‍ത്തയാണാദ്യം കണ്ണില്‍പെട്ടത്. ഉള്ളൊന്ന് പിടഞ്ഞു! ദൈവമേ! ജനിച്ചുവീണ ഈ
മണ്ണും അതിലെ ചരാചരങ്ങളും മഹാപ്രളയത്തില്‍ മുങ്ങിത്താഴാന്‍ പോകുകയാണോ..?
മനുഷ്യന്റെ സുന്ദരമായ സ്വപ്നങ്ങള്‍, അഹന്തകള്‍, ഭഗണാധികാരികളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍, മനുഷ്യന്‍ തീര്‍ത്ത മഹാ സംസ്കാരങ്ങള്‍, ആകപ്പാടെ ആഹ്ളാദവും കണ്ണീരും നിറഞ്ഞ ജീവിതം ഇവയൊക്കെ ശൂന്യമായിത്തീരും എന്നാണ് മഹാകാര്യം പോലെ പത്രത്തില്‍ നെടിയതും കുറിയതുമായ വാക്യങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്
മനുഷ്യന്റെ സുന്ദരമായ സ്വപ്നങ്ങള്‍, അഹന്തകള്‍, ഭഗണാധികാരികളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍, മനുഷ്യന്‍ തീര്‍ത്ത മഹാ സംസ്കാരങ്ങള്‍, ആകപ്പാടെ ആഹ്ളാദവും കണ്ണീരും നിറഞ്ഞ ജീവിതം ഇവയൊക്കെ ശൂന്യമായിത്തീരും എന്നാണ് മഹാകാര്യം പോലെ പത്രത്തില്‍ നെടിയതും കുറിയതുമായ വാക്യങ്ങളില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്
"പെണ്ണുങ്ങളുടെ പിന്നാലെ നടക്ക്ണ പുരുഷന്മാരോട് പോയി പറ ഇക്കാര്യങ്ങള്. പെണ്ണ്ങ്ങളില്ലെങ്കി ഇ ഭൂമി വെറും പാഴ്പറമ്പാണ്ന്നല്ലെ ഇന്നാളൊരു കവി എഴ്തീര്ന്നത്..?'' പെണ്‍വര്‍ഗ്ഗത്തെ താഴ്ത്തിപ്പറഞ്ഞ ഭര്‍ത്താവിനോട് ചൊടിച്ചു കൊണ്ട് ഭാര്യയുടെ മറുപടി.
"ലോകം അവസാനിക്കാന്‍ ഇനീം കൊറച്ച് ദെവസങ്ങളേ ബാക്കീള്ളൂ. അതോര്‍ത്തെങ്കിലും നീ അടങ്ങ് പര്‍വ്വതീ''
"അങ്ങനെ നേരെചൊവ്വെ കാര്യം പറ. സ്ത്രീകള്‍ടെ ചെല അവകാശങ്ങളും കെര്‍വും അസൂയയും. അത് എത്ര കൊന്നാലും തലേലെ പേന്‍ പോലെ പെരുത്തു കൊണ്ടിരിക്കും. അതറിയണോന്ന്ണ്ടെങ്കി പെണ്ണായിത്തന്നെ ജനിക്കണം.''
അങ്ങനെ ശിവനും പാര്‍വ്വതിയും തമ്മില്‍ അല്പം കുസൃതിവാക്കുകളും സൌന്ദര്യപ്പിണക്കവുമായി ഇരിക്കുനന്ന നേരത്താണ് അരിലോറിയുടെ ഹോണ്‍ കേട്ടത്.
വീടിന്റെ തൊട്ടടുത്താണ് ശിവന്റ റേഷന്‍ കട.
ഭാര്യയെ പ്രകോപിപ്പിച്ച് അവളുടെ ബാലിശമായ ശുണ്ഠിയില്‍ രസിച്ചിരുന്ന ശിവന്‍ റേഷന്‍ കടയുടെ ബദ്ധപ്പാടിലേക്ക് നടന്നു.
ആഴ്ച്ചയിലൊരു തവണയാണ് അരിലോറി വരുന്നത്. വിവിധ നിറങ്ങളിലുള്ള വട്ടക്കെട്ടു കെട്ടിയ ആറേഴ് തൊഴിലാളികളുണ്ട് ആ നാട്ടിന്‍പുറത്ത്. എല്ലാവരും കൂടി റോഡുവക്കത്ത് കുടിലും കെട്ടി, അതിനകത്തിരുന്ന് ചീട്ടുകളിയും പരദൂഷണവും.
