പരിസ്ഥിതി സ്ത്രീവാദം - മനുഷ്യനിലും സര്‍വചരാചരങ്ങളിലും


ഡോ.മിനി പ്രസാദ്‌



സ്ത്രീയിലും ,പ്രകൃതിയിലും സമാനചേതനയാണ് നിറഞ്ഞുനില്‍ക്കുന്നത്. പ്രപഞ്ചത്തെയും പ്രകൃതിയേയും ബഹുമാനത്തോടെ വീക്ഷിച്ചിരുന്ന അസംസ്‌കൃതനായ പ്രാകൃതമനുഷ്യനില്‍നിന്ന് സംസ്‌കൃതനായ ആധുനിക മനുഷ്യനിലെത്തിയതോടെ പ്രകൃതി ചൂഷണത്തിനുള്ള വിഭവംമാത്രമായി ചുരുങ്ങിപ്പോയി. കൂടുതല്‍ കൂടുതല്‍ ലഭിക്കാനുള്ള ആര്‍ത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിച്ചു. ഇതിന്റെ അവസാനമെന്നോണം പ്രകൃതി ക്ഷോഭിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവള്‍ സര്‍വംസഹ എന്നപോലെ കോപാകുലയുമാവും എന്ന ബോധ്യം മനുഷ്യസമൂഹത്തിനുണ്ടായത്. പ്രകൃതിയുടെ ക്ഷോഭകാരിയായ മുഖത്തെ നേരിടാനാവട്ടെ അവന്റെ ശാസ്ത്രവിജ്ഞാനങ്ങളില്‍ ഉപാധികളൊന്നുമില്ലായിരുന്നു. അതോടെയാണ് തങ്ങള്‍ ജീവിക്കുന്ന ഭൂമിയുടെ ജൈവാംശം മെല്ലെമെല്ലെ ചോര്‍ന്നു വരികയാണെന്ന അറിവ് ചിന്തിക്കുന്ന മനസ്സുകളെ നൊമ്പരപ്പെടുത്തിതുടങ്ങിയത്. തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താവുന്നതോ അവഗണിക്കാവുന്നതോ അല്ല പ്രകൃത്യാവബോധം എന്നൊരു ഉണര്‍വ്വിലേക്ക് മാനവസമൂഹം എത്തിച്ചേരുന്നത് അങ്ങനെയാണ്. പ്രകൃതിയോടിണങ്ങുന്ന ഒരു ജീവിതപ്രവര്‍ത്തനശൈലിയുടെ അനിവാര്യതയേയും ആവശ്യകതയേയും കുറിച്ചുളവായ ഈ ഉണര്‍വ് രാഷ്ട്രീയം രാഷ്ട്രീയം സാമ്പത്തികശാസ്ത്രം, മന:ശാസ്ത്രം, സ്ത്രീവാദം, സാഹിത്യം എന്നിങ്ങനെ സകലമേഖലകളിലേക്കും ഇന്ന് വ്യാപിച്ചിട്ടുണ്ട്. ഇക്കോഫെമിനിസം എന്ന പരിസ്ഥിതി സ്ത്രീവാദത്തിനുപിന്നിലും ഇതേ വെളിപാടാണുള്ളത്.

