ലക്ഷ്മി മേനോന്‍
“വല്ല്യേച്ചി എന്റെ പുസ്തകം കിട്ടിയോ?
വീട്ടിലെത്തേണ്ട താമസം,കൊച്ചനിയത്തി ദേവി പുസ്തകത്തിനുവേണ്ടി ഓടി വന്നു.
അപ്പോഴാണ് സതി അതിനെക്കുറിച്ച് ഓർത്തതു തന്നെ. രാവിലെ പോകാൻ നേരം അവൾ
പ്രത്യേകം ഓർമ്മിപ്പിച്ചതാണ്. അവളുടെ സയൻസ് നോട്ടുബുക്ക്
കഴിയാറായിരിക്കുന്നുവെന്നും ഉടൻ ഇരുനൂറു പേജിൽ വരയില്ലാത്ത ഒരെണ്ണം
വാങ്ങിക്കൊണ്ടുവരണമെന്നും അവൾ ചേച്ചിയെ പ്രത്യേകം ഓർമ്മിപ്പിച്ചതാണ്.
”ഇല്ല,അനിയത്തി നാളെ മറക്കാതെ കൊണ്ടുവരാം.
ദേവി എന്തോ
പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയപ്പോൾ സതിക്കു വല്ലാത്ത കുറ്റബോധം തോന്നി.
എവിടേയോ, എന്തെല്ലാമോ കുഴപ്പമുണ്ട്. എന്താണെന്നറിഞ്ഞെങ്കിൽ...മേഴ്സിയെ
തനിച്ചൊന്നു കിട്ടിയെങ്കിൽ...അവളാശിച്ചു.
ജോയിക്കു പോലും അറിയില്ലെങ്കിൽ
എന്തായിരിക്കും അതിനു തക്കതായി സംഭവിച്ചിരിക്കുന്നത്?
അമ്മ കൊണ്ടുവന്നു വെച്ച
ചൂടുള്ള ചായയും വടയും കഴിക്കുമ്പോഴേക്കും അവളുടെ ചിന്ത മേഴ്സിയെക്കുറിച്ചായിരുന്നു.
മേഴ്സിയുടെ വിവാഹം അവളുടെ സമ്മതമില്ലാതെ അപ്പൻ ഉറപ്പിച്ചിരിക്കുമോ?
അതുകൊണ്ടായിരിക്കും അവൾ ജോയിയോടു പോലും പറയാത്തത്. മുൻകോപിയായ അപ്പന്റെ
നിർദ്ദേശപ്രകാരം അവൾ ജോയിയിൽ നിന്നും അകലാൻ ശ്രമിക്കുകയായിരിക്കും.
പാവം ജോയി!
പ്രിയപ്പെട്ടവളെ കാണാത്തതിൽ ജോയി എന്തുമാത്രം ദുഃഖിക്കുന്നു. അതുവരെ ഉണ്ടായിരുന്ന
ചിരിയും കളിയും മേഴ്സിയുടെ വിവരമറിഞ്ഞപ്പോൾ പെട്ടെന്ന് ഓടിയൊളിച്ചു. ആ മുഖത്ത്
എത്ര വേഗമാണ് കാർമേഘങ്ങൾ ഉരുണ്ടുകൂടിയത്.
അങ്ങിനെയാണെങ്കിൽ താനെന്തു
പിഴച്ചു? എന്തിനു തന്നെ വെറുക്കണം?ഒരു പക്ഷേ അവരുടെ അപ്പന്റെ കാതിൽ അവരുടെ
പ്രേമബന്ധത്തിന്റെ വിവരം എത്തിച്ചത് എല്ലാമറിയാവുന്ന ഈ സ്നേഹിതയായിരിക്കുമെന്ന്
പാവം മേഴ്സി തെറ്റിദ്ധരിച്ചു കാണും.
ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷ
അനുഭവിക്കേണ്ടി വന്നല്ലോ എന്നോർത്തപ്പോൾ സതി നെടുവീർപ്പിട്ടു.
ഗതി
കിട്ടാത്ത ആത്മാവിനെപ്പോലെ അവളുടെ ചിന്തകൾ വീണ്ടും ഉഴറി നടന്നു.