ശിവന്‍ വന്ന് റേഷന്‍ കടയുടെ ഷട്ടര്‍ ഉയര്‍ത്തി. മസ്ദൂര്‍ സംഘം വന്ന് ഓരോ ചാക്കും തലയിലേറ്റി അകത്ത് ചിട്ടയോടെ അട്ടിയിടാന്‍ തുടങ്ങി. "ചാക്കിന് വല്ലാത്ത നാറ്റം. ആന്ധ്രയിലെവിടെയോ കിടന്ന് പുഴുത്ത അരിയാണെന്ന് തോന്നുന്നു.'' ആരോ അഭിപ്രായപ്പെട്ടു.
"ഞങ്ങടെ ഭരണം വരട്ടെ ശിവന്‍ച്ചേട്ടാ. അപ്പ നല്ല കുറുമണി അരിയായിരിക്കും റേഷന്‍ കടേല് അളക്കാന്‍ പോണത്'' മറ്റൊരു മസ്ദൂര്‍ രാഘവന്‍ പറഞ്ഞു.
"പൊള്ളവാഗ്ദാനങ്ങള്‍ അര്ത് രാഘവാ. കുറുമാണി അരി റേഷന്‍ കടേല് കൊടുക്കണോന്ന്ണ്ടെങ്കി സാക്ഷാല്‍ മഹാബലി ഒന്നുകൂടി അവതരിക്കക്ക'' ശിവന്ഡ രാഘവനെ ശുണ്ഠി പിടിപ്പിച്ചു.
"ശിവന്‍ ചേട്ടന് എപ്പഴും തമാശയാ, മസ്ദൂര്‍ സംഘത്തിന്റെ ബൈലോ അറിയാഞ്ഞിട്ടാ ശിവന്‍ ചേട്ടന്‍ ഞങ്ങളെ പുച്ഛിക്കണ്ദ്'' രാജന്‍ മസ്ദൂര്‍ സംഘത്തിന്റെ കരുത്തില്‍ വാചാലനായി. നെറ്റിയില്‍ യൂണിയന്റെ അടയാളമായ കുങ്കുമക്കുറി തൊട്ട മെലിഞ്ഞ ഒരു ചെറുപ്പക്കാരനാണ് രാജന്‍. മിടുക്കനായ ജോലിക്കാരന്‍.
ചിട്ടയോടെ ജോലി ചെയ്യുന്ന രാജനെ ശിവനിഷ്ടമാണ്. ചാക്ക് പൊട്ടാതെ അട്ടിയിടാന്‍ രാജന് നന്നായറിയാം.
രണ്ടടി തറപൊക്കമുണ്ട് ശിവന്റെ റേഷന്‍ കടയ്ക്ക്, അരിച്ചാക്ക് തലയിലേറ്റി ആ പൊക്കം ചവിട്ടിക്കയറാന്‍ ഇത്തിരി എല്ലുബലം വേണം. രാജന്‍ തലയില്‍ അരിച്ചാക്കുമായി തറയിലേക്ക് കയറുമ്പോള്‍ കാലിന്റെ തള്ളവിരലൊന്നു മടങ്ങി. അതോടെ വശം ചെരിഞ്ഞ് അയാള്‍ നിലത്തു വീണു. അരിച്ചാക്കിനടിയില്‍ പെട്ടുപോയ രാജനെ പാഞ്ഞെത്തിയ ശിവനും മറ്റു തൊഴിലാളികളും കൂടി താങ്ങിയെടുത്തു. രാജന്‍ വേദന കൊണ്ട് പുളയുകയാണ്. കഴുത്ത് വളയ്ക്കാനോ വലംകൈ അനക്കാനോ കഴിയുന്നില്ല.
"വേഗം വണ്ടി തിരിച്ച് നിര്‍ത്ത്. രാജനെ ഒടനെ നമക്ക് ആസ്പത്രീലെത്തിക്കണം'' ശിവന്‍ ടെംബോ ഡ്രൈവറോട് പറഞ്ഞു.
