രാജേഷ് രാജേന്ദ്രന്‍
ഒന്നരയാഴ്ച്ചത്തെ
നീണ്ടയാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തെല്ലൊരാശ്വാസം
തോന്നി. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ അത്രയും ദിവസത്തെ
അഞ്ജാതവാസത്തിന്റെ കുറവുകള്‍ ഒന്നും സ്വീകരണമുറിയില്‍ കണ്ടിരുന്നില്ല.
ജാനുച്ചേട്ടത്തി എല്ലാം തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു. അനേക
ദിവസത്തിന്റെ യാത്രകളില്‍ തപാല്‍ ഉരുപടികളും പത്രങ്ങളും കൃത്യമായി
വീട്ടിനുളളില്‍ അടുക്കിവെയ്ക്കുന്ന ഞാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥ.
ഞാന്‍ ഓര്‍ക്കുന്നു-ഒരു വേനല്‍ മഴയത്ത് ശരീരമാസകലം നനഞ്ഞു കുളിച്ച് എന്റെ
ഗേറ്റില്‍ തട്ടുമ്പോഴാണ് ആദ്യമായി ജാനുചേട്ടത്തിയെ കാണുന്നത്.
മോണകാട്ടിച്ചിരിച്ചുകൊണ്ട് അവര്‍ ചോദിച്ചു-'-പുതിയ സാറാ അല്ലേ?
രാവിലത്തേയ്ക്ക് പാലു വേണോ''
ഒറ്റനോട്ടത്തില്‍ എന്റെ അമ്മയേക്കാള്‍ പ്രായം തോന്നിക്കും അവര്‍ക്ക്. ഞാന്‍
സമ്മതം മൂളുകയും ചെയ്തു.പല ദിവസങ്ങള്‍ കൊണ്ടുതന്നെ എന്നിലെ എന്നെ അവര്‍ ശരിക്കും മനസ്സിലാക്കി ക്കഴിഞ്ഞിരുന്നു. പിന്നെ അങ്ങോട്ടുള്ള എന്റെ ദീര്‍ഘ
ദിന യാത്രകളില്‍ എല്ലാം ജാനു ച്ചേട്ടത്തി യായിരുന്നു വീടിന്റെ
സൂക്ഷിപ്പുകാരി.
മേശമേല്‍ നോക്കുമ്പോള്‍ തപാല്‍ ഉരുപ്പടികളെല്ലാം ഭദ്രമായി വച്ചിട്ടുണ്ട്.
ദീര്‍ഘമായ ഒരു നിശ്വാസ ത്തോടെ ഞാന്‍ അടുക്കളയിലേക്ക് കയറി. ഇത് എന്റെ
മറ്റൊരു സാമ്രാജ്യം. അടുക്കള എന്നാല്‍ സ്ത്രീയുടെ മേധാവിത്വത്തിന്റെ
നാലുകെട്ട് എന്നാണ് വയ്പ്. പക്ഷേ ഇവിടെ പറയട്ടെ - ശാപമോക്ഷം നേടാനാകാതെ
ഞാനുമായുള്ള അങ്കത്തിന്റെ സ്ഥിരം വേദിയാണ് ഇപ്പോഴും. പെട്ടന്ന് സ്റൌ ഓണ്‍
ആക്കി ഒരു ചായ ഉണ്ടാക്കി. സ്വീകരണമുറിയിലെത്തി.
എന്റെ കണ്ണുകള്‍ കൂട്ടിവെച്ചിരിക്കുന്ന എഴുത്തുകളില്‍ ഉടക്കി. ഓരോ കത്തും
നോക്കുമ്പോഴും സുപരിചിതമായ കൈപ്പടയിലുള്ള ഒരു ബ്രൌണ്‍ കവര്‍
ശ്രദ്ധയില്‍പ്പെട്ടു. എന്നിലെ പച്ചയായ മനുഷ്യനിലെ ആകാംഷ വര്‍ദ്ധിച്ചു.അയച്ച
ആളിന്റെ പേരോ മേല്‍വിലാസമോ ഒന്നും ഇല്ലെങ്കിലും എനിക്ക് ഈ കത്ത്
പ്രിയപ്പെട്ടതാണ്. നീണ്ട നാലു വര്‍ഷങ്ങള്‍ക്കു ശേഷം ആ പഴയ കൈപ്പടയിലുള്ള
ഒരു കത്ത്. എന്താവും ഇതിന്റെ ഉള്ളടക്കം? എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.
