എന്തിനീ കൊലവെറി....?



തങ്കച്ചന്‍ പന്തളം


മെക്സിക്കോയിലെ 
കഡറയ്റ്റ് ജിമനസില്‍ 
ലഹരിമരുന്നു മാഫിയ 
കൂട്ടക്കൊലചെയ്തത് നാല്‍പ്പത്തിഒമ്പതുപേരെ...

.....അഫ്ഗാനിലെ തെരുവോരങ്ങളില്‍ അല്‍ഖ്വൈദ അരിഞ്ഞുവീഴ്ത്തിയത് ആയിരങ്ങളെ... ....ഛത്തീസ്ഗഢിലും   ഒഡീഷ്യയിലും   മാവോയിസ്റുകള്‍ ചുട്ടുതള്ളിയത് നൂറുകണക്കിനു പോലീസുകാരെ...ലോകവ്യാപകമായ നിരന്തര പ്രതിഭാസം പോലെ കൊലപാതകപരമ്പരകള്‍ നീളുകയാണ്. ഒടുവില്‍ ഒഞ്ചിയത്ത് ഒറ്റ മനുഷ്യശരീരത്തില്‍ അന്‍പതിലേറെ മുറിവുകള്‍ തീര്‍ത്ത് പ്രബുദ്ധകേരളത്തിലെ പ്രായപൂര്‍ത്തിയെത്തിയ സാക്ഷര ബുദ്ധിരാക്ഷസര്‍ നിര്‍വ്വഹിച്ച ഇരുത്തംവന്ന ഭീകരകൊലപാതകവും, കുട്ടനാട്ടിലെ മുട്ടാറില്‍ വോട്ടവകാശംപോലുമില്ലാത്തവന്റെ എല്ലുറക്കാത്ത കരങ്ങള്‍കൊണ്ടു കാട്ടിക്കൂട്ടിയ ഒട്ടും മോശമല്ലാത്ത കുട്ടിക്കൊലവെറിയും അടുത്തടുത്ത നാളുകളില്‍ നടുക്കുന്ന വാര്‍ത്തകളായി വന്നപ്പോള്‍ കേരളത്തില്‍ അധികമാരും ഞെട്ടിയിട്ടുണ്ടാവില്ല. കാരണം അകാലത്തില്‍ തല്ലിക്കൊഴിക്കുന്ന ഇത്തരം ജീവന്റെ വര്‍ത്തമാനങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകളേ അല്ലാതായിരിക്കുന്നു. എന്നിരുന്നാലും എന്തേ... ഇവിടെ.... ഇങ്ങനെ...? എന്ന് ഒന്നുറക്കെ ചോദിക്കാന്‍ ഒരു ബൌദ്ധികനാവും വഴങ്ങാതെ പോകുന്ന കേരളത്തിന്റെ സാംസ്ക്കാരിക മരവിപ്പിനു എങ്ങിനെയാണാവോ ഉത്തരം തേടുക....? ഒരുപക്ഷേ ഈ കൊലപാതകങ്ങളെക്കാള്‍ ഭയപ്പാടുളവാക്കുന്നത് ഇത്തരം കാപട്യം നിറഞ്ഞ മൌനങ്ങളാണെന്ന് ഇനി എന്നാണാവോ നാം മനസ്സിലാക്കുക...? കൊല്ലാനുള്ള മൃഗശീലത്തിന് മനുഷ്യനോളം  പഴക്കമുണ്ടെന്നുള്ളത് അവന്റെ ജൈവപാരമ്പര്യപ്രശ്നമാണെന്നും, അത് അവനുള്ളിടത്തോളം ഒപ്പമുണ്ടാവുമെന്നൊക്കെ വാദിച്ച് തല്‍ക്കാലം ഒരു സാംസ്കാരിക മുഖം മിനുക്കലിന് ശ്രമിക്കാതിരിക്കാം. 
തിന്നാന്‍ വേണ്ടിമാത്രം കൊല്ലാറുണ്ടായിരുന്ന മൃഗവാസന 
ഒരിക്കലും ഒരു പ്രകൃതിവിരുദ്ധ പ്രക്രിയയായിരുന്നില്ല...
 ഇനി ആവണമെന്നുമില്ല. ജീവസന്ധാരണത്തിനു വേണ്ടിയുള്ള 
പ്രകൃതിദത്തമായ പ്രക്രിയക്കിടയിലെ 
 പരിണാമത്തിന്റെ ഏതോ ദശാസന്ധിയില്‍ പകയുടെയും, 
ദുരയുടെയും പരിപക്വമല്ലാത്ത 
മനുഷ്യചോദനകളിലൂന്നി ഉന്മൂലനത്തിന്റെ
 പ്രാകൃത തത്വശാസ്ത്രം 
സ്വന്തം രീതിബോധങ്ങള്‍ക്കുമേല്‍ 
എഴുതിച്ചേര്‍ത്ത 
ആധുനിക മാനവികതയുടെ വക്താക്കള്‍ക്കു പിഴച്ചിരിക്കുന്നു....