എല്ലാവരും കൂടി ടെംബോയിലെ അരിച്ചാക്കുകള്‍ ധൃതിയോടെ എടുത്ത് റേഷന്‍ കടയുടെ അകത്ത് നിക്ഷേപിച്ചു. അപ്പോഴേക്കും ശിവന്റെ ഭാര്യ ഒരു പായയും തലയിണയും കൊണ്ടുവന്നു. ടെംബോയില്‍ പായ വിരിച്ച് അതില്‍ രാജനെ കിടത്തി. ശിവനോടൊപ്പം എല്ലാ അട്ടിമറിക്കാരും ടെംബോയില്‍ കയറി. താലൂക്കാസ്പത്രിയിലെ മരുന്നിന്റെ ഗന്ധത്തിലേക്ക് ടെംബോ വാന്‍ കടന്നു ചെന്നു. ദീനമായി ഞരങ്ങുന്ന രാജനെ താങ്ങിയെടുത്ത് കാഷ്വാല്‍റ്റിയില്‍ കിടത്തി.
കവിളത്ത് ചെറിയൊരു അരിമ്പാറയുള്ള ചെറുപ്പക്കാരിയായ ഒരു നഴ്സ് മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളൂ.
"അരിച്ചാക്കുമായി വീണ് പരിക്കു പറ്റിയ ഒരു കേസാണിത് സിസ്ററേ. ഡോക്ടറെ വേഗം വിവരമറിയിക്കണം'' ധൃതിയാര്‍ന്ന സ്വരത്തില്‍ ശിവന്‍ ഡ്യൂട്ടി നേഴ്സിനോട് പറഞ്ഞു.
"ഇത്രേം നേരം വരെ ഡോക്ടര്‍ തിരക്കിലായിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് പത്ത് മിനിട്ട് വിശ്രമിക്കട്ടേന്നും പറഞ്ഞ് റെസ്റ് റൂമിലേക്ക് കേറീതേള്ളൂ'' ധൃതികൂട്ടിയാല്‍ കാര്യം നടക്കില്ല എന്ന മട്ടില്‍ നേഴ്സ് പറഞ്ഞു.
അത്കേട്ടപ്പോള്‍ ആ വെള്ളപ്രാവിനോട് ശിവന് വെറുപ്പ് തോന്നി. "അപകടത്തില്‍ പെട്ട് അത്യാസന്നനായി ഒരാളെ കൊണ്ടുവന്നിരിക്കുമ്പോഴാണോ നിങ്ങടെ മാമൂല്..?''
ശിവന്‍ ഡോക്ടറുടെ വിശ്രമമുറിയുടെ വാതില്‍ തുറന്ന് അകത്തേക്ക് കയറി.
ഡോക്ടര്‍ എന്തോ വായിക്കുകയായിരുന്നു.
സാരമില്ല
രോഗിയുടെ കാണപ്പെട്ട ദൈവമാണ് ഡോക്ടര്‍ ആ വിരലൊന്ന് തൊട്ടാല്‍ മതി രോഗിക്ക് ശാന്തി ലഭിക്കാന്‍.
ശിവന്‍ വിവരം പറഞ്ഞു ഡോക്ടര്‍ വേഗം സെതസ്സ്കോപ്പുമെടുത്ത് പുറത്ത് വന്നു. ഒരുപാട് നേരമെടുത്ത് രോഗിയെ പരിശോധിച്ചു. ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാനായി എല്ലാവരും കാതോര്‍ത്തു നിന്നു.
"നട്ടെല്ലും തോളെല്ലും പൊട്ടിയിട്ടുണ്ട്. എളിക്ക് ചതവേള്ളൂ. എക്സ്റേ, സ്കാന്‍, ഒരുപക്ഷേ പെട്ടന്നൊരു ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നേക്കാം. ഇതിനൊന്നും ഈ ധര്‍മ്മാസ്പത്രീല് സൌകര്യല്ല്യ. തൃപ്തിയുണ്ടെങ്കില്‍ നിങ്ങല്‍ക്ക് തൃശ്ശൂരുള്ള എവറസ്റ് ആസ്പത്രീക്ക് രോഗിയെ കൊണ്ടുപോകാം. ഞാനൊരു കത്തുതരാം'' ശിവനും മറ്റാളുകളും കേള്‍ക്കാനായി ഡോക്ടര്‍ പറഞ്ഞു.
