![]() |
| ജൂലിയറ്റ് കെ. |
ചരിത്രമായി മാറിയ ഒരു വീരേതിഹാസത്തെ അഭ്രപാളിയില്‍ അടയാളപ്പെടുത്തുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. സിനിമയുടെ സങ്കേതങ്ങളുപയോഗിച്ച് തീര്‍ത്തും വിരസമായി ഒരു ചരിത്രപുരുഷനെ ആവിഷ്‌ക്കരിക്കുക എന്നത് അയത്‌നലളിതമായ ഒരു പ്രകിയആണ്. എന്നാല്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയെ, അതുല്യനായ പോരാളിയെ, ഇതിഹാസപൗരനെ വീരോചിതവും അതീവചാരുതയാര്‍ന്നതുമായ ചലച്ചിത്രഭാഷയില്‍ കരുത്തും വീര്യവും ചോര്‍ന്നുപോകാതെ വരച്ചിടുക എന്ന ചരിത്രദൗത്യമാണ് പി.ടി. കുഞ്ഞുമുഹമ്മദ് തന്റെ 'വീരപുത്രന്‍' എന്ന സിനിമയില്‍ നിര്‍വ്വഹിച്ചിരുന്നത്. കലാലയ-വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ അദ്ധ്യാപകന്റെ നിര്‍ദ്ദേശപ്രകാരം അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതത്തെക്കുറിച്ച് റിസര്‍ച്ച് ആരംഭിക്കുക്കുന്നതിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഗവേഷണ വിദ്യാര്‍ത്ഥികളുടെ അന്വേഷണം സാഹിബിന്റെ ജീവിതത്തിലെ വിവിധ തലങ്ങളിലേക്ക് കടന്നു ചെല്ലുന്നു.

നെഞ്ചുയര്‍ത്തിപിടിച്ച്ആര്‍ക്കുമുന്നിലും അടിപതറാതെ ഒരു വീരനു ചേര്‍ന്ന എല്ലാരൂപഭാവങ്ങളോടും കൂടി വീരപുത്രന്‍-മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് സിനിമ പ്രേക്ഷകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. കോണ്‍ഗ്രസ്സിന്റെ ഒറ്റപ്പാലം സമ്മേളനം നടക്കുകയാണ്. ബ്രിട്ടീഷുകാരുടെ കിരാതമായ ആക്രമണങ്ങള്‍ അക്രമരാഹിത്യം കൊണ്ടല്ല നേരിടേണ്ടതെന്നും പകരം തിരിച്ചാക്രമിക്കുകയാണ് വേണ്ടതെന്നും സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പക്ഷം ആളുകള്‍ പ്രത്യേകിച്ച് മുസ്ലീംങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ അക്രമരാഹിത്യം, നിസ്സഹകരണം എന്നീ ആദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. സമ്മേളനം നടക്കുന്നതിനിടയില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നു. സമ്മേളനം നിര്‍ത്തിവെച്ച് ഈ ക്രൂരതയ്ക്ക് പകരം ചോദിക്കണമെന്ന് ഒരു കൂട്ടര്‍. അവരുടെ ഇടയിലേക്ക് കോട്ടും സൂട്ടുമണിഞ്ഞ് ഉശിരനായ ഒരു ചെറുപ്പക്കാരന്‍ കടന്നുവരുന്നു. സമ്മേളനം നടക്കട്ടെ, നമുക്കിപ്പോള്‍ ഈ അക്രമത്തിനെതിരായി പോലീസ് സ്റ്റേഷനിലേക്ക് ഒരു മാര്‍ച്ച് നടത്താം എന്നയാളഭിപ്രായപ്പെട്ടു. 'ഇവനൊരു ചുണക്കുട്ടിയാണ് എന്തെങ്കിലുമൊക്കെ ചെയ്യും' കൂടി നിന്നവര്‍ കുറച്ചുറക്കെ തന്നെ പറഞ്ഞു. എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന ചുണക്കുട്ടിയായി തികച്ചും വീരോചിതമായിത്തന്നെയാണ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് എന്ന കഥാപാത്രം സിനിമയിലേക്ക് പ്രവേശിക്കുന്നത്. അക്രമത്തിനെതിരെ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ജനങ്ങളെയെല്ലാം തന്റെ ഇച്ഛാശക്തികൊണ്ടും നീതിബോധം കൊണ്ടും കയ്യിലെടുക്കുകയും ചെയ്ത മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് എന്ന കഥാപാത്രത്തിന്റെ ആത്മാവ് നരേന്‍ എന്ന നടന്‍ കൃത്യതയോടും സൂക്ഷ്മതയോടും അതിന്റെ എല്ലാ വൈവിധ്യത്തോടും കൂടി നെഞ്ചിലേറ്റിയിട്ടുണ്ട്.