മേശമേല്‍ ഇരുന്ന കണ്ണട അലസമായി എടുത്തു. കൈകള്‍ക്ക് നേരിയ വിറയല്‍. ഒരു
കത്തില്‍ എന്തിനാണ് ഇങ്ങനെ അസ്വസ്ഥനാകുന്നത്. എനിക്ക് ഒന്നും
മനസ്സിലാകുന്നില്ല. വിറയാര്‍ന്ന കൈകള്‍കൊണ്ട് ഞാന്‍ ആ കത്തിന്റെ അറ്റം
കീറിമാറ്റി............. കത്ത് ഞാന്‍ വായിച്ചു.
വര്‍മ്മാജിക്ക്,
"ഈ മഹാനഗരത്തിലെ ജീവിതം അവസാനിപ്പിച്ച് മരുഭൂമിയിലെ
വടവൃക്ഷമായ അങ്ങയുടെ തണലില്‍ ശിഷ്ടകാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു.
കഴിയുമെങ്കില്‍ അങ്ങയുടെ ജീവിതത്തില്‍ .................. . വരുന്ന 18 ന് ഞാന്‍ എത്തും.
ശിവലയ (ഒപ്പ്)
ഞാന്‍ വീണ്ടും, വീണ്ടും കത്ത് വായിച്ചു. എന്താവും ഇങ്ങനെ
ഒരു തീരുമാനത്തിന് കാരണം? എന്റെ കാലുകള്‍ക്ക് ശക്തികുറയുന്നതുപോലെ തോന്നി.
പുറകിലെ കസേര വലിച്ചിട്ട് ഞാന്‍ അതിലേക്ക് അമര്‍ന്നിരുന്നു. മനസ്സിന്റെ
ഉള്ളില്‍ ഞാനറിയാതെ തന്നെ "ശിവലയ'' എന്ന പേര് നാവിലൂടെ ഒഴുകിയെത്തി.
"ശിവലയ''...........ഞാന്‍ ശിവ എന്നു വിളിച്ചിരുന്ന ശിവലയ.........
എന്റെ ചിന്തകള്‍ ആ പഴയ വസന്തകാലത്തിന്റെ ഓര്‍മകളിലേക്ക് ആഴ്ന്നിറങ്ങി.
വര്‍ഷം ഞാന്‍ ഓര്‍ക്കുന്നില്ല. ഓഫീസിന്റെ ഒരു അസൈന്‍മെന്റിനായി ഡല്‍ഹിയില്‍
എത്തിയകാലം. മീററ്റില്‍ നിന്നും രൂപംകൊണ്ട സ്വാതന്ത്രസമരമുദ്രാവാക്യങ്ങള്‍
അലയടിച്ചെത്തിയ ഡല്‍ഹി.
കോളനിവാഴ്ച്ചയുടെ പ്രതാപകാലത്ത് രൂപം കൊണ്ട
കൂറ്റന്‍ സൌധങ്ങള്‍. വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന തിരക്കേറിയ വീഥികളും,
എല്ലായിടത്തും അപരിചിതത്വം നിറഞ്ഞ മുഖങ്ങളും എന്റെ അറിവില്‍ ഞാന്‍
മനസ്സിലാക്കിയ ഡല്‍ഹി ഇതൊക്കെയായിരുന്നു.