ശിവന്‍ ഡോക്ടറുടെ കുറിപ്പടി വാങ്ങി പോക്കറ്റിലിട്ടു. ചുമടെടുക്കുന്നതിനിടയില്‍ വീണു പരിക്കുപറ്റിയ തൊഴിലാളിയാണ് രാജന്‍. അങ്ങനെയുള്ള ഒരാളെ ചികിത്സിക്കാനുള്ള ധാര്‍മിക ചുമതല എല്ലാവരുടേയുമാണ്.
"നമക്ക് ഈ വണ്ടീത്തന്നെ തൃശ്ശൂര്‍ക്ക് പോകാം. കാറോ ആംബുലന്‍സോ വിളിച്ചാല്‍ വാടക താങ്ങാനൊക്കില്ല'' ശിവന്‍ ടെംബോ ഡ്രൈവറോട് പറഞ്ഞു.
അട്ടിമറിക്കാര്‍ വണ്ടിക്കുള്ളില്‍ രാജന്റെ ദീനപ്പായക്ക് ചുറ്റു നിന്നും ഇരുന്നും യാത്ര ചെയ്യാനൊരുക്കമായിരുന്നു. ഒറ്റ വിചാരമേ അവര്‍ക്കൊള്ളൂ. രാജനെ പരിക്കില്‍ നിന്ന് രക്ഷപ്പെടുത്തണം. ഏതു യൂണിയനില്‍പ്പെട്ടവനായാലും രാജനൊരു കൂലിപ്പണിക്കാരനാണ്. അവരുടെ കൂട്ടു ജോലിക്കാരന്‍.
ആകാശം മുട്ടെ ഉയര്‍ന്നു നില്ക്കുന്ന ഒരു ഊക്കന്‍ കെട്ടിടത്തിലാണ് എവറസ്റാശുപത്രി. ലണ്ടനിലും ജര്‍മമ്മനിയിലും പഠിച്ച ഡോക്ടര്‍മാരാണവിടെയുള്ളത്. പളുങ്കു പാത്രം വീണുടഞ്ഞ പോലെ തലയോട് പൊട്ടിത്തകര്‍ന്നാലും ഏച്ചുകൂട്ടി പൂര്‍വ്വ രൂപത്തിലാക്കുന്ന ഭിഷഗ്വരരുടെ ഒരു നിരതന്നെയവിടെയുണ്ട്.
പരസ്യങ്ങളില്‍ പിന്നെയും കുറേ പെരുമകളുണ്ട്. എവറസ്റ് ആസ്പത്രിക്ക്. രാഷ്ട്രത്തിന്റെ അഭിമാനമായ ഒരു പുത്തന്‍ സ്ഥാപനം അടുത്താഴ്ച്ച പ്രധാനമന്ത്രി വന്ന് ഔപചാരികമായി ഉല്‍ഘാടനം നിര്‍വഹിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. അന്നദ്ദേഹം മാതൃഭമിയെ സ്നേഹിക്കുന്ന ഗള്‍ഫ് മലയാളികളുടെ വകയായ ആ മഹല്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കും.
കുവൈറ്റില്‍ ജോലിചെയ്യുന്ന ഏതാനും മലലയാളി വ്യവസായികളുടെ പണം കൊണ്ടാണ് ആസ്പത്രി പടുത്തുയര്‍ത്തിയിരിക്കുന്നത്. പെറ്റുവളര്‍ന്ന നാടിനോടുള്ള സ്നേഹത്തിന്റെ പ്രതീകം. ദൈവകൃപ തേടുന്ന എളിയ മനുഷ്യരുടെ ഉപഹാരം.
ബിലാത്തിയില്‍ നിന്ന് ബിരുദമെടുത്ത് വന്നിറങ്ങിയ ഒരു ഊശാന്‍താടിക്കാരന്‍ ഡോക്ടര്‍ രാജനെ പരിശോധിച്ച് എല്ലുകളുടെ ഒടിവിനെപ്പറ്റിയും ചതവിനെപ്പറ്റിയും പറഞ്ഞു.
എല്ലിന്റെ സ്പെഷലിസ്റിനെ കൂടാതെ ഞരമ്പ് രോഗ വിദഗ്ധനും വന്നു. ഇന്‍ജക്ഷന്‍ സൂചി തറഞ്ഞ് രാജന്റെ തുടകള്‍ വിങ്ങി. രക്തവും മൂത്രവും പരിശോധിച്ചു. ശരീരം സ്കാനിംഗിന് വിധേയമാക്കണം. എന്നാലല്ലേ ഓപ്പറേ,ന്‍ നടത്തേണ്ടത് എവിടെയാണെന്ന് തീരിമാനിക്കാന്‍ പറ്റൂ.
