എഴുത്തിന്റെ ഒളിയിടങ്ങള്‍


കെ.ആര്‍. കിഷോര്‍

ജീവിതം ചലനാത്മകമാണ്. അതുകൊണ്ട് അതിനെ ഒരു നിര്‍വചനത്തിന്റെ കള്ളി യിലുമൊതുക്കാന്‍ കഴിയില്ല. ജീവിതാ വിഷ്‌ക്കാരമായ സാഹിത്യവും ഏതെങ്കിലും നിയമ- നിബന്ധനകളുടെ പരിധികളില്‍ ഒതുക്കി നിര്‍ത്താനാകില്ല. എങ്കിലും സാഹിത്യത്തെ അതാത് കാലങ്ങളില്‍ അടയാള പ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. കവിത, കഥ, നോവല്‍ എന്നിങ്ങനെ പല ശാഖകളുള്ള പൂമരമാണ് സാഹിത്യം. ഓരോ ശാഖയും രൂപപരമായി വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ടെങ്കിലും ആന്തരീക ഭാവത്തില്‍ ഓരോന്നിനും സാധര്‍മ്യങ്ങളുണ്ട്.

വാക്കുകള്‍ മൂര്‍ത്ത വസ്തുക്കളെ പ്രതിനിധീകരിക്കുന്നു. അര്‍ഥത്തെ അതിലംഘിക്കാനും വാക്കു കള്‍ക്ക് ശേഷിയുണ്ട്. ''ചെമ്മീന്‍'' ഒരു മൂര്‍ത്ത രൂപമാണെങ്കിലും ചെമ്മീന്‍ എന്ന നോവല്‍ ആ പദത്തിന്റെ വ്യാപ്തിയില്‍നിന്നും വികസിച്ച് മറ്റൊരു ജീവിതത്തിലേക്ക് അനുവാചകനെ നയിക്കുന്നു. രണ്ട് വാക്കുകള്‍ ചേരുമ്പോള്‍ ഒരു നക്ഷത്രം ജനിക്കുകയും ജ്വലിക്കുകയും ചെയ്യുന്നതിന് സമാനുഭവമാണ് സാഹിത്യത്തിലൂടെ അനുഭവേദ്യമാകുന്നത്. ദൃശ്യ- ശ്രാവ്യാ നുഭവങ്ങളെ, ഐന്ദ്രി യാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സൃഷ്ടിയെങ്കിലും അതുവരെ കടന്നുചെല്ലാത്ത അനുഭവ ലോകത്തേക്കാണ് സാഹിത്യം ആസ്വാദകനെ നയിക്കുന്നത്. അതൊരു വെളിപാടാണ്, നവ്യാ നുഭൂതിയാണ്. അതേസമയം അത് യാഥാര്‍ത്ഥ്യത്തിന്റെ സൂക്ഷ്മസത്തയെ വെളിപ്പെടുത്തുകയാണ്, മറച്ച് വെയ്ക്കുകയല്ലാ, യുദ്ധവും ക്ഷോഭവും മരണവും അധീശത്വവും നിത്യജീവിതത്തില്‍ നാം ഇഷ്ടപ്പെടുന്നില്ല, എന്നാല്‍ സാഹിത്യത്തില്‍ അവ വായിച്ച് നാം ആസ്വദിക്കുന്നു. സാഹിത്യാ സ്വാദനത്തില്‍ അലൗകീകാനുഭൂതി ഉളവാകുന്നു.

പദങ്ങളുടെ ശില്‍പ്പമാണ് കാവ്യം/സാഹിത്യം. കേവല വാക്കുകള്‍കൊണ്ട് സാഹിത്യനിര്‍മ്മിതി സാധ്യമാകുന്നില്ല. അനുയോജ്യവും അര്‍ഥവിന്യാസങ്ങളും സവിശേഷങ്ങളുമായ പദസമുഛയമാണ് സാഹിത്യമായി പരിണമിക്കുന്നത്. വിശകലന വ്യാഖ്യാന വിമര്‍ശനങ്ങള്‍ക്കതീതമായി പ്രസ്തുത കൃതിയില്‍ പിന്നേയുമെന്തെങ്കിലും ആ കൃതിയില്‍ അവശേഷിക്കുന്നു-അപ്പോള്‍ സാഹിത്യം അനിര്‍വചനീയമായ അനുഭൂതി പകരുന്നു.