വേഗത്തില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഞാന്‍ പുറത്തേക്ക് വന്നു. തിരക്കേറിയ
മഹാനഗരത്തിന്റെ പ്രൌഡി തെല്ലൊന്നു നോക്കിക്കണ്ടു. ഒരു വാഹനം
കണ്ടെത്തുകയായിരുന്നു എന്റെ ലക്ഷ്യം. ധൃതിയില്‍ പുറത്തേക്ക് നടക്കുപമ്പോള്‍
പുറകില്‍ നിന്നൊരു സ്ത്രീ ശബ്ദം. അവര്‍ എന്റെ പേരു വിളിക്കുകയാണ് ചെയ്തത്.
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ വെളുത്ത് മെലിഞ്ഞ ഒരു സ്ത്രീ. വീതിയേറിയ
നെറ്റിത്തടത്തില്‍ നിറഞ്ഞു നില്ക്കുന്ന കുങ്കുമപ്പൊട്ട്. ലാസ്യഭാവം നിറഞ്ഞ
കണ്ണുകള്‍.
"എനിക്ക് മനസ്സിലായില്ല, ആരാ നിങ്ങള്‍''
ചെറുപുഞ്ചിരിയേടുകൂടി അവള്‍ എന്നോട് പറഞ്ഞു.
"വര്‍മ്മാജിയല്ലേ,
മലയാളപത്രത്തില്‍ നിറഞ്ഞു നില്ക്കുന്ന വര്‍മ്മാജി'' ചിരിച്ചുകൊണ്ട്
വീണ്ടും തുടര്‍ന്നു."കഴിഞ്ഞ ദിവസം കൂടി കണ്ടതേയുള്ളു വര്‍മ്മാജിയുടെ
ലേഖനം......''
അവള്‍ സ്വയം പരിചയപ്പെടുത്തി.
"ഞാന്‍ ശിവലയ, ഇവിടെ ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു പാവം ഒരു റിപ്പോര്‍ട്ടര്‍''
"വര്‍മ്മാജിയുടെ
രാജാപാളയത്തെ ഇടവിള കൃഷി കളെക്കുറിച്ചെഴുതിയ ലേഖനവും സ്വന്തം ക്യാമറയില്‍
പകര്‍ത്തിയ ചിത്രവും അതീവ മനോഹരമായിരുന്നു, കണ്‍ഗ്രാജുലേഷന്‍ വര്‍മ്മാജി.''
എല്ലാത്തിനും മറുപടി എന്റെ ഒരു ചിരി മാത്രമായിരുന്നു. അപരിചിതമായ
നഗരത്തില്‍ ശിവലയയുമായുള്ള പരിചയപ്പെടല്‍ വളരെയേറെ സഹായകരമാകുന്നു. അവരുടെ
സഹായത്താല്‍ എനിക്കുള്ള താമസ സ്ഥലം ശരിയായി കിട്ടി. അന്ന് ഒരു ചായകുടിച്ച്
വീണ്ടും കാണാം എന്നു പറഞ്ഞു പിരിഞ്ഞു.
ഹോട്ടല്‍ മുറിയില്‍ ചെന്ന് ഒരു കുളികഴിഞ്ഞ് സ്വസ്ഥമായി ഒന്നുറങ്ങി.
പിറ്റേന്ന് വെളുപ്പിനെ തന്നെ ഞാന്‍ പുറപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു
മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തുമ്പോള്‍ ഇരുചക്ര വാഹനത്തില്‍ ആരേയോ
പ്രതീക്ഷിച്ചിരിക്കുന്ന പോലെ ശിവലയയെ കണ്ടു. എന്നെ കണ്ടതും അവള്‍ അടുത്ത്
വന്ന് പോയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു. മറുപടി
പറയുന്നനിനോടൊപ്പം അവരെ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഞങ്ങള്‍
മുറിയിലേക്ക് നടന്നു. മുറിയിലേക്ക് എത്തുന്നതിനു മുമ്പുതന്നെ ഇനിയും രണ്ടു
ദിവസം എനിക്ക് ഇവിടെ ചിലവഴിക്കേണ്ടതുണ്ടെന്നും അവളെ അറിയിച്ചു. മുറി
തുറന്ന് അകത്തു കയറുന്നതിനിടെ ഞാന്‍ അവളോട് പറഞ്ഞു "ഒന്ന് ഫ്രഷ്'' ആയി
വരാം. പറഞ്ഞപ്പോള്‍ തന്നെ അവളില്‍ നിന്ന് മറുപടി കിട്ടി.