ശിവന്‍ ഓര്‍ത്തു: രാജന് ഏറ്റവും നല്ല ചികിത്സ കിട്ടണം. അവന്‍ വീണ്ടും ചുമടെടുത്ത് കുടുംബം പോറ്റണം. മാതാപിതാക്കള്‍ക്കും ഭാര്യക്കും മക്കള്‍ക്കും തുണയാവണം.
രാജനെ സ്ട്രെക്ച്ചറില്‍ കിടത്തി അറ്റന്റര്‍മാര്‍ സ്കാനിംഗ് റൂമിലേക്ക് കൊണ്ടുപോയി.
നേരം ഒരുപാടായി വെയിലാറിത്തുടങ്ങി. സ്കാന്‍ റിപ്പോര്‍ട്ട് കിട്ടി.
നേഴിസ് ഇതുവരെ രാജന് നല്കിയ സേവനത്തിന്റെ ബില്ല് ശിവനെയേല്‍പ്പിച്ചു.
നാലായിരം രൂപ!
ഓപ്പറേഷന്റെ തുക വേറെ കെട്ടിവെയ്ക്കണം.
പണച്ചിലവിന്റെ ഒരു ഘോഷയാത്രയാണിനി വരാന്‍ പോകുന്നത്.
അന്നു കാലത്ത് പന്തീരായിരം രൂപ റേഷന്‍ ഡിപ്പോയില്‍ അടച്ച് അടുത്ത ആഴ്ച്ചയ്ക്കു വേണ്ട അരിയും ഗോതമ്പും മണ്ണെണ്ണയും എടുക്കാന്‍ കാശ് തികയാതെ ശിവന്‍ പലിശക്കാരനായ ഈനാശുവിനോടാണ് മൂവ്വായിരം രൂപ കടം കൊണ്ടത്.
ബില്ലിലേക്ക് നോക്കിയപ്പോള്‍ ശിവന്റെ ഉള്ളൊന്ന് പിടഞ്ഞു. അധൈര്യപ്പെടരുത്. രാജന് രക്ഷപ്പെടണം. അതിനുവേണ്ടി എങ്ങിനെയെങ്കിലും പണം സ്വരൂപിച്ചേപറ്റൂ.
രാജനെ കൊണ്ടുവന്ന തൊഴിലാളികള്‍ അടിട്രൌസറിന്റെ പോക്കറ്റുകളില്‍ തപ്പി. ചുവന്നതും നീലയും കാവിയും നിറങ്ങളില്‍ ഷര്‍ട്ടുകളിട്ട അവരുടെ പക്കല്‍ വലിയ തുകകളൊന്നുമുണ്ടായിരുന്നില്ല. രാഘവന്റെ പോക്കറ്റില്‍ 137 രൂപയുണ്ട്. ശങ്കു 55 ഉം നാണു 78 ഉം രൂപയും തന്നു. മൊത്തം 897 രൂപ പിരിഞ്ഞു കിട്ടി.
രാജന്റെ ബാഗില്‍ 2500 രൂപയുണ്ട് റേഷന്‍ കടയിലെ ഇന്നത്തെ വിറ്റുവരവാണത്. ഇനിയും ഒരുപാട് രൂപകൂടി വേണം ബില്ലടയ്ക്കാന്‍.
ശിവന്റെ ബേജാറ് കണ്ടപ്പോള്‍ ടെംബോ ഉടമ കൂടിയായ ഡ്രൈവര്‍ പോക്കറ്റിലുണ്ടായിരുന്ന രൂപയെ ടുതത്ത് നീട്ടി. 4000 തികഞ്ഞു. ശിവന്‍ ബില്ലടച്ചു വന്നു.
"ഓപ്പറേഷന്‍ ഫീസ് അഡ്വാന്‍സായി കെട്ടിവയ്ക്കണം'' നഴ്സ് അറിയിച്ചു.