 നൂറുവട്ടം ഒരാള്‍ എങ്ങിനെ ജനിക്കണമെന്നും, ജീവിക്കണമെന്നും, മരിക്കണമെന്നുമൊക്കെ മറ്റൊരാള്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ദുരവസ്ഥ പ്രാകൃതി ഗോത്രസംസ്കൃതിയെപ്പോലും അമ്പരപ്പിക്കുന്നതാവും. അപരന്റെ ജീവനും, സ്വത്തിനും, സ്വാതന്ത്യ്രത്തിനുംമേല്‍ ഒരവകാശവും ആര്‍ക്കും തീറെഴുതാത്ത മനോജ്ഞമായ വ്യവസ്ഥാപിത സ്വപ്നമല്ലേ ജനാധിപത്യത്തിന്റെ മൂല്യവത്തായ സാംസ്കാരിക അംശം. അതിവിശിഷ്ടമായ ആ സാംസ്ക്കാരികപ്പോരിമക്കാണ് ഇപ്പോള്‍ ഭംഗം ഭവിച്ചുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയവും, മതവും, സാമൂഹിക സംഘടനകളും, മാധ്യമങ്ങളുമെല്ലാം ഈ സാംസ്കാരിക ച്യുതിക്ക് അടിമപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നെഴുതുമ്പോള്‍ വ്യക്തികളെയും, കുടുംബങ്ങളെയും ഒന്നും ഈ വിമര്‍ശന വൃത്തത്തില്‍നിന്നൊഴിവാക്കാന്‍ കഴിയാതെ വരുന്നുണ്ട്. കുട്ടനാട്ടിലെ കുട്ടിക്കൊലപാതകിയുടെ അച്ഛന്‍ അഞ്ചിലേറെ വിവാഹവും അതിലധികം ലഹരിവീര്യവുമായി കുടുംബബന്ധങ്ങളുടെ വിശ്വാസ്യത തകര്‍ത്ത് വിരാജിച്ചിരുന്ന ഒരു 'മഹിത' വ്യക്തിയാണെന്ന വാര്‍ത്ത ഈ സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഏതു കൊലപാതകത്തിന്റെയും പിന്നില്‍ കാരണങ്ങളുടെ നീണ്ടനിരയുണ്ടാവും. രാഷ്ട്രീയവൈരം, കുടിപ്പക, ധനലാഭം, മാനനഷ്ടം, ആഡംബരധൂര്‍ത്ത് തുടങ്ങിയ പ്രത്യക്ഷമായ മാനുഷിക പ്രശ്നങ്ങള്‍ക്കുശേഷവും അപഗ്രഥിക്ക പ്പെടേണ്ട മാനസീകവും, ജൈവപരവുമായ ഒട്ടേറെ കാരണങ്ങള്‍ വേറെയുമുണ്ടാവും. എല്ലാ കാരണങ്ങളുടെയും ഉത്തരങ്ങള്‍ കൂട്ടിക്കലര്‍ത്തി തത്വചിന്താപരമായ ഒരൊറ്റമൂലികയാക്കി അതിനു മാനവികതയെന്നോ മനുഷ്യസ്നേഹമെന്നോ നാമകരണം ചെയ്ത് അതിനുമുന്നില്‍ എപ്പോഴുമെന്നപോലെ മൌനിയാകാന്‍ മാത്രമെ നമുക്കു കഴിയുന്നുള്ളൂ എന്നത് വെറും തത്വചിന്തയല്ല. കേവലയാഥാര്‍ത്ഥ്യം തന്നെയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഒഞ്ചിയവും മുട്ടാറും ഇനിയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ടി.പി. ചന്ദ്രശേഖരനും, മാസ്റര്‍ ലെജിന്‍ വര്‍ഗ്ഗീസും കേരളത്തിന്റെ രക്തസാക്ഷികളല്ല. മറിച്ച് രക്തദാഹികളായ കൊലയാളികളുടെ മുന്‍കാല ക്രൂരതകള്‍ക്കുമുന്നില്‍ മലയാളികള്‍പൂണ്ട മൌനത്തിന്റെ പരിണിതഫലംതന്നെയാണ് എന്ന് മടികൂടാതെ കുറിക്കട്ടെ.