"വര്‍മ്മാജി... ഇന്ന് ഞാന്‍ ഫുള്‍ ഫ്രീ ആണ്, വര്‍മ്മാജി ഫ്രഷ് ആയി വന്നോളൂ,
ഞാന്‍ ഇവിടെ ഉണ്ടാകും'' കുളികഴിഞ്ഞെത്തിയ ശേഷം ഏറെ നേരം ഞങ്ങള്‍
സംസാരിച്ചിരുന്നു. ഞങ്ങളുടെ സംസാരം വ്യക്തിപരമായ സൌഹൃദത്തിന് ആഴംകൂട്ടി.
വെറും രണ്ടുദിവസത്തെ പരിചയം രണ്ടു പതിറ്റാണ്ടുകളോളം വളര്‍ന്നിരുന്നു.
കുശലാന്വേഷണങ്ങളും ചിരിയും ജോലിക്കാര്യങ്ങളും ഒക്കെയായി സംഭാഷണം അന്നു
രാത്രി എട്ടു മണിയോളം നീണ്ടു പോയി. പെട്ടന്നവള്‍ വാച്ചിലേക്ക് നോക്കി
പറഞ്ഞു.
"അയ്യോ........ വര്‍മ്മാജി... ഐ ആം ഓള്‍റെഡി ലേറ്റ്'' സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഒരു ചിരിയോടെ അവള്‍ യാത്ര പറഞ്ഞിറങ്ങി. വാഹത്തിനടുത്തുവരെ അവളെ ഞാന്‍ അനുഗമിച്ചു.
തിരികെ
മുറിയിലെത്തുമ്പോള്‍ ഏകാന്തതയിലെ വിരസത എന്നെ മൂടിയിരുന്നു. എന്റെ മനസ്സ്
നിറച്ച് അവളായിരുന്നു, ശിവലയ എന്ന ശിവ. ഭക്ഷണം കഴിച്ച് കിടക്കയിലേക്ക്
ചായുമ്പോള്‍ ഞങ്ങള്‍ തമ്മിലുണ്ടായ സംഭാഷണങ്ങള്‍ മാത്രമായിരുന്നു എന്റെ
മനസ്സില്‍. ഇനി രണ്ടുനാള്‍ കൂടി. രണ്ടാം നാള്‍ ഉച്ചയ്ക്കുള്ള ഫ്ളൈറ്റില്‍
എനിക്ക് നാട്ടിലേക്ക് മടങ്ങണം. ഈ പരിചയപ്പെടലും സൌഹൃദവുമെല്ലാം ഒരു ബസ്സ്
യാത്രയിലെ കണ്ടുമുട്ടല്‍ പോലെ പരിമിതപ്പെടുമോ? എന്നിലെ വിഷമത്തിന്റെ
ആലസ്യത്തില്‍ ഞാന്‍ എപ്പോഴോ ഉറങ്ങി.
ഡല്‍ഹിയിലെ മൂന്നാം നാള്‍ ജോലികഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പതിവു
ചിരിയുമായി ശിവ ബസ് സ്റോപ്പില്‍ ഉണ്ടായിരുന്നു. ഇന്നത്തെ അവളുടെ
വസ്ത്രധാരണത്തില്‍ വല്ലാത്ത ആകര്‍ഷണം തോന്നി. അതവളോട് പറയുകയും ചെയ്തു.
മുറിയിലെത്തി ഞങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെ പോലെ പല വിഷയങ്ങളെ പറ്റി
സംസാരിച്ചു തുടങ്ങി. എങ്കിലും വിഷയങ്ങള്‍ എല്ലാം വിട്ട് നമ്മള്‍ എന്ന
വ്യക്തികളില്‍ കേന്ദ്രീകരിച്ചു. ജാലകത്തിലൂടെ ഒഴുകിയെത്തിയ തണുത്ത
ഇളംകാറ്റ്; ഒരു വേനല്‍മഴയുടെ മുന്നറിയിപ്പായി എനിക്ക് തോന്നി. പുറത്തേക്ക്
കണ്ണോടിച്ച് അവള്‍ പറഞ്ഞു.