അതോ തന്റെ
വിവാഹവാർത്ത കേട്ടിട്ടായിരിക്കുമോ?മേഴ്സിയേക്കാൾ വേഗത്തിൽ താൻ വിവാഹിതയാവുന്നതിൽ
അവൾ അസൂയപ്പെടുന്നുണ്ടോ?
അവളുടെ ചിന്ത അത്രത്തോളം എത്തിയപ്പോൾ അവൾക്കു
തന്നോടു തന്നെ വെറുപ്പു തോന്നി.
ഛീ.....മേഴ്സി ഒരിക്കലും അത്തരക്കാരിയല്ല.
തന്റെ വിവാഹം കഴിഞ്ഞു കാണാൻ തന്നേക്കാൾ കൂടുതൽ ആശിക്കുന്നത് മേഴ്സിയാണെന്ന്
എത്രയോ തവണ തന്നോടവൾ പറഞ്ഞിട്ടുണ്ട്.
ആഫീസിൽ വെച്ചു സഹപ്രവർത്തകർ തന്റെ നേരെ
പരിഹാസത്തിന്റെ കൂരമ്പുകൾ എറിയുമ്പോൾ അവൾ തന്നെ സമാധാനിപ്പിക്കാറുണ്ട്.
“നീ വിഷമിക്കാതിരിക്ക് സതി. നിനക്കും നല്ലൊരുത്തനെ തന്നെ കിട്ടും.
ഇവരേക്കാൾ യോഗ്യനും മാന്യനുമായ ഒരുത്തനെ.”
അവളുടെ പ്രവചനം തെറ്റിയില്ല.
എന്നിട്ടും അത് യാഥാർത്ഥ്യമാകുമ്പോൾ അവളെന്തിനാണ് തന്നെ വെറുക്കുന്നത്?
വീണ്ടും ഒരു പ്ളെയിറ്റു നിറയെ ചൂടൂള്ള വടയുമായി തിരിച്ചെത്തി.
“നീ
എന്താ ആലോചിച്ചിരിക്കുന്നത്?”
ഇനിയും നീയൊന്നു സന്തോഷവതിയായിരിക്കാൻ
ഞങ്ങൾക്കാഗ്രഹമില്ലേ?
അമ്മ അവളുടെ അടുത്തിരുന്ന് മുടിയിഴകളിൽ
വാൽസല്യപൂർവം വിരലുകളോടിച്ചു. “മോളേ നിന്റെ ജാതകോം ശരിപ്പെട്ടു. പണിക്കരു
പറഞ്ഞതെന്താണെന്നറിയോ?നിങ്ങളു ടെ രണ്ടാളുടേയും ജാതകങ്ങൾ തമ്മിൽ ഒന്നാന്തരം
ചേർച്ചയാണത്രെ. അന്നേ അങ്ങേര് പറഞ്ഞതാണ് മാലയോഗം എന്റെ മോൾക്ക് ആറു
മാസത്തിനുള്ളിൽ നടക്കുമെന്ന്. അന്ന് ഞാനും നിന്റെ അച്ഛനും അതിലത്ര വിശ്വസിച്ചില്ല
ട്ടോ മോളേ...
അമ്മയും സന്തോഷത്തോടെ ഒരു വടയെടുത്ത് തിന്നാൻ തുടങ്ങി.
”മുരളി പറഞ്ഞിരിക്കുന്നത് സ്ത്രീധനം കൂടി വേണ്ടാന്നാത്രെ. നിന്റെ ആഢംബരമില്ലാത്ത
വസ്ത്രധാരണവും എളിമയായ പെരുമാറ്റവും അവന് അത്രക്ക് ഇഷ്ടപ്പെട്ടുവത്രെ. അവന്റെ
അമ്മാവനാണ് അത് അച്ഛനോട് പറഞ്ഞത്. ഒരുദ്യോഗസ്ഥയുടെ തണ്ടൊന്നുമില്ലാതെ വിനയവും
അടക്കവും ഒതുക്കവും ഉള്ള നിന്റെ സ്വഭാവമാണത്രെ നിന്നെ ഇഷ്ടപ്പെടുവാനുണ്ടായ കാരണം.
എല്ലാം എന്റെ മോളുടെ ഭാഗ്യം.