അന്യന്റെ കണ്ണീരിലലിയുകയും, അപരന്റെ നെഞ്ചുരുക്കമറിയുകയും ചെയ്യുന്ന മനസ്സെന്ന മഹാശേഷിയുള്ള അപൂര്‍വ്വ മൃഗമാണ് മനുഷ്യന്‍ എന്ന് സ്വന്തം മനസ്സാക്ഷിയോട് ഇടക്കിടെ ഒന്നോര്‍മ്മപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ കൊടുംക്രൂരമായ കൊലവറിയുടെ പിഴച്ച താളമേളങ്ങള്‍ മലയാളിയുടെ മാത്രമല്ല മാനവഗണത്തിന്റേ തന്നെ വികസനപരിണാമങ്ങളുടെ 'കുലംകുത്തി'യാവുന്നതു കാണേണ്ടിവരും. ചരിത്രം ഒരിക്കലും നിശ്ശബ്ദമാക്കാന്‍ അനുവദിക്കരുത്. അതു ശബ്ദമുഖരമാക്കേണ്ടതുണ്ട്. എഴുത്തുകാരും സാംസ്കാരിക സമ്പന്നരുമാണ്. പക്ഷെ നിര്‍ഭാഗ്യവശ്ശാല്‍ അതിവിടെ ആവശ്യാനുസരണം സംഭവിക്കുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ മനസ്സാക്ഷിയെ മുറിപ്പെടുത്തേണ്ട ഒഞ്ചിയം കൊലപാതകത്തെ അപലപിക്കാന്‍ വംഗപുത്രിയായ മഹാശ്വേതാദേവി മൈലുകള്‍താണ്ടി വന്നിട്ടും നാവനക്കാന്‍ ശ്രമിക്കാത്ത കേരളത്തിന്റെ സാംസ്കാരിക പാപ്പരത്തത്തിന് നാടുനീങ്ങുയുടെ മൂടുതാങ്ങിയാവാനുള്ള യോഗ്യതയെ ഉള്ളൂ എന്നുവേണം കരുതാന്‍.

 മിണ്ടാട്ടം നിലച്ചുപോയ വിമോചനപ്രസ്ഥാനങ്ങളുടെയും,
 മതേതരവാദികളുടെയും, 
വനിതാവേദികളുടെയും, 
ബുദ്ധകേസരികളുടെയുമെല്ലാം 
അവശേഷിക്കുന്ന മൃതപഞ്ചരങ്ങള്‍ക്ക് മുന്നില്‍ 
അവജ്ഞതയുടെ 
ഒരുപിടി കറുത്തപൂക്കള്‍.