കുഞ്ഞുപാത്തുമ്മയോടൊത്തുള്ള അദ്ദേഹത്തിന്റെ പ്രണയമനോഹരമായ ജീവിതം ആവിഷ്‌ക്കരിക്കുമ്പോള്‍ സിനിമ കൂടുതല്‍ ജീവസ്സുറ്റതും വര്‍ണ്ണമനോഹരവുമായി തീരുന്നു. അതീവ ചാരുതയാര്‍ന്ന ഫ്രെയിമുകളിലൂടെ പ്രണയം നിറഞ്ഞ അവരുടെ ജീവിതം ഒപ്പിയെടുത്ത് വീരപുത്രന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലേക്കും തികച്ചും ബാലന്‍സ്ഡ് ആയി സമീപിക്കാന്‍ പി.ടി. കുഞ്ഞുമുഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. ഒരു പോരാളി എന്ന നിലയില്‍ സാഹിബിനെ അംഗീകരിക്കാനും കുടെനില്‍ക്കാനും അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടയാവാനും കുഞ്ഞുപാത്തുമ്മയ്ക്ക് കഴിയുന്നുണ്ട്. സ്വാതന്ത്ര്യപ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്താനും, ധാരാളം വായിച്ച് തന്റെ വ്യക്തിത്വത്തിന് കരുത്ത് പകരാനും അവര്‍ക്കാവുന്നു. പ്രണയമാകുന്ന ചര്‍ക്കയില്‍ അവര്‍ നെയ്‌തെടുത്ത നൂലിഴകള്‍ സാഹിബിന്റെ ജീവിതത്തിന് കരുത്തും മിഴിവും സമഗ്രതയും കൈവരുത്തുന്നുണ്ട്. കുഞ്ഞുപാത്തുമ്മയുടെ ചുവന്ന പട്ടുസാരി ഒരു നിധിപോലെ സാഹിബിന്റെ പെട്ടിയില്‍ എപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കും. കോഴിക്കോട് ഒറ്റക്ക് താമസിക്കുമ്പോഴും ജയിലിന്റെ ഇരുണ്ട അറകളില്‍ ജീവിതം തള്ളിനീക്കുമ്പോഴും ആ 'ചുവന്ന സാരി' കുഞ്ഞുപാത്തുമ്മയുടെ സാമീപ്യമായി സാഹിബില്‍ നിറഞ്ഞുനിന്നു. ഫാന്റസിയിലൂടെ കുഞ്ഞുപാത്തുമ്മയുടെ പ്രണയസാന്നിദ്ധ്യമനുഭവിച്ച് തന്റെ പീഢനങ്ങളുടെ കാഠിന്യം അദ്ദേഹം ലഘൂകരിച്ചു.