"ഓപ്പറേഷനുള്ള ഫീസുമായി നിങ്ങള്‍ നാളെ വന്നാല്‍ മതി. ഡോക്ടര്‍ക്ക് ഇനീം വിശദമായി പരിശോധിക്കാനുണ്ട്'' ഞരമ്പുരോഗ വിദഗ്ധന്റെ മുറിയില്‍ നിന്നും വന്ന മറ്റൊരു നേഴ്സ് ശിവനെ വിളിച്ചു പറഞ്ഞു.
അപ്പോഴേക്കും രാജന്റെ അമ്മയും ഭാര്യയും സഹോദരിമാരും കരച്ചിലോടെ വന്നു കയറി. ശിവനും മറ്റുള്ളവരും അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയാണിത്. ഇവിടെ നിന്ന് ആരും കരയാന്‍ പാടില്ല! പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കാന്‍ ഉടുത്തൊരുങ്ങി നില്‍ക്കുന്ന പുണ്യ സ്ഥാപനം ആരും ഇവിടെ നിന്ന് മോങ്ങരുത്!
ടെംബോ ഡ്രൈവര്‍ മടങ്ങിപ്പോകാന്‍ ധൃതികൂട്ടി.
നാളെ ആസ്പത്രീക്ക് വരുമ്പോള്‍ അയ്യായിരം രൂപയെങ്കിലും കരുതിയിരിക്കണം എന്ന് വണ്ടിയില്‍ ദൂരം പിന്നിടുമ്പോള്‍ ശിവന്‍ ഓര്‍ത്തു. ഉച്ചയ്ക്ക് ശേഷം റേഷന്‍ കട തുറന്നിട്ടില്ല. താനില്ലെങ്കില്‍ വേറെയാരുണ്ടത് തുറന്നുവെയ്ക്കാന്‍..?
കൊള്ളപ്പലിശക്കാരനായ ഈനാശുവിനെകാണണം. ഹിറ്റലര്‍ എന്നാണ് പലിശയില്‍ ഇളവു ചെയ്യാത്ത ഈനാശുവിനെ പലരും അയാള്‍ കേള്‍ക്കാതെ വിളിക്കുന്നത്.
രാജനു വേണ്ടി കുറേ രൂപ ഈനാശുവിനോട് ചോദിക്കണം. പലിശ കുറച്ചേ എടുക്കാവൂ എന്നും പറയണം.
വീട്ടിലെത്തിയപ്പോള്‍ മേശവലിപ്പ് തപ്പിയപ്പോള്‍ കിട്ടിയ അഞ്ഞൂറ്റെഴുപത് രൂപ ശിവന്‍ ഡ്രൈവര്‍ക്ക് വാടകയിനത്തില്‍ കൊടുത്തു. എന്നിട്ട് സൌമ്യനായി പറഞ്ഞു.
"ഇപ്പോഴിത് കൊണ്ടുപോ. ബാക്കി അടുത്താഴ്ച്ച ഞാന്‍ കണക്ക് തീര്‍ത്ത് തരാം.''
"ദ് റേ,ന്‍ കൊണ്ടന്ന വാടകയേ ആയിട്ടുള്ളൂ. ആസ്പത്രീല് വെച്ച് തന്നതും രോഗിയെ ഇവിടന്ന് തൃശ്ശൂര്‍ക്ക് കൊണ്ടോയ വകേം വേറെ തരണം'' ഡ്രൈവര്‍ ശിവനെ ഓര്‍മ്മിപ്പിച്ചു.
"നാളെ ആസ്പത്രീ പോകുമ്പോ അയ്യായിരം രൂപേങ്കിലും കയ്യീകര്ദണം ഈനാശൂനോട് കടമായി അത്രേം രൂപ തര്വോന്ന് ചോദിച്ചു നോക്കട്ടെ. അയാള് രൂപയില്ലാന്ന് പറഞ്ഞാല് നമക്ക് വേറെയേതെങ്കിലും വഴി നോക്കേണ്ടി വരും''
ശിവന്‍ച്ചേട്ടന്‍ ബേജാറാവിണ്ടിരി! എല്ലാ യൂണിയനുകളും ചേര്‍ത്ത് ആക്ഷന്‍ കൌണ്‍സിലുണ്ടാക്കി നമക്ക് പിരിവിനിറങ്ങണം. വീടും കടകളും ഒന്നും വിടരുത്. ഇന്നാട്ടീന്ന് പണം പിരിച്ചെടുക്കാനാണോ വെഷമം..? ഒരട്ടിമറിക്കാരന്‍ ശിവനെ സമാധാനിപ്പിച്ചു.