മകളുടെ ഒഴിഞ്ഞ ഗ്ളാസ്സിലേക്ക് വീണ്ടും ചായ
ഒഴിച്ചുകൊണ്ടവർ തുടർന്നു,“ അടുത്ത മാസം നാലാം തീയതി ഒരു മുഹൂർത്തമുണ്ടത്രെ. നിന്റെ
അച്ഛനും അതു സമ്മതമാണ്. നിനക്കിനി എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ പറഞ്ഞോ ട്ടോ”.
എല്ലാം കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല. ആഹ്ളാദം കൊണ്ടു ശ്വാസം മുട്ടേണ്ട
സമയത്ത് മനസ്സിൽ തീയായിരുന്നു. എല്ലാം അച്ഛനും അമ്മയ്ക്കും വിട്ടു തന്നിരിക്കുന്നു
എന്നർത്ഥത്തിൽ അവൾ ചെറുതായി പുഞ്ചിരിച്ചു.
കല്യാണത്തിനിനിയും വെറും ഇരുപതു
ദിവസങ്ങൾ മാത്രം. ആനന്ദ സാഗരത്തിൽ ആറാടി കടക്കണ്ണുകളി ൽ സ്വപ്നങ്ങളും .,അധരങ്ങളിൽ
നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിപ്പൂക്കളുമായി തുള്ളിച്ചാടി നടക്കേണ്ടവൾ.
പക്ഷേ
തന്റെ ഇപ്പോഴത്തെ സ്ഥിതിയോ?
ഹൃദയം തുറന്നൊന്നു ചിരിക്കാൻ പോലും കഴിയുന്നില്ല.
തന്റെ ഹൃദയരഹസ്യങ്ങൾ കൈമാറാനും സന്തോഷത്തിൽ പങ്കു കൊള്ളാനും അടുത്ത
കൂട്ടുകാരികളാരും ഇല്ലെന്നോർത്തപ്പോൾ സതിയുടെ മിഴിയിണകൾ ഈറനണിഞ്ഞു.
എപ്പോഴും മൂകയായിരിക്കുകയും എന്തോ ഓർത്തിട്ടെന്ന പോലെ ദുഃഖിക്കുകയും
ചെയ്യുന്ന മകളെ കണ്ടപ്പോൽ അമ്മയ്ക്കും വല്ലാത്ത വിഷമം.
“എന്തു പറ്റീ സതീ?
നീയെന്തായിങ്ങനെ തൂങ്ങിപ്പിടിച്ചിരിക്കുന്നത്? അമ്മയുടെ വേവലാതി നിറഞ്ഞ ചോദ്യം.
”ഒന്നുമില്ലമ്മേ അമ്മയ്ക്കു തോന്നുന്നതാ...അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
തന്റെ മറുപടി അമ്മയെ സംതൃപ്തിപ്പെടുത്തിയില്ലെന്നറിയാം. എന്നാലും മറ്റൊന്നും
പറയുവാനില്ലാത്തതുകൊണ്ടാണ് ഒന്നൂല്യ എന്നു പറഞ്ഞൊഴിയുന്നത്.
“അങ്ങിനെ
പറഞ്ഞാൽ മതിയോ? നിന്റെ മുഖത്തു നോക്കിയാലറിയാം.എന്തോ ദുഃഖം നിന്നെ
അലട്ടുന്നുണ്ടെന്ന് .എന്താണെങ്കിലും അമ്മോട് മോള് തുറന്നു പറയു.”
ഒരു
നിമിഷം അവർ ചോദിച്ചു “നിനക്കെന്താ ഈ കല്യാണത്തിന് ഇഷ്ടമല്ലെ? സത്യം പറഞ്ഞോ”
പാവം അമ്മ! അമ്മയെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്. സ്നേഹിക്കാൻ
മാത്രം അറിയാവുന്ന തന്റെ അമ്മ!
മേഴ്സിയുടെ പിണക്കത്തെക്കുറിച്ച്
പറഞ്ഞാൽ അമ്മ എന്തു വിചാരിക്കും?താനും മേഴ്സിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം
അമ്മയുണ്ടോ അറിയുന്നു?ഇനി പറഞ്ഞാൽ തന്നെ അമ്മയത് വിശ്വസിക്കുമോ?ഇനി അഥവാ
വിശ്വസിച്ചെന്നു തന്നെ ഇരിക്കട്ടെ ബുദ്ധിയില്ലാ അവളെന്നു പറഞ്ഞ് തന്നെ വഴക്കു
പറയില്ലേ?
