ബാല്യ കാല സഖിയോട്‌


കരുണാനിധി 
 ഭിലായ്

നിനക്ക്‌ ഞാനെന്താണ്‌ തരേണ്ടത്‌
ബാല്യത്തിന്റെ തണലിൽ വിരിഞ്ഞ
വാകമരത്തിന്റെ തണുത്ത സ്പർശനങ്ങളും

ഞാവൽപ്പഴങ്ങളുടെ സുഗന്ധവും
നീ തന്നു
മണലിൽ വിളഞ്ഞ
സ്വപ്നങ്ങളുടെ കവിതകളും
മുന്തിരിവള്ളിയിൽ പൊതിഞ്ഞ
കൗമാരത്തിന്റെ മധുരചേഷ്ടകളും
നീ സമ്മാനിച്ചു
എന്റെ യൗവ്വനത്തിന്റെ
കത്തിക്കരിഞ്ഞ സൗരഭ്യങ്ങളും
മൗനം മൂടിനിന്ന്‌
ഉള്ളു കുടഞ്ഞ വിക്ഷോഭങ്ങളും
നിന്റെ മുലകൾക്കിടയിലാണ്‌
നീ സൂക്ഷിച്ചതു

എന്റെ കവിതകളിലേക്ക്‌ ചാഞ്ഞു വീഴുന്ന
അദൃശ്യമായ നിന്റെ തീരങ്ങളിൽ ഞാനിപ്പോഴും ഉണരാറുണ്ട്‌.
ഉൻമത്തമായ ഒരു സ്വപ്നം പോലെ
നിന്റെ മുഖവും ഉടലും
എന്നിലൂടെ കടന്നുപോവാറുണ്ട്‌

മൂടൽമഞ്ഞിനുള്ളിലെ ഒരു നിഗൂഢതപോലെ
നീ വിദൂരസ്ഥമായെങ്കിലും
രസം വിതുമ്പിച്ചിരിക്കുന്ന ഒരു സംഗീതം പോലെ
കാറ്റിന്റെ പിയാനോയിലൂടെ
നീയിപ്പോഴും പാടുകയാണ്‌
കാലവർഷം പോലെ മുടിയഴിച്ചാടുകയാണ്‌

കാലത്തിന്റെ കരിയിലകളിൽ അമർന്നുകിടക്കുന്ന
സ്വപ്നത്തിന്റെ നീൾനിഴലൊരു രഹസ്യപരിമളത്തിന്റെ
മരവിച്ച സ്പർശനം പോലെ
പ്രാണന്റെ തണലിൽ വീഴുന്ന
ശുദ്ധമായ കവിത പോലെ
നീയിപ്പോഴും എന്നെ വിളിച്ചുണർത്തുന്നു

ആത്മാവിന്റെ ആചാരങ്ങളിൽ
നിറഞ്ഞു നിന്ന്‌
മുറ്റത്തു വിരിഞ്ഞ ഒരു ചെമ്പരത്തിപ്പൂപോലെ
നിന്നെ ഞാൻ തിരിച്ചറിയുന്നു