ആന്തരീകമായ സൂക്ഷ്മാനുഭവങ്ങള്‍ അക്ഷരങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന, ആത്മാ വിഷ്‌ക്കാരമാണ് സാഹിത്യ ത്തിന്റെ ലക്ഷ്യം. ഈ ലോകം മാറ്റിമറിക്കണം, മഹത്തായ പലതും പറയാനുണ്ട്. സ്ഥാനമാനങ്ങള്‍ നേടാനുണ്ട്. പ്രശസ്തിയും പണവും സമാഹരിക്കിണം എന്നൊക്കെയുള്ള യാതൊരു പ്രേരണയും എഴുത്തുകാരനെ ബാധിക്കുന്നില്ല. ഒരാളും എഴുത്തുകാരന്‍ / എഴുത്തുകാരി ആയി ജനിക്കുന്നില്ല. ചുറ്റു പാടുകളിലും ജീവിത സാഹചര്യങ്ങളിലുമാണ് എഴുത്തിന്റെ താല്‍പ്പര്യം മുളപൊട്ടുന്നത്. ഓരോ കൃതിയും എഴുതിക്കഴിയുമ്പോഴേ അയാള്‍ എഴുത്തുകാരന്‍ ആകുന്നുള്ളൂ. എഴുതി ക്കഴിയുമ്പോള്‍ മുമ്പു പറഞ്ഞ ഏതുനേട്ടവും അതിലുമപ്പുറവും എഴുത്തുകാരന് കൈവന്നുവെന്ന്‌വരാം. എന്നാല്‍ കാലേകൂട്ടി ഗൂഢ ലക്ഷ്യത്തോടെ നടത്തുന്ന സൃഷ്ടികള്‍ അകൃത്രിമമാകില്ല എന്നല്‍ കൊണ്ടുതന്നെ അവയ്ക്ക് ചാരുതയും സുഗന്ധവുമുണ്ടാകില്ല.

എഴുത്തുകാരന്‍ ഏകാകിയാണ്. ആള്‍ക്കൂട്ടത്തിലും അയാള്‍ തനിയേ ആണ്. വെളിച്ചം നാണിച്ച് കയറിവരുന്ന ഇടുങ്ങിയമുറിയുടെ കിളിവാതിലൂടെ വെളിയിലേക്ക് നോക്കിയാല്‍, നിളാനദിയുടെ തീരത്ത് നിന്നാല്‍, അറബിക്കടലിന്റെ ഓരത്ത് നിന്നാല്‍, മയിലാടുംകുന്നിന്റെ ചാരത്ത് നിന്നാല്‍, ഇതുവരെ എഴുതാത്ത കഥകളും കവിതകളും ഒരു എഴുത്തുകാരന്റെ/കാരിയുടെ മനസ്സില്‍ രൂപം കൊണ്ടെന്നുവരും. ആ കാഴ്ചയില്‍ തെളിഞ്ഞ് വരുന്നത് മനുഷ്യജീവിതമാണ്. പച്ചയും ചുവപ്പും കറുപ്പും ഒറ്റയ്ക്കും ഇടകലര്‍ന്നുമുള്ള നിറശോഭകളുടെ തിളക്കവും മങ്ങലുമുള്ള ജീവിതം, അതേപടി പര്‍ത്തുന്നതല്ല സാഹിത്യം. യഥാര്‍ത്ഥ ജീവിതചിത്രങ്ങള്‍ രചയിതാവിന്റെ ഹൃദയത്തില്‍ പ്രതിഫലിച്ചുണ്ടാകുന്ന പ്രതിബിംബങ്ങളുടെ പ്രതീകമാണ് സാഹിത്യം.

ജീവിതവീക്ഷണവും അവബോധവുമുണ്ടെങ്കിലേ അനുഭവങ്ങള്‍ ആത്മാവില്‍ പ്രതി ബിംബിക്കുക യുള്ളൂ.  പ്രസ്തുത ബിംബങ്ങള്‍ പുനരാവിഷ്‌ക്കരിക്കാന്‍ വ്യക്തവും സുതാര്യവുമായ വിശകലന ബോധം വേണം. കാവ്യത്തില്‍/ കഥയുടെ ബീജം, ആത്മീയ ജീവിതം മുളയ്ക്കുന്നതും കിളിര്‍ക്കു ന്നതും പടരുന്നതും പൂത്തുല്ലസിക്കുന്നതും, ആസ്വദിക്കുന്നതും എഴുത്തുകാരനിലാണ്. പിന്നീട്, അതിന്റെ നിറവും ഗന്ധവും അനുഭവിക്കാന്‍ ഭാഗ്യം വായന ക്കാരനുമുണ്ടാവുമെന്നു മാത്രം.