എല്ലാചരിത്ര സംസ്‌ക്കാരങ്ങളുടെയും ആദ്യ അദ്ധ്യായങ്ങളില്‍ മാതൃദേവതാസങ്കല്‍പ്പങ്ങളേയുള്ളൂ. ഗയ എന്ന ഭൂമിദേവതയേയും ഡിമീറ്റര്‍ എന്ന ഭാഗ്യദേവതയേയും ആരാധിച്ചിരുന്ന ഗ്രീക്ക് സംസ്‌ക്കാരവും ഔഷധങ്ങളുടെയും കൃഷിയുടെയും ദേവതയായി ഇസിസിനെ ആരാധിച്ചിരുന്ന ഈജിപ്ഷ്യന്‍ സംസ്‌ക്കാരവും ഉദാഹരണങ്ങളാണ്. 'യാദേവിസര്‍വ്വഭൂതേഷൂ' എന്ന വാക്കുകള്‍ പ്രാണവായുവിനുസമം സ്വീകരിച്ചിരുന്ന ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ അടിസ്ഥാനംപോലും ദേവതാസങ്കല്‍പ്പങ്ങളായിരുന്നു. ജൂതക്രൈസ്തവമതങ്ങളുടെ കടന്നുവരവോടെയാണ് മാതൃദേവതയെ തിരസ്‌ക്കരിച്ചുകൊണ്ട് പുരുഷദൈവപ്രതിഷ്ഠനടന്നത്. അവിടെ പുരുഷന്റെ വാരിയെല്ലില്‍നിന്ന് സൃഷ്ടിക്കപ്പെട്ട സ്ത്രീ അവനുവേണ്ടിയുള്ളവളായിരുന്നു. ഭൂമിയാവട്ടെ അവന്റെ വിഭവസമാഹരണത്തിനും, ജിജ്ഞാസയുടെ തലംവിട്ട് ശാസ്ത്രം പ്രായോഗികതയിലേക്ക് നീങ്ങിയതും സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പൊതുവായി പ്രകൃതിയുടെയും പരിസ്ഥിതിയുടെയും വിലയിടിവിന് കാരണമായി. ഇവയോടൊപ്പം സ്ത്രീയും ചൂഷണത്തിനുള്ള വസ്തുമാത്രമായി തരംതാഴ്ത്തപ്പെട്ടു. സംസ്‌ക്കാരത്തോട് അടത്തുനില്‍ക്കുന്ന പുരുഷന്‍ മേന്മയേറിയവനും അതില്‍ നിന്നകന്ന് ഗുഹാന്തര്‍ഭാഗത്തുനില്‍ക്കുന്ന സ്ത്രീ മേന്മകുറഞ്ഞവളുമായി മാറി. അങ്ങനെ അവന്റെ ഇച്ഛകളിലൂടെ അവന്‍ നിര്‍മ്മിച്ച നിയമങ്ങളിലൂടെ ലോകം മുന്നോട്ടുപോയി. ഈ മൂല്യവ്യവസ്ഥക്കെതിരെ സ്ത്രീകൂട്ടായ്മ ശക്തമായത് ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലായിരുന്നു. സംസ്‌ക്കാരത്തിന്റെ നിര്‍മ്മാണത്തിലും സംഭാവനകളിലും തങ്ങള്‍ പുരുഷന്മാര്‍ക്കൊപ്പമാണെന്ന ഉറച്ചബോധ്യമായിരുന്നു അവരെ ഇത്തരം ഒരു ബോധ്യത്തിലെത്തിച്ചത് ലോകത്തിന്റെ ഇന്നത്തെ അവസ്ഥകളില്‍ നിന്ന് അതിന്റെ സ്വഭാവിക അവസ്ഥകളിലേക്ക് തിരികെ എത്തിക്കാന്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ പുനരുജ്ജീവിപ്പിക്കാന്‍ സ്ത്രീക്കാണു കഴിയുക എന്നബോധ്യമാണ് ഇക്കോഫെമിനിസം (Eco-Feminism) എന്ന പരിസ്ഥിതി സ്ത്രീവാദത്തിനാധാരമായത്. വ്യവസായവിപ്ലവത്തിന്റെ ഫലമായി മനുഷ്യന്‍ ഇല്ലായ്മ ചെയ്ത ഈ ഭൂമിക്ക് അതിന്റെ സഹജാവസ്ഥകള്‍ തിരികെ നല്‍കാന്‍ എന്തുചെയ്യണം എന്ന ചോദ്യത്തിനുത്തരമാണ് പരിസ്ഥിതി സ്ത്രീവാദം.

1962ലാണ് റോയല്‍ കാഴ്‌സണ്‍ സൈലന്റ് സ്പ്രിങ്ങ് (Silent Spring) പ്രസിദ്ധീകരിക്കുന്നത്. കീടനാശിനികളുടെ അമിതോപയോഗത്തിന്റെ ഫലമായി കിളികള്‍ പാടാത്ത പൂക്കള്‍ വിരിയാത്ത ഒരു വസന്തം ഉണ്ടാവാന്‍ പോവുന്നു എന്ന അറിവ് ഒരു ഞെട്ടലോടെ മനുഷ്യരാശി ഏറ്റുവാങ്ങി. മനുഷ്യന്റെ വികര്‍ഷങ്ങള്‍ കൊണ്ടുതന്നെയാണ് ഈ വികര്‍ഷങ്ങള്‍ സംഭവിക്കാന്‍ പോവുന്നതെന്ന അപാരമായൊരു കുറ്റബോധമാണ് മാനവരാശിക്കു നല്‍കിയത്. പൊതുവെ ഹരിത ചലനങ്ങളുടെ തുടക്കം ഇവിടെയാണ് നടക്കുന്നത്. ഭൂമിക്കുനേരിടാന്‍ പോവുന്നൊരു വിപത്തിനെ ശാസ്ത്രീയമായും വൈകാരികമായും ആദ്യം നേരിടുന്നതൊരു സ്ത്രീയാണെന്നോര്‍ക്കുന്നതോടൊപ്പം ഭ്രാന്തുപിടിച്ച ഓട്ടങ്ങള്‍ക്കിടെ കാല്‍ക്കീഴിലമരുന്ന നിലവിളികള്‍ക്ക് ചെവി 'മനുഷ്യനെ'ന്നോ ആര്‍ദ്രത നഷ്ടപ്പെട്ടതും അറിയുക.
സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തിനിടയ്ക്ക് മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആര്‍ദ്രമായൊരുകണ്ണി അറ്റുപോയതും നാമറിയേണ്ടതുണ്ട്. ഈയൊരു അന്യവത്ക്കരണത്തില്‍നിന്നും അവനെ പ്രകൃതിയുമായുള്ള ഗാഢപാരസ്പര്യത്തില്‍ എത്തിക്കുകയാണ് ഇന്നാവശ്യം. ഇതാണ് ഇക്കോഫെമിനിസത്തിന്റെ ലക്ഷ്യം. പുരുഷനില്‍നിന്നുള്ള മോചനമായിരുന്നു ലിബറല്‍ ഫെമിനിസം ലക്ഷ്യമാക്കിയതെങ്കില്‍ ഇക്കോഫെമിനിസം സഹവര്‍ത്തിത്ത്വമാണ് ആഹ്വാനം ചെയ്യുന്നത്. ചുറ്റുമുള്ള എന്തിനെയും വസ്തുക്കളായി മാത്രം കാണാനാവുന്ന പുരുഷമനോഭാവത്തില്‍ നിന്ന് സൂക്ഷിക്കാനും സംരക്ഷിക്കാനും കഴിയുന്ന സ്‌ത്രൈണസത്തിയിലേക്കുള്ള വ്യതിയാനം. അക്രമവാസന ഏറ്റവും കുറഞ്ഞ സ്‌ത്രൈണസത്തയിലേക്കുള്ള വ്യതിയാനം. അക്രമവാസന ഏറ്റവും കുറഞ്ഞ സ്‌ത്രൈണസത്ത ധാര്‍മ്മികമായിപ്പോലും പുരുഷസത്തയേക്കാള്‍ എത്രയോ മുന്നിലാണ്. നമ്മുടെ ശരീരവും ഒരു ഗ്രഹമാണെന്നും ഈ നീലഗ്രഹത്തിലെ ജീവന്റെ വലയിലെ ഒരു കണ്ണിമാത്രമാണ് മനുഷ്യനെന്നും നമുക്കുചുറ്റും അതീവ സൂക്ഷ്മമായൊരു പ്രപഞ്ചം സ്പന്ദിക്കുന്നുണ്ടെന്നുമുള്ള അറിവ് നമുക്കുണ്ടാവേണ്ടതുണ്ട്. ഈ ഭൂമി മനുഷ്യനില്‍ നിന്ന് ഇന്നാവശ്യപ്പെടുന്നത് ശ്രദ്ധയുള്ള സഹഭാവവുമാണ്. സഹതാപമേയല്ല. ഇക്കോഫെമിനിസത്തന്റെ അടിസ്ഥാനഭാവവും ഇതേ സഹഭാവമാണ്. ഉപഭോഗസംസ്‌ക്കാരത്തിന്റെയും പരസ്യവിപണിയുടെയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണല്ലോ. ഗൃഹതലഉപഭോഗത്തിന്റെ ചുക്കാന്‍ പിടിക്കുന്നതിനാല്‍ സ്ഥായിയായ ഒരു സമ്പദ്‌വ്യവസ്ഥക്ക് കരുത്തുറ്റ സംഭാവനകളേകാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് ഇക്കോഫെമിനിസം വിശ്വസിക്കുന്നു. സ്ഥിരമായൊരു സമ്പദ്‌വ്യവസ്ഥ പരിസ്ഥിതി സംതുലനത്തിന് ഏറ്റവും ആവശ്യമാണ്. ഒന്നിന്റെ താളം പിഴയ്ക്കുന്നതോടെ മറ്റതിന്റെ താളവും ഇളകുന്നു.