മുരളിച്ചേട്ടനെ ഇഷ്ടപ്പെടാതിരിക്കാനാർക്കാണ്
കഴിയുക?സുന്ദരനും,സുശീലനുമായ ചെറുപ്പക്കാരൻ. പ്രാരാബ്ദ ങ്ങളൊന്നുമില്ലാത്ത
കുടുംബത്തിലെ രണ്ടു മക്കളി ൽ മൂത്തവൻ. ബി.ഇ.പാസ്സായി എഞ്ചിനീയറായി ജോലി ചെയ്യുന്നു.
നല്ല ശമ്പളം. സമൂഹത്തിൽ നല്ല സ്ഥാനം. ഇതില്‍പ്പരം ഒരു പെണ്ണിന് എന്താണ്
ആശിക്കാനുള്ളത്?
സൗന്ദര്യം കുറഞ്ഞ തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു
മഹാഭാഗ്യമല്ലേ?സ്ത്രീധനം വേണ്ടെന്നു പറഞ്ഞതു തന്നെ വലിയൊരു ഭാഗ്യം. എന്നിട്ടാണൊ
അമ്മയുടെ ഇങ്ങിനെയൊരു ചോദ്യം?
തല്ക്കാലം അമ്മയുടെ മുമ്പിൽ നിന്നും
രക്ഷപ്പെടാനായി ഒരു സൂത്രം പറഞ്ഞു.
“ഈയിടെയായി ആഫീസിലൊത്തിരി
ജോലിയുണ്ട്.വീട്ടിലെത്തുമ്പോഴേക്കും ക്ഷീണിച്ചു പോകുകയാണ്.
അത് അമ്മയെ
അല്പ്പം സംതൃപ്തയാക്കിയെന്നു തോന്നുന്നു.
”നീ ഇങ്ങിനെ ക്ഷീണിച്ച് പണിക്കൊന്നും
പോണ്ട. ഇനി ഏതായാലും പണിക്കൊന്നും പോണ്ട. ഉള്ള ലീവെടുത്ത് വീട്ടിലിരുന്ന് ദേഹം
നേരെയാക്കാൻ നോക്ക്`.
അമ്മയുടെ വാൽസല്യം നിറഞ്ഞ ഉപദേശത്തിൽ ഇഴുകി
ചേരുമ്പോൾ വല്ലാത്ത ആത്മനിന്ദ തോന്നി.
മകളുടെ ക്ഷീണത്തെക്കുറിച്ച്
ഒട്ടും വൈകാതെ അച്ഛന്റെ ശ്രദ്ധയിലും എത്തിച്ചു.
നാളെ പോയി ഒരാഴ്ച്ചത്തെ
ലീവെടുത്ത് പോര്. അതുകഴിയുമ്പോള്‍ ഇൻവിറ്റേഷൻ കാർഡുമായി പോയാൽ മതി. ബാക്കിയുള്ള
ലീവ് അപ്പോഴും എടുക്ക്. നിന്റെ ദേഹം ഇങ്ങിനെ ക്ഷീണിക്കാൻ ഞാൻ സമ്മതിക്കില്ല.
അച്ഛന്റെ സുഗ്രീവാജ്ഞക്കു മുമ്പിൽ മറുത്തൊന്നും പറയാൻ തോന്നിയില്ല.
പലതവണ പിറ്റേന്നു മെഴ്സിയെ കാണാൻ ശ്രമിച്ചു. എന്നാലൊരികലും അവളെ തനിയെ
കിട്ടിയില്ല. സാവിത്രിയോ, ലില്ലിക്കുട്ടിയോ ഒരു ബോഡീഗാർഡിനെപ്പോലെ അവളുടെ
കൂടെയുണ്ടാവും.
ഒരാഴ്ച്ചത്തെ ലീവെടുക്കാൻ തീർച്ചയാക്കിയതുകോണ്ടാണ് എന്തും
വരട്ടെയെന്നു കരുതി സാവിത്രിയുടെ മുന്നിൽ വെച്ചു തന്നെ മേഴ്സിയോട്` ചോദിച്ചു.
“എന്തിനാ മേഴ്സി എന്നോടിങ്ങനെ പിണങ്ങി നടക്കുന്നത്? ഞാനെതു തെറ്റു ചെയ്തു?