"വര്‍മ്മാജി, ഇന്നൊരു മഴയ്ക്ക് സാധ്യതയുണ്ട്. വര്‍മ്മാജിക്ക് അനുഭവപ്പെടുന്നില്ലെ ഒരു
കുളിര്‍ക്കാറ്റിന്റെ സാമിപ്യം....''
ഞങ്ങള്‍ വീണ്ടും സംസാരത്തില്‍ മുഴുകി. അതിനിടെ എപ്പോഴോ ഞാന്‍ പറഞ്ഞു.
"നാളെ
ഉച്ചയോടെ ശിവയുടെ മഹാനഗരം ഞാന്‍ വിടുകയാണ്'' അതുകേട്ടപ്പോള്‍ അവളുടെ
മുഖത്തുണ്ടായ ഭാവവ്യത്യാസം ഞാന്‍ ശ്രദ്ധിച്ചു. നേരം സന്ധ്യയോടടുത്തപ്പോള്‍
മഴയും തുടങ്ങി. ജനാലയ്ക്കരുകില്‍ നിന്നും അവള്‍ മഴയെക്കുറിച്ച് എന്തൊക്കെയോ
പറയുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്റെ ചിന്തകള്‍ മുഴുവനും നാളത്തെ നാട്ടിലേക്കുള്ള യാത്രയും.....
മഴവെള്ളത്തില്‍ രൂപംകൊള്ളുന്ന നീര്‍കുമിളപോലെ ക്ഷണികമായ ശിവയുടെ
സൌഹൃദവുമായിരുന്നു.
പുറത്ത് ശക്തമായ മഴ തുടര്‍ന്നു. ഏറെ വൈകീട്ടും
മഴതോരാതായപ്പോള്‍ ഞാന്‍ പറഞ്ഞു. "ഇനി ഇപ്പോള്‍ എങ്ങനെയാ.... ശിവാ...
മഴയില്‍ യാത്ര?''
ഒരു ചിരിയോടെ അവള്‍ പറഞ്ഞു,
"വരവിന്റേയും പോക്കിന്റേയും കണക്കുകള്‍
ബോധ്യപ്പെടുത്താന്‍ ആരുമില്ലാത്ത എനിക്ക് വീണിടം വിഷ്ണുലോകമാ വര്‍മ്മാജി,
ഞാന്‍ ഇന്ന് വര്‍മ്മാജിക്കൊപ്പം കൂടുന്നു, പുലരുവോളം നമുക്ക്
സംസാരിച്ചിരുന്നാലോ?
സത്യത്തില്‍ എന്റെ മനസ്സില്‍ തോന്നിയ സന്തോഷത്തിന് അതിരുകള്‍
ഇല്ലായിരുന്നു. ഞാന്‍ ആഗ്രഹിച്ചതു പോലെയുള്ള മറുപടി. ഞങ്ങളുടെ സംസാരം
വീണ്ടും തുടര്‍ന്നു. ആകാശത്തിനു കീഴെയുള്ള എല്ലാവിഷയങ്ങളും സംസാരത്തില്‍
വന്നെത്തിയെങ്കിലും മനസ്സിന്റെ ഏതോ കോണില്‍ ഉടലെടുത്ത ആ കുളിര്‍മയേറിയ
വികാരത്തിന്റെ വിഷയങ്ങള്‍ മാത്രം ഞങ്ങളുടെ സംഭാഷണത്തില്‍ കടന്നു
കൂടിയിരുന്നില്ല. ഒരുപക്ഷേ മനപ്പൂര്‍വ്വം അത് ഒഴിവാക്കിയതുമാകാം. ഏറെ നേരം
വൈകിയപ്പോള്‍ ഞാന്‍ ഒന്നു കിടന്നു. വീതികുറഞ്ഞ കട്ടിലില്‍ പരസ്പരം
സ്പര്‍ശിക്കാതെ അവളും. മുറിയിലെ അരണ്ട വെളിച്ചവും പുറത്ത് തകര്‍ത്ത്
പെയ്യുന്ന വേനല്‍ മഴയുടെ പശ്ചാത്തലത്തല്‍ പോലും തെറ്റുകള്‍ ഒന്നും
ഞങ്ങള്‍ക്കിടയില്‍ കടന്നുകൂടിയില്ല. പക്ഷേ എഴുതാത്ത പേന കൊണ്ട്
ഹൃദയത്തിന്റെ ഇടം കിട്ടിയ താളുകളില്‍ എന്തൊക്കെയോ
എഴുതിപ്പിടിപ്പിച്ചിരുന്നു ഞങ്ങള്‍ ഇരുവരും. എന്റെ ജീവിതത്തിന്റെ
ഓര്‍മ്മവെച്ച കാലത്തിനു ശേഷം ഞാന്‍ തനിച്ചുറങ്ങാത്ത ഒരു രാവ്.
