സി.പി.മോഹനകൃഷ്ണൻ
അപമാനിക്കപ്പെട്ട പത്തിയിൽ
വിഷം നുരഞ്ഞുയരുന്നു
തിരിച്ചു കൊത്താനായുന്നു
ഒരുൾക്കിടിലം
പുകമറയുടെ ആഴങ്ങളിൽ
നേർത്ത ചോരപ്പാടുകൾ
പാതിയെ കവർന്നവനെ
കൊത്തികൊല്ലണം
പേക്കിനാവുകളാൽ തൊണ്ട വരളുന്നു .......
അവൾ വരും, നിറഞ്ഞുല്ലസിക്കാൻ
അവളുടെ ഓർമ്മകളുമായി
ഞാനെത്ര നൊന്തു പെറ്റതാണെന്നോ
ഈ പ്രണയം ....
രാത്രിയുടെ കൂട്ടുകാരായി
മരിക്കാത്ത നക്ഷത്രങ്ങളുണ്ടെങ്കിലും
ഭീതിയോടെ നടന്നടുക്കുന്നതെങ്ങോട്ടാണ്?
കൂട്ടുകാരാ
ചിതലരിച്ച സുഷിരങ്ങളിലേക്കോ?
അവിടെ ഞാനുമുണ്ടാകും