ഈ പ്രസ്ഥാനം പൊതുവായി ചൂഷണം അനുഭവിക്കുന്ന എന്തിനോടും സഹഭാവം പുലര്‍ത്തുന്നു. ഭൂമി നഷ്ടപ്പെടുന്ന കീഴാളനും വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവനും സാങ്കേതിക വിദ്യയുടെ മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നവരും സ്ത്രീത്വത്തിന്റെ പേരില്‍ കടന്നാക്രമണം നേരിടുന്നുവെന്നും നശിച്ചുകൊണ്ടിരിക്കുന്ന സസ്യജാലവും അന്യംനില്‍ക്കുന്ന ജന്തുവിഭാഗങ്ങളും ഇക്കോഫെമിനിസ്റ്റ് വീക്ഷണത്തില്‍ സമാനമുഖത്തോടെ സ്വീകരിക്കപ്പെടുന്നു. മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ചാവുമ്പോള്‍ പലപ്പോഴും വെള്ളത്തിനും ഭൂമിക്കും വനത്തിനുമായുള്ള നിലവിളി സ്ത്രീയുടെ നിലവിളിതന്നെയാണ്. കുടിവെള്ളത്തിനായി മൈലുകളോളം സഞ്ചരിക്കുന്നതും വനവിഭവങ്ങള്‍ ശേഖരിക്കുന്നതും സ്ത്രീ തന്നെയാണ്. ചിപ്‌കോ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഹിമാലയന്‍ സാനുക്കളിലെ മരങ്ങള്‍ പുണര്‍ന്നു നിന്ന സ്‌നേഹവും സിംഹവാലന്‍ കുരങ്ങുകളെയും സൈലന്റ്‌വാലിയേയും സംരക്ഷിക്കാനായി കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളും ഓര്‍ക്കുക. വടക്കേയിന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരത്തെപ്പറ്റി അന്വേഷിക്കാന്‍ വി.പി.സിങ്ങ് സര്‍ക്കാര്‍ നിയമിച്ച രാമമൂര്‍ത്തി കമ്മറ്റി ഗ്രാമാന്തരങ്ങളില്‍ കുടിവെള്ളം എത്തിക്കാനായിരുന്നു ശുപാര്‍ശ ചെയ്തത്. അറിയുക ഭൂമിയുടെ ബലഹീനത സ്ത്രീയുടേതുമാണ്. സ്ത്രീയുടെ ക്ഷേമവും വികസനവും ഭൂമിയുടേതും. പ്രകൃതി ഇനിമേല്‍ നമുക്കൊരു കൗതുകമേയല്ല. നമ്മുടെ സത്തയാണ്. മണ്ണും വെള്ളവും സസ്യങ്ങളും ജന്തുജാലങ്ങളും ചേര്‍ന്നതാണ് സമുദായം. എന്നൊരു പുത്തനുണര്‍വ്വാണ് നമുക്കുവേണ്ടത്.

ഇതൊരു ദര്‍ശനമെന്നതില്‍ക്കവിഞ്ഞ് അവസാനത്തെ ജീവനോപായമാണെന്നറിയുക. ഒരു പ്രകൃത്യാഭിമുഖ്യത്തില്‍ നിന്ന് ശാസ്ത്രീയമായൊരു പഠനത്തില്‍നിന്നും വേറിട്ട് ഭൂമുഖത്ത് അവസാനത്തെ വൃക്ഷത്തിന്റെ അവസാനശാഖയിലെ അവസാനത്തെ പൊത്തില്‍ കൂടുകൂട്ടിയിരിക്കുന്ന കിളിയെപ്പോലെയാണ് ആധുനികമനുഷ്യന്‍. ഈഗ്രഹം വരും തലമുറക്ക് ജീവിക്കാനുതകുംവണ്ണം കൈമാറണമെങ്കില്‍ നമ്മുടെ ജീവിതരീതി സമൂലം മാറേണ്ടതുണ്ട്. സഹഭാവത്തിന്റെ കനിവിലൂടെ ചെയ്ത തെറ്റുകള്‍ക്കത്രയും ഈ ഭൂമിയോട് പ്രായശ്ചിത്തം ഇരക്കേണ്ടതുണ്ട്. ഈ പ്രായശ്ചിത്തത്തിനുള്ള ഒരേയൊരുവഴിപോലും ഈ സഹഭാവം മാത്രമാണ്. അതുകൊണ്ടാണ് ഇക്കോഫെമിനിസത്തെ ഉപജീവനത്തിന്റെ ഫെമിനിസം എന്നു വിളിക്കുന്നത്.