മഹാനഗരം കൂര്‍ക്കം വലിച്ചുറങ്ങുമ്പോള്‍ ഒരേ താളത്തിലും ഒരേ വേഗത്തിലും
ചുവടുവെയ്ക്കുന്ന ഇരു ഹൃദയങ്ങള്‍. ദീര്‍ഘനിശ്വാസങ്ങളും
നെടുവീര്‍പ്പുകളുമായി ഇഴഞ്ഞു നീങ്ങി. ഒരേ കിടക്കയില്‍ അന്യനായി കിടന്ന
ഞാന്‍ ഏപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു. പിറ്റേന്ന് അല്‍പം വൈകി അവളാണ്
എന്നെ ഉണര്‍ത്തിയത്. മുഖം കഴുകി എത്തിയ അവള്‍ എന്നോട് പറയുകയുണ്ടായി.
"പുറപ്പെടേണ്ടേ-വര്‍മ്മാജി റെഡിയായിക്കോളൂ. എയര്‍പ്പോര്‍ട്ടിലേക്ക്
ഞാനുണ്ടാകും.
എയര്‍പ്പോര്‍ട്ടില്‍ എത്തി കത്തിടപാടുകള്‍ നടത്താനുള്ള
വിലാസങ്ങള്കൈമാറിയാത്രപറയുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും
അനുഭവിച്ചിട്ടില്ലാത്ത വേര്‍പെടലിന്റെ വേദന ഞാന്‍ അനുഭവിച്ചറിഞ്ഞു. ഇതുവരെ
അനുഭവിക്കാത്ത എന്തോ ഒന്ന്...
പിന്നെയുള്ള കാലങ്ങള്‍ അത്രയും കത്തുകളിലൂടെയുള്ള സൌഹൃദം മാത്രമായി മൂന്നു
വര്‍ഷങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ അവളുടെ കത്തിനു മറുപടി എഴുതുമ്പോള്‍
എന്നിലെ ഹൃദയ വികാരങ്ങള്‍ തുറന്നെഴുതണം എന്ന് ആഗ്രഹിച്ചുവെങ്കിലും ആ
പവിത്രമായ പ്രേമത്തെ, പ്രേമിക്കപ്പെടുന്ന ആള്‍ പോലും അറിയാതെ മൂകമായി
ഇരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നെങ്കിലും ഒരിക്കല്‍ അവള്‍
പറയുകയാണെങ്കില്‍ മാത്രം ഹൃദയത്തിന്റെ കാമ്യമാകുന്ന അണക്കെട്ടില്‍
കെട്ടിക്കിടക്കുന്ന സ്നേഹവും കാമവും ലാളനയും എല്ലാം അവളിലേക്ക്
ഒഴുകിയെത്താം എന്ന് ഞാന്‍ ആഗ്രഹിച്ചു. അതുവരെ ഞാനായി അവളോട് ഒന്നും
പറയില്ലെന്ന് ഉറപ്പിച്ചു.