ഒരു മുസല്‍മാന്‍ എന്ന നിലയില്‍ കടുത്ത ഭക്തിയും നീതിബോധവും സത്യസന്ധതയും അദ്ദേഹം പുലര്‍ത്തിയിരുന്നു. നിസ്‌ക്കരിക്കാനുള്ള അവകാശത്തിനുവേണ്ടി ജയിലറകളില്‍പ്പോലും സമരം ചെയ്ത് അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹം നേടിയെടുത്തു. നീതിബോധവും സത്യസന്ധതയും ഒരിക്കലും അടിയറവുവെയ്ക്കാത്ത ഉജ്ജ്വല വ്യക്തിത്വമാണദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ധാര്‍മ്മികതയും, നൈതിക ബോധവും ഏറ്റവും ഉയര്‍ന്നുകണ്ടത് തിരഞ്ഞെടുപ്പ് വേളയിലാണ്. ചന്തയിലുണ്ടായ ഗുരുതരമായ പ്രശ്‌നത്തില്‍ ഒര സമുദായപ്രമാണിയുടെ കൊള്ളരുതായ്മക്കെതിരെ നിശിതമായ നിലപാടെടുക്കാന്‍ അദ്ദേഹം തയ്യാറായി. കോളിനി വാഴ്ചക്കാലത്ത് ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ച ഇലക്ഷനില്‍ പണക്കാര്‍ക്കുമാത്രമാണ് വോട്ടവകാശം ഉണ്ടായിരുന്നത്. സമുദായ പ്രമാണിയെ പിണക്കിയാല്‍ കുറെ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നിട്ടും തന്റെ ജയത്തേക്കാള്‍ നീതിക്കും സത്യത്തിനും അദ്ദേഹം വിലകല്‍പ്പിച്ചു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം ഒരു ജേതാവിനെപ്പോലെ അദ്ദേഹം നെഞ്ചുയര്‍ത്തി പ്രഖ്യാപിച്ചു- ഞാന്‍ 320 വോട്ടുകള്‍ക്ക് പരാജയപ്പെട്ടുവെന്ന്. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിനേക്കാള്‍ കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ അന്തര്‍ധാരകള്‍ വീരോചിതമായി അനാവരണം ചെയ്യാന്‍ ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന ഉപ്പുസത്യാഗ്രഹവും, പോലീസിന്റെ കൊടിയ മര്‍ദ്ദനവും ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന ഉജ്ജ്വല സമരപോരാട്ടങ്ങള്‍ തന്നെയായിരുന്നു. വേഗത്തില്‍ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്ന പുതുതലമുറക്ക് കേരളത്തില്‍ നടന്ന ജനകീയ വിപ്ലവമുന്നേറ്റങ്ങളെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കാന്‍ വിധം കരുത്തുറ്റ ചില ചിത്രഭാഷ സംവിധായകന്‍ ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.
ദീനരോടുള്ള അനുകമ്പയും മൃഗങ്ങളോടുള്ള കാരുണ്യവും സാഹിബിന്റെ ജീവിതത്തിലെ സവിശേഷതകളായിരുന്നു. ഒട്ടേറെ മൃഗങ്ങളെ വാത്സല്യത്തോടെ അദ്ദേഹം പരിരക്ഷിക്കുന്നുണ്ടായിരുന്നു. ഭച്ചിയെന്ന മാന്‍പേട ഈ സിനിമയില്‍ ജീവത്തായ ഒരു കഥാപാത്രമായി ഉയരുന്നുണ്ട്. ഗാന്ധിയന്‍ ശൈലിയിലുള്ള ജീവിത രീതിതന്നെയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. തന്റെ ഭാര്യയുടെ കൂട്ടിന് കോഴിക്കോട്ടേക്ക് പോരാമെന്നേറ്റ ആമിനയോട് അവരുടെ മക്കളെകൂടി കൂടെക്കൂട്ടാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ആമിനയ്ക്ക് വസൂരി ബാധിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യംപോലും വിസ്മരിച്ച് സഹായിയായ ആമിനയെ ശുശ്രൂഷിക്കാന്‍ കുഞ്ഞുപാത്തുമ്മ തയ്യാറായി. ആമിനയുടെ മരണത്തോടെ അനാഥരായ അവരുടെ മക്കളെ സ്വന്തം മക്കളെപ്പോലെ കരുതി വളര്‍ത്താന്‍ അവര്‍ക്ക് മനസ്സുണ്ടാവുന്നു. കുഞ്ഞുപാത്തുമ്മയ്ക്കും വസൂരി പിടിപെടുന്നു. പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുന്നു. ആമിനയുടെ മക്കളെ നന്നായി നോക്കണമെന്ന് സാഹിബിനോട് ആവശ്യപ്പെട്ടാണ് അവര്‍ മരിക്കുന്നത്. ഭാര്യയുടെ മരണം സാഹിബിനെ വല്ലാതെ തളര്‍ത്തുന്നു. വാക്കും പ്രവൃത്തിയും ഒന്നായിരുന്നു സാഹിബിന്. അദ്ദേഹത്തിന്റെ വളര്‍ത്തുപുത്രനാണ് പില്‍ക്കാലത്ത് കെ.എ. കൊടുങ്ങല്ലൂര്‍ എന്നറിയപ്പെട്ട എഴുത്തുകാരനും വിപ്ലവകാരിയും.