എന്നോടൊരിക്കലെങ്കിലും പറയു.
ഇതിനുള്ള മറുപടി ഞാനല്ല തരേണ്ടത്. സ്വന്തം
മനസ്സാക്ഷിയാണ്. വീണ്ടും അതേ വാക്കുകൾ.
മുഖത്തടിച്ചതു പോലെയുള്ള അവളുടെ
മറുപടി കേട്ട സതി അമ്പരന്നു.
മേഴ്സി പിണങ്ങിയതിന് എന്റെ മനസ്സാക്ഷിക്കെന്തു
ചെയ്യാൻ കഴിയും?
ആവോ എനിക്കറിയില്ല. വിശ്വസ്ത കൂട്ടുകാരിയായി
അഭിനയിക്കുകയായിരുന്നില്ലേ?
കൂടുതലൊന്നുംകേൾക്കാനോ പറയാനോ കഴിയാതെ ചെവികൾ
രണ്ടും പൊത്തിപ്പിടിച്ച് തന്റെ സീറ്റിൽ പോയിരുന്നു. സാവിത്രിയുടെ ഉച്ചത്തിലുള്ള
പരിഹാസച്ചിരി അവിടെ മുഴങ്ങിനിന്നു.
ഉച്ചക്കുശേഷം ലീവപ്ളിക്കേഷനുമായി വിജയൻ
പിള്ള സാറിനെ സമീപിച്ചു.
ഇന്നത്തെ ജോലിയെല്ലാം തീർത്തെ പോകാവു. ഒന്നും
പെന്റിങ്ങ് വെക്കാൻ പാടില്ല. മനസ്സിലായല്ലോ?
ശരി എന്നും പറഞ്ഞ് തിരിച്ചു
വന്ന് തിരക്കിട്ട് ജോലി തീർക്കാനാരംഭിച്ചു. ഒന്നിനു പിറകെ ഒന്നായി ആദ്ദേഹം മേശ
നീരച്ചു വെച്ചു. എത്ര ചെയ്തിട്ടും തീർന്നില്ല. മണി അഞ്ചായിട്ടും എഴുന്നേൾക്കാതെ
ഇരുന്ന് ജോലി ചെയ്തു.
എല്ലാവരും പ്പോയി. വിജയൻ പിള്ള സാറും, സതിയും,
ലില്ലിക്കുട്ടിയും മാത്രമായി. ഒരു ചെക്കിന്റെ സംശയവുമായി ചെന്നപ്പോൾ പെട്ടെന്നാണ്
വിജയൻ പി ള്ള സാർ സതിയുടെ കൈ കയറി പിടിച്ചത്.
“വിടു സാർ” അവൾ
അമർഷത്തോ ടെ പറഞ്ഞ് കൈ കുതറി .സാറൊന്ന് പിടിച്ചെന്നു കരുതി ഒന്നും
സംഭവിക്കാൻ പോകുന്നില്ല..ലില്ലിക്കുട്ടിയുടെ അഭിപ്രായം.
“ഇങ്ങനെ വിറ ളി
പിടിച്ചാലോ കുഞ്ഞേ? സതിയെ അദ്ദേഹത്തിന്റെ അടുത്തിരുത്താൻ ഒരു വൃഥാ ശ്രമം
നടത്തിക്കൊണ്ട് വിജയൻ പിള്ള സാർ കൊഞ്ചിപറഞ്ഞു.
സതിക്കൊട്ടും
ആലോചിക്കാനുണ്ടായില്ല. ഇടതു കൈകോണ്ട് സർവ്വശക്തിയും ഉപയോഗിച്ച് അവൾ ആഞ്ഞൊരടി
കോടുത്തു.
”ശരി, എനിക്കെന്തുചെയ്യാനൊക്കുമെന്ന് ഞാനും ഒന്നു നോക്കട്ടെ. സാറതു
പറഞ്ഞപ്പോൾ ലില്ലിക്കുട്ടി എഴുന്നേറ്റു വന്ന് അദ്ദേഹത്തിന്റെ കവിൾ തടവിക്കൊടുത്തു.
സതി പല്ലു ഞെരിച്ചുകോണ്ട് ബാഗുമെടുത്ത് പുറത്തിറങ്ങി.