ഭൂതകാലത്തിന്റെ മാസ്മരിക വലയത്തില്‍ നിന്നും ഞാന്‍ തിരിച്ചെത്തി. എന്റെ
ഹൃദയമിടിപ്പ് ശരിയായ താളത്തിലെത്താന്‍ നന്നേ പ്രയാസപ്പെട്ടു. എന്താകും
ശിവയുടെ മനസ്സിലുള്ളത്? എന്തിനാകും ഇത്തരത്തിലുള്ള ഒരു കത്തഴുതാന്‍ അവളെ
പ്രേരിപ്പിച്ചത്? അതും നീണ്ട ഇടവേളയ്ക്ക് ശേഷം അവള്‍ ഏറ്റവും അവസാനമായി
എഴുതിയ കത്ത് എനിക്ക് ഇപ്പോഴും മറക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അതിനു
മാത്രമാണ് ഞാന്‍ മറുപടി എഴുതാതിരുന്നത്. എന്തായിരുന്നു അതിനു കാരണമെന്ന്
ഇപ്പോഴും എനിക്ക് വ്യക്തമല്ല. പലതവണ ഞാന്‍ എന്നോട് തന്നെ ചോദിച്ചെങ്കിലും
ഉത്തരം നല്‍കാതെ മനസ്സ് കൈമലര്‍ത്തി. ആ കത്തിന്റെ വരികള്‍...
"വര്‍മ്മാജി- എഴുത്തിന്റെ ലോകത്തുമാത്രം ജീവിക്കുന്ന എനിക്ക് വല്ലാത്ത ഒരു
ഏകാന്തത അനുഭവപ്പെടുന്നു. ആ ഹൃദയത്തിലേക്ക് കടന്നു കയറാന്‍ ഞാന്‍
ആഗ്രഹിക്കുന്നു. എന്റെ ദീര്‍ഘകാല വിരഹത്തിന് വിരാമം കുറിക്കാന്‍ നേരമായി
എന്ന തോന്നല്‍ ഇനി നമ്മള്‍ കാണുമ്പോള്‍ ആ നെഞ്ചിലേക്ക് ഒന്നു മുഖമമര്‍ത്തി
നില്‍ക്കാന്‍ ഞാന്‍ അനുവാദം ചോദിക്കുന്നു.''
ശിവ.
അവളെഴുതിയ അവസാനത്തെ കത്ത്... ആ കത്തിനു മറുപടി എഴുതാത്ത എന്റെ ആദ്യത്തെ തെറ്റും....
അവളെഴുതിയ അവസാനത്തെ കത്ത്... ആ കത്തിനു മറുപടി എഴുതാത്ത എന്റെ ആദ്യത്തെ തെറ്റും....
ദിവസങ്ങള്‍
കടന്നു പോയി 18 നു പുലര്‍ച്ചെ അതീവ സന്തോഷത്തോടും അത്രതന്നെ അസ്വസ്ഥതയോടും
കൂടിയാണ് ഞാന്‍ ഉറക്കമെഴുന്നേറ്റത്. എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന
മാറ്റങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ദിനങ്ങളാകുമല്ലോ കടന്നു വരുന്ന
നാളുകള്‍........
അമ്മയെ വിളിച്ചു വിവരം പറയണമെന്ന് തോന്നിയെങ്കിലും ഞാനത്
ഉപേക്ഷിച്ചു. കാരണം നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വന്ന കത്ത് എത്രത്തോളം
വിശ്വസനീയമാണെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു. വെറുതെ ഒരു പാഴ്
വാക്ക് പറയുന്നവളല്ല ശിവ എന്നുള്ള ബോധമാണ് എന്നെ വീണ്ടും
യാഥാര്‍ഥ്യത്തിലേയ്ക്ക് കൊണ്ടുവന്നത്.