നക്കാപ്പിച്ചക്കുവേണ്ടിയുള്ള കവിതയുടെ കാറലുകളും, പേരിനും, പെരുമക്കും വേണ്ടിയുള്ള സാംസ്കാരിക ജല്‍പ്പനങ്ങളും, അവാര്‍ഡിനും അംഗീകാരങ്ങള്‍ക്കുമായുള്ള രചനകളും, സംവാദങ്ങളും മുറക്കു ഇപ്പോഴും നടക്കുന്നുണ്ട്. സ്വാര്‍ത്ഥതയുടെ ഏതറ്റംവരെയും നീളുന്ന ഇത്തരം കാപട്യങ്ങള്‍ക്കുമുന്നിലാണ് മഹാശ്വേതാദേവിയുടെ ഇടപെടലുകള്‍ സാര്‍ത്ഥകമാകുന്നത്. കുറെ നീണ്ട മൌനത്തിനൊടുവില്‍ തണുത്തുറഞ്ഞ ചുള്ളിക്കാടിന്റെ ചുണ്ടുകളില്‍ ഒരുപുതിയ ജീവല്‍ഭയത്തിന്റെ ചകിതമായ കവിത വിടര്‍ന്നപ്പോള്‍ ഓര്‍ത്തുപോയത് ഇതുപോലൊരു കപടമൌനാചരണത്തിന് പരസ്യമായി അഴീക്കോടന്‍ മാഷിന്റെ തൊലിയുരിച്ച പഴയചൂടന്‍ ചുള്ളിക്കാടിനെയായിരുന്നു. പ്രിയ കവീ.... ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല. അതുകൊണ്ട് സത്യം പറയാന്‍ ബാദ്ധ്യസ്ഥനാണ്.... എന്ന് അങ്ങു പണ്ടുപാടിയത് എന്തിനുവേണ്ടിയായിരുന്നു.....?

ക്ളാസ്മുറിയിലെ അദ്ധ്യാപകന്റെ അരുംകൊലയും, കണ്ണൂരിലെ കൂട്ടഹത്യകളുമൊക്കെ കണ്ടുമരവിച്ച മലയാളികള്‍ക്ക് ഒഞ്ചിയത്തെ കൊടുംപാതകം ഒരു പുതുമയല്ലായിരിക്കാം. പക്ഷെ നിരായുധനായ മനുഷ്യനെ നിഷ്ക്കരുണം വെട്ടിവീഴ്ത്തി ജീവനെടുത്തശേഷവും പലവുരു കൊത്തിനുറുക്കിയ നിഷ്ഠൂരതക്ക് മൃഗീയത എന്ന വിശേഷണം ഒട്ടും ഭൂഷണമാവില്ല. കാരണം ഭൂമിയില്‍ ഇന്നവശേഷിക്കുന്ന ഒരു മൃഗത്തിനും ഇത്തരം വാസനഉള്ളതായി കേട്ടുകേള്‍വിയില്ല. മാസങ്ങളെടുത്ത് അതിസൂക്ഷ്മമായിരിക്കണമെന്ന് ആഗ്രഹിച്ച് അഹങ്കാരപൂര്‍വ്വം ആസൂത്രണം ചെയ്ത് ഈ കൊലപാതകത്തിനുപിന്നില്‍ ആരായിരുന്നാലും ആ ദുഷ്ടശക്തിയെ സമനിലതെറ്റിയവരുടെ സംഘടിത നെറികേടായിക്കണ്ട് ചോരച്ചൊരിച്ചിലിനെ വെറുക്കുന്ന നിര്‍ഭയനായ സാധാരണക്കാരനായി നിന്നു തള്ളിപ്പറയാനുള്ള സാമൂഹിക ഉത്തരവാദിത്തം നമുക്ക് ഏറ്റെടുക്കാം. ഇത്തരം തള്ളലും, കൊള്ളലുമാണല്ലോ സംസ്കാരത്തെ കുറെയെങ്കിലും കുറ്റമറ്റതാക്കുന്നത്.