"പിരിവെടുക്കുന്നതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്. ശിവന്‍ച്ചേട്ടന്‍ ഞങ്ങടെ കൂടെ നിന്നാമതി.'' വേറൊരുത്തന്‍ ആദ്യം പറഞ്ഞവനെ പിന്താങ്ങി.
നാളെ കാലത്ത് രണ്ടു ടിന്നുകളും പിടിച്ച് രാജനു വേണ്ടി പിരിവിനിറങ്ങാമെന്ന് നിശ്ചയിച്ച യൂണിയന്‍ ഭാരവാഹികളോട് അത് വേണ്ട എന്നു പറയാനുള്ള കരുത്ത് അപ്പോള്‍ ശിവനുണ്ടായിരുന്നില്ല.
അത്താഴത്തിന് ഭാര്യ വിളിച്ചിട്ടും നില്ക്കാതെ വിശപ്പ് മറന്ന ശിവന്‍ ഈനാശുവിനെ കണ്ട് കാര്യം പറയാനായി നടന്നു. പലിശയില്ലാതേയോ അല്ലെങ്കില്‍ മാമൂല്‍ പലിശയില്‍ നിന്ന് കുറച്ചോ അയ്യായിരം രൂപ കടമായി രാജന്റെ ഓപ്പറേഷവനുവേണ്ടി ചോദിച്ചു നോക്കാം.
രണ്ടു പ്രാവശ്യം മുട്ടിയിട്ടും ഈനാശു വാതില്‍ തുറന്നില്ല. രാത്രി ഒരുപാടായതുകൊണ്ട് കള്ളന്മാരോ കവര്‍ച്ചക്കാരോ ആണെന്നു ഭയന്നിട്ടാവണം ഈനാശു വാതില്‍ തുറക്കാത്തത്. കുറച്ചു നേരം കൂടി ഈനാശുവിനെ ഇറയത്തു കാത്തു നിന്നിട്ട് നിരാശയോടെ ശിവന്‍ വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് കാലത്തും ശിവന്‍ റേഷന്‍ കട തുറന്നു. അരിയും ഗോതമ്പും അളന്നു കൊടുക്കുന്നതിനിടയില്‍ തെരുവില്‍ ഒരാരവും കേട്ട് ശിവന്‍ ശ്രദ്ധിച്ചു.
തത്ത്വശാസ്ത്രങ്ങള്‍ മറന്ന് പണപ്പിരിവിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായിരിക്കുകയാണ് വിവിധ യൂണിയനുകളില്‍പ്പെട്ട അട്ടിമറിക്കാര്‍. ചുവപ്പു കടലാസ്സു കൊണ്ട് പൊതിഞ്ഞ ഒരു ടിന്നും, രാജന്റെ ചികിത്സാഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുക എന്നെഴുതിയ ബോര്‍ഡും പിടിച്ച് തെരുവിലൂടെ അവര്‍ നടന്ന് നീങ്ങുന്നത് കണ്ടു. ശിവന്റെ മനസ്സില്‍ വേദന പൊടിഞ്ഞു.
പരസ്പരം കൊമ്പുകോര്‍ക്കുന്ന അവര്‍ക്ക് ഫണ്ടെന്ന പോലെ പണപ്പിരിവിനുള്ള ഒരു സുദിനം കൂടി കൈവന്നിരിക്കുന്നു.!
പ്രധാനമന്ത്രി പട്ടുനാട മുറിച്ച് രാഷ്ട്രത്തിന് സമര്‍പ്പിക്കാനിരിക്കുന്ന സൂപ്പര്‍ സ്പെഷ്യലിറ്റി ആസ്പത്രിയില്‍ മരണവുമായി മുഖാമുഖം നോക്കിക്കിടക്കുന്ന രാജന്‍ എന്ന പ്രജയെപ്പറ്റി ശിവന്‍ സങ്കടത്തോടെ ഓര്‍ത്തു.
പൊടി നിറഞ്ഞ തെരുവില്‍ വച്ച തകര ടിന്നില്‍ നിറയുന്ന ദയയായി ഒരു പൌരന്റെ ജീവിതം മാറുകയാണാേേ...?