പ്രഭാതകൃത്യങ്ങള്‍ വേഗത്തില്‍ തീര്‍ത്ത് ഞാന്‍ 11 മണിയോടെ റെയില്‍വേ
സ്റേഷനിലേക്ക് തിരിച്ചു. അവിടെ എത്തുമ്പോള്‍ അവള്‍ വരും എന്നു
പറഞ്ഞിരുന്നു. ട്രെയിനില്‍ നിന്നും ആള്‍ക്കാര്‍ പുറത്തേക്ക് വന്നിരുന്നു.
ഏത് പ്ളാറ്റ്ഫോമിലാണ് വണ്ടി എന്നുപോലും എനിക്കറിയില്ലായിരുന്നു.
എല്ലായിടത്തും എന്റെ കണ്ണുകള്‍ അവളെ തേടിയലഞ്ഞു. വന്ന ട്രെയിനിലെ
യാത്രക്കാരുടെ തിരക്കു മാറിയപ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്തനായി.... അവളെ
കണ്ടെത്തിയില്ല.
ഇനി വരാതിരിക്കുമോ...? എന്നു പോലും ഞാന്‍ സംശയിച്ചു.
ഇനിയുള്ള പ്ളാറ്റഫോമില്‍കൂടി നോക്കാം എന്ന ധാരണയില്‍ പടികള്‍ കയറി അടുത്ത
പ്ളാറ്റ്ഫോമില്‍ എത്തുമ്പോള്‍ ഒരു സ്വപ്നത്തിലെ യാഥാര്‍ത്ഥ്യം പോലെ ഏകയായി
ചിന്താവിഷ്ടയായി അവള്‍ ഇരിപ്പുണ്ട്. മനസിന്റെ തോന്നലുകള്‍ക്ക്
കടിഞ്ഞാണിടാന്‍ കഴിയാത്ത നിമിഷം. പടിയിറങ്ങി താഴേക്ക് എത്തുമ്പോള്‍ അവള്‍
എന്നെ കണ്ടിരുന്നു. പെട്ടന്ന് എഴുന്നേറ്റവള്‍ നിര്‍വികാരതയോടെ എന്നെ തന്നെ
നോക്കി നിന്നു. കാലചക്രത്തിന്റെ മാറ്റങ്ങളൊന്നും അവളില്‍ പ്രകടനമായിരുന്ന.
നിറകണ്ണുകളോടെ എന്നെ നോക്കിനിന്നു. ഞാന്‍ അടുത്തേക്ക് എത്തുമ്പോള്‍ ഇടറിയ
സ്വരത്തില്‍ പറഞ്ഞു.
"വര്‍മ്മാജി എത്തില്ലാന്നു കരുതി ശരിക്കും ഞാന്‍ വിഷമിച്ചു. ഈ ലോകത്തു
ഞാന്‍ തനിച്ചായെന്നു തോന്നി''
എന്തൊക്കെയോ അവള്‍ പറയാന്‍ ശ്രമിച്ചെങ്കിലും
വാക്കുകള്‍ ഒന്നും തന്നെ പുറത്തേയ്ക്ക് വന്നില്ല. കുറച്ചുകൂടി അടുത്തേക്ക്
വന്ന് അവള്‍ പറഞ്ഞു.
"നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് വര്‍മാജിക്ക് ഞാനൊരു കത്ത് എഴുതിയിരുന്നു.
അതിലെ അവസാനത്തെ വാചകത്തില്‍ ഞാന്‍ ഒരു അനുവാദം ചോദിച്ചിരുന്നു. പക്ഷേ
വര്‍മ്മാജി - ഇന്നിപ്പോള്‍ ഞാന്‍ അങ്ങ യോട് അനുവാദം ചോദിക്കുന്നില്ല''. അവള്‍
എന്റെ നെഞ്ചിലേക്ക് മുഖമമര്‍ത്തി എന്റെ കൈകള്‍ അറിയാതെ തന്നെ അവളെ തഴുകി.
തിരക്കൊഴിഞ്ഞ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ പരസ്പരം ആലിംഗന ബന്ധരായി അവര്‍
നിന്നു, എല്ലാം മറന്ന്.....