സാഹിത്യകുടുംബപാരമ്പര്യം ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നില്ല. അങ്ങനെയെങ്കില്‍ പ്രതിഭാ ധന രായ എഴുത്തുകാരുടെ മക്കളും പേരക്കിടാങ്ങളും അവരേക്കാള്‍ വലിയ എഴുത്തു കാരാകുമാ യിരുന്നു. അങ്ങനെയൊരു ചരിത്രമില്ല. വായനയും എഴുത്തിന് പ്രേരണയാകുന്നില്ല. ആയിരുന്നു വെങ്കില്‍ ലക്ഷക്കണക്കിന് എഴുത്തുകാര്‍ ഉണ്ടാകുമായിരുന്നു. നമുക്കുള്ളത് ഏതാനും എഴുത്തുകാര്‍ മാത്രം. എന്നാല്‍, പാരമ്പര്യവും വിദ്യാഭ്യാസവും ജീവിതപരിസരവും വായനയുമെല്ലാം എഴുത്തിന്റെ അനുകൂലപരിസരങ്ങളാണ്.

രചനയുടെ അടിസ്ഥാന മൂലകം വാസനയാണ്, സിദ്ധിയാണ്. സിദ്ധികൊണ്ട് മാത്രം സാഹിത്യം സൃഷ്ടി ക്കപ്പെടുന്നില്ല, സാധനയും വേണം. കഥ, കവിത, നോവല്‍ എന്നിവയില്‍ ഏത് മാധ്യമത്തില്‍ കൂടിയാണോ ആവിഷ്‌ക്കരിക്കുന്നത്, പ്രസ്തുത മാധ്യമത്തിന്റെ നിര്‍മ്മാണകല സ്വായ ത്തമാക്കിയിരിക്കണം. അതോടൊപ്പം അതിന്റെ ചരിത്ര വര്‍ത്തമാനാവസ്ഥകളോട് സമര സപ്പെടാനും കലഹിക്കാനും എഴുത്തുകാരന് കഴിയുന്നു. അതാണ് കാവ്യാനുശീലനം അഥവാ കാവ്യ പരിശീലനം എന്നൊക്കെയുള്ള പരികല്‍പ്പനകൊണ്ടു വിവക്ഷിക്കപ്പെടുന്നത്. തന്റെ ദൃഷ്ടിയില്‍ രൂപമെടുത്ത ദൃശ്യം കാവ്യമനസ്സില്‍ പ്രതിബിംബിക്കപ്പെടുമ്പോള്‍, ഏത് ശൈലിയില്‍/ സങ്കേതത്തില്‍ ശില്‍പ്പമായി രൂപകല്‍പ്പന ചെയ്യണമെന്ന അന്വേഷണം എഴുത്തുകാരനില്‍ ആരംഭിക്കുന്നു. ആര്‍ജ്ജിത സാധനയും ലോകവീക്ഷണവും സാമൂഹ്യാ വബോധവും സമന്വയിപ്പിച്ച് പ്രമേയാ നുസൃതമായ ഇതിവൃത്തവും ശൈലിയും ശില്‍പ്പവും രൂപമെടുക്കുന്നു. അത് വേറിട്ടതും വ്യത്യസ്ഥവുമായ ശബ്ദമാകുമ്പോള്‍ പ്രതിഭയായി പരിണമിക്കുന്നു. സമൂഹത്തോടുള്ള അടുപ്പവും കലഹവും പ്രതിഭയെ മൂര്‍ച്ഛകൂട്ടിയെടുക്കുന്നുവോ, അയാളുടെ പ്രതിഭ വെട്ടിത്തിളങ്ങിപ്രകാശിച്ച് വരും. നൈസര്‍ഗ്ഗീക വാസന, സാഹിത്യാനുശീലനം, സാമൂഹികാവബോധം, ലോകപരിജ്ഞാനം ഇവയെല്ലാം സമ്മേളിക്കുമ്പോള്‍ തുറക്കുന്ന വഴികള്‍ പ്രതിഭയിലേക്കാണ്.