ആഗോളകുത്തകകള്‍ അത്യാര്‍ത്ഥിയോടെ വായ്പിളര്‍ന്നു പതിയിരിക്കുകയും, അതിസങ്കീര്‍ണ്ണായ സാമ്പത്തിക ക്രമങ്ങളുമായി ലോകവിപണി തുറക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ സ്വകാര്യ ലാഭമോഹങ്ങളുടെ അതിരുകളും അതിവിചിത്രമായ രീതിയില്‍ വികസിക്കപ്പെടുന്നുണ്ട്. അത്ഭുതാവഹമായ സാമ്പത്തിക മുന്നേറ്റത്തില്‍ ഒരുവിഭാഗം അഭിരമിക്കുമ്പോള്‍ മറുവശത്ത് അസന്തുലിതമായ ജീവിത വഴികളില്‍ അസ്വസ്തതയുടെ നിഴലുകള്‍ പരക്കുന്നത് തികച്ചും സ്വാഭാവികം തന്നെ. സാമൂഹിക പരിസരങ്ങള്‍ ഇത്തരത്തില്‍ സഹിഷ്ണമാകുന്നതിന്റെ കാരണങ്ങള്‍ക്കൊപ്പം ഇതും കൂട്ടിച്ചേര്‍ക്കാം. പക്ഷെ ഒരുകാരണവും കൊലപാതകത്തിനു ന്യായീകരണമാവില്ലല്ലൊ. ആര് ആരെക്കൊന്നാലും.... അത് വേടന്‍ പക്ഷിയെ ആയാല്‍പോലും... അരുത് എന്നു പറയുന്നതായിരുന്നല്ലോ നമ്മുടെ മഹത്തായ പൈതൃകം. അതിനുവിരുദ്ധമായ ഏതുസാമൂഹിക മാറ്റത്തേയും, എന്തിന്റെ പേരിലായാലും ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.


കൊല്ലാനേ കഴിയൂ.... തോല്‍പ്പിക്കാനാവില്ല... 
ഓരോ തവണകേള്‍ക്കുമ്പോഴും 
സാര്‍വ്വഭൌതീക സമത്വസന്ദേശകരുടെയും 
അല്ലാത്തവരുടെയുമെല്ലാം രക്തസമ്മര്‍ദ്ദമുയര്‍ത്തിയിരുന്ന 
പഴയ ചെഗ്വേരിയന്‍ വിപ്ളവഗീതി 
പുതിയ ഈണത്തിലും ഭാവത്തിലും ഇക്കഴിഞ്ഞ 
മെയ് 5-ാം തിയതി കേരളം വീണ്ടും 
ഒരു സ്ത്രൈണസ്വരത്തില്‍ കേട്ടു. 

പ്രത്യയശാസ്ത്രത്തിന്റെ പ്രഭയടങ്ങിപ്പോയ ശോകഛവി കലര്‍ന്ന ഈ പഴയ തുണ്ടുപല്ലവിക്ക് യഥാര്‍ത്ഥ മനുഷ്യരെ ഇക്കുറി എങ്ങനെയൊക്കെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുമെന്ന മാനവികതയുടെ ചോദ്യത്തിന് വംഗപുത്രി ഉത്തരം നല്‍കിക്കഴിഞ്ഞു. പക്ഷെ എന്തിനി നിങ്ങളീ കമ്യൂണിസ്റിനെ ഇല്ലാതാക്കി....? എന്ന ഒഞ്ചിയത്തെ മണ്ണില്‍വീണ ചോരയുടെ മറുചോദ്യത്തിന് കാലം കാത്തിരിക്കുന്ന രക്തസാക്ഷികള്‍ മറുപടി നല്‍കട്ടെ....