എല്ലാവരും ആഗ്രഹിക്കുന്ന രാജവീഥിയിലൂടെ എഴുത്തുകാര്‍ നടക്കാറില്ല. അവര്‍ സ്വന്തമായ വഴിവെട്ടുന്നു. ചിലപ്പോള്‍ കല്ലും മുള്ളും നിറഞ്ഞ ഇടവഴികളുമായിരിക്കും അവ. സംഘര്‍ഷ ഭരിതമായ ജീവിത ങ്ങളിലൂടെ സഞ്ചരിക്കുന്ന അവര്‍ ഏറ്റെടുക്കുന്നത് വേദനകളും വിഹ്വലതകളും ക്ഷോഭങ്ങളും പ്രതീക്ഷകളും പ്രക്ഷുബ്ധതകളും സ്വപ്നങ്ങളുമാണ്. ഒരു കവിത യെഴുതിക്കളയാം എന്ന് വിചാരിച്ച് പേനയും പേപ്പറുമെടുത്ത്‌വെച്ച് ഇരുന്നാല്‍ കവിതാപ്രവാഹമുണ്ടാകില്ല. അത് സ്വാഭാവികമായി ഒഴുകിവ രേണ്ടതാണ്. മരങ്ങളുണ്ടായ കാലം മുതല്‍ പൂക്കള്‍ വിരിയാറും വീണു കിടക്കാറുമുണ്ട്. വീണ് കിടക്കുന്ന പൂവ് കണ്ടപ്പോള്‍, കുമാരനാശാനു ഭാവന കടന്നുകയറി, അതില്‍ ജീവിതത്തിന്റെ തുടിപ്പുകാണുകയും 'വീണപൂവ്' എന്ന മഹത്തായ കവിതയുമുണ്ടായി. അത് മലയാളി ഭാവുകത്വത്തിന് നവോന്മേഷം പകര്‍ന്ന അനശ്വരകാവ്യമായി. 

ഒരു കൃതി ആസ്വദിക്കാനായില്ല എന്നത് കൃതിയുടേയോ എഴുത്തുകാരന്റേയോ കുറ്റമല്ല.  കൃതി അനാവരണം ചെയ്യുന്ന അനുഭവമണ്ഡലത്തിലേയ്ക്ക് കയറിച്ചെല്ലാനുള്ള വാസനയോ കാവ്യാ നുശീലനമോ സര്‍വ്വവും സ്വീകാര്യതയുള്ള ഹൃദയവിശാലതയോ ഇല്ലെങ്കില്‍, ആ കൃതി ആസ്വദി ക്കാനാകില്ല. അവാര്‍ഡുകള്‍ കൊണ്ടുപൊതിഞ്ഞാലും സംഘടനകള്‍ കൊണ്ടാടിയാലും മാധ്യമങ്ങള്‍ വാഴ്ത്തിയാലും ഒരു കൃതി കാവ്യാനുഭൂതി ഉളവാക്കുന്നില്ല എങ്കില്‍ അത് തുറന്ന് അംഗീകരിക്കാനുള്ള സത്യസന്ധത ഉണ്ടാവണം. നമുക്കതിന് കഴിവില്ല എന്നത് കൃതിയുടെ പരിമിതിയല്ല. അപ്പോള്‍ കൃതി ആണ് ''ആസ്വദിക്കാന്‍ ശേഷിയായിട്ടില്ല'' എന്നു പറഞ്ഞു നിങ്ങളെ തിരസ്‌ക്കരിക്കുന്നത് എന്നുകൂടി വിനീതമായി തിരിച്ചറിയണം. അങ്ങനെ വരുമ്പോള്‍, ആസ്വാദകന് വാസനയും കാവ്യ പരിശീലനവും ലോകവിവരവും വരുമ്പോള്‍ അയാള്‍ സഹൃദ യത്വത്തിലേക്ക് വളരുന്നു. പ്രതിഭാ ധനന്റെ സൃഷ്ടി ഒരു കേവലാസ്വാദകന് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്ന് വരില്ല. അയാള്‍ സഹൃദ യത്വത്തിലേക്ക് വളരാതെ.രചയിതാവിന്റെ പ്രപഞ്ചാവബോധമാണ് ദര്‍ശനം.


കവികളും ദാര്‍ശനികരാണ്. ദര്‍ശനമില്ലാതെ സാഹിത്യരചന നടത്തിയാല്‍ എഴുത്തുകാരന്‍ അസ്വസ്ഥനാവുന്നു. കവിയുടേയും കാമുകന്റെയും ഭ്രാന്തന്റേയും മാനസീകാവസ്ഥ സമാനമാണ്. സ്വന്തം അഭിപ്രായം മറ്റുള്ളവര്‍ക്ക് അപ്രിയമാകുമോ എന്ന ആശങ്ക എഴുത്തുകാരനില്ല. എഴുത്തിന്റെ വേളകളില്‍ അയാള്‍ സ്വതന്ത്രനെങ്കിലും കൃതിയുടെ പ്രകാശനത്തോടെ അയാള്‍ക്കെതിരെ നിരവധി എതിര്‍പ്പുകള്‍ കുത്തിച്ചാടിയെത്തിയെന്ന് വരാം. പ്രണയം, രതി, കുടുംബബന്ധങ്ങള്‍ എന്നിവ അനാവരണം ചെയ്യപ്പെടുന്ന കൃതികളില്‍ തുറന്നെഴുതുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതായി സാഹിത്യരചന നിര്‍വ്വഹിക്കുന്ന സ്ത്രീകള്‍ പരാതിപ്പെടുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ട്. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും എതിരായ എതിര്‍പ്പുകള്‍ ഭീരുത്വത്തിന്റെ പ്രകാശനമാണ്. പ്രകടനരൂപമാണ്. സ്വയം സ്ഥാന ഭ്രഷ്ടമാകുന്നതിലെ ഭയം. ഭീരുത്വത്തിന് അധികാരത്തിന്റേയും അധര്‍മ്മത്തിന്റേയും അധീശത്വ ത്തിന്റേയും സഹായവും ശക്തിയും ഉണ്ടായെന്നും വരാം. എഴുത്തുകാരെ ഒന്നു ചൊറിയാനും ചില പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞേക്കാം. ക്ഷുദ്രശക്തികളുടെ അസ്ത്രങ്ങള്‍കൊണ്ടു സാഹിത്യ ശരീരത്തേയും ഹൃദയത്തേയും പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയില്ല. കാരണം, അനുസ്യൂതമായ ജീവിത പ്രയാണത്തില്‍, മനുഷ്യനില്‍ സാംസ്‌കാരിക ധന്യത പ്രസരിപ്പിക്കുക എന്ന മഹത്തായ ധര്‍മ്മമാണ് സാഹിത്യം നിര്‍വഹിക്കുന്നത്. സ്ഥൈര്യവും ആത്മാഭിമാനവും സ്വാതന്ത്രേഛായുമുള്ള എഴുത്തിന് ഇത്തരം പ്രതിലോമശക്തികളുടെ പ്രത്യാക്രമണം ഒരു പ്രതിബിന്ധമാണോ...? അല്ലെങ്കില്‍ത്തന്നെ, ആ തലത്തിലേക്ക് ഉയര്‍ന്ന എഴുത്തുകാര്‍ക്ക് എന്താണു നഷ്ടപ്പെടാനുള്ളത്? എഴുത്ത് ഒരു സപര്യയാണെങ്കില്‍, ത്യാഗവും നിസ്വാര്‍ത്ഥവുമായ സേവനമാണെങ്കില്‍, തന്റെ ആത്മപ്രകാശനത്തിന്റെ മാധ്യമമാണെങ്കില്‍, അവരുടെ മുന്നില്‍ പിച്ചാത്തി കാണിച്ച്, മീശ പിരിച്ച്, ചപ്പടാച്ചി കാണിക്കുന്ന റൗഡിക്കുട്ടപ്പന്മാര്‍, അവര്‍ മതമായാലും രാഷ്ട്രീയമായാലും പുരുഷാധിപത്യ ശക്തിയാലും, മഹത്തായ എഴുത്തുകാരന്റെ/ കാരിയുടെ ജീവിത സാംസ്‌കാരിക പഥത്തിലെ കേവലം കീടങ്ങളല്ലേ? അവിടെയൊന്നും പതറാതെ ധീരമായി എഴുതുക എന്നത് മാത്രമാണ് അത്തരം പ്രശ്‌നം ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരുടെ ധര്‍മ്മം. അത്തരത്തിലുള്ള എഴുത്തുകാര്‍ ധീരത കാണിക്കാതെ, തഞ്ചത്തിന് എഴുതിയാല്‍ നിലനില്‍ക്കുന്ന പഴകിയ മൂല്യവ്യവസ്ഥകള്‍ തകരുകയില്ല. അങ്ങനെ വരുമ്പോള്‍ എഴുത്തു രക്ഷപ്പെടില്ല. എഴുത്തുകാരും രക്ഷപ്പെടില്ല. എഴുത്ത് വ്യവഹരിക്കുന്ന സമൂഹവും രക്ഷപ്പെടില്ല. സര്‍ഗാത്മാകതയുടെ ശത്രുവാണ് അനുരഞ്ജനം.