സാമ്രാജ്യത്വശക്തികള്‍ക്കെതിരെ പോരാടാന്‍ കേരളത്തിലെ മുസ്ലീം സമുദായത്തെക്കൂടി പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. അല്‍ അമീന്‍ എന്ന പത്രം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ, അവരുടെ കിരാതമായ വാഴ്ചക്കെതിരെ, നീതിനിഷേധത്തിനെതിരെ പത്രം ശക്തിയായി ആഞ്ഞടിച്ചു. രാജ്യത്തെ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും വിഭജിക്കാമെന്ന സാമ്രാജ്യത്തിന്റെ കുതന്ത്രങ്ങളില്‍ കുരുങ്ങിയവര്‍ പാക്കിസ്ഥാന്‍ വാദികളായി രംഗത്തെത്തി. സാഹിബിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനവും നിരാശാജനകവും പ്രക്ഷുബ്ധവുമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു മലബാറില്‍. ഇന്ത്യയെ വിഭജിക്കാനാവില്ലെന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും വിഭജനത്തിന് അനുകൂലിക്കുന്നുണ്ടെന്ന് സാഹിബ് ആക്ഷേപിക്കുന്നുണ്ട്. ലാഹോറും കറാച്ചിയും ഇല്ലാതെ നിങ്ങള്‍ക്കെങ്ങനെ വിപ്ലവം നടത്താനാവുമെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരോട് അദ്ദേഹം ചോദിക്കുന്നുണ്ട്. പാക്ക് അനുകൂലികള്‍ സാഹിബ് പ്രസംഗിക്കാന്‍ എത്തിയ വേദികള്‍ അലങ്കോലപ്പെടുത്തുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും കൂകി വിളിക്കുകയും ചെയ്തു. നിരന്തരമായ മാനസ്സിക സംഘര്‍ഷവും ശാരീരിക ആക്രമണങ്ങളും സാഹിബിനെ വല്ലാതെ തളര്‍ത്തി. പാക്ക് അനുകൂല തീവ്രവാദികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അദ്ദേഹത്തിനുകൊടുത്തു. വഴി മദ്ധ്യേ അദ്ദേഹം മരിച്ചുവീണു. വിഭജനത്തിന്റെ മുറിവുകളില്‍നിന്ന് ചോരയുതിരും മുമ്പേ അദ്ദേഹത്തിന്റെ ജീവിതത്തിന് തിരശ്ശീല വീണു.
ഒരു ഇതിഹാസ പുരുഷന്റെ, നാം കാണുകയും അറിയുകയും ചെയ്യാത്ത ജീവിതത്തിന്റെ സൂക്ഷ്മവും, വിചിത്രവും, വൈവിധ്യമാര്‍ന്നതുമായ തലങ്ങള്‍ ഈ സിനിമ ഉള്‍ക്കൊള്ളുന്നു. 'ഉണ്ടക്കാക്ക' ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സന്തതസഹചാരികളായ പ്രവര്‍ത്തകരെല്ലാം തന്നെ നന്മയുടേയും, എളിമയുടേയും, സൗഹൃദത്തിന്റെയും തെളിച്ചവും വെളിച്ചവും ഉള്‍ക്കൊള്ളുന്നവരാണ്. 'ഒരു പെട്ടിയും കുറച്ചു പുസ്തകങ്ങളുമല്ലാതെ കിടന്നുറങ്ങാന്‍ ഒരു വീടുപോലുമില്ലല്ലോ' എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന പത്രാധിപസുഹൃത്ത് ആസ്വാദകന്റെ മനസ്സില്‍ മനുഷ്യത്വത്തിന്റെ ഊഷ്മളത പകര്‍ന്നു കൊടുക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് ഈ സിനിമ ചര്‍ച്ച ചെയ്യുന്നു. ഒരു സെക്ക്യുലര്‍ മുസ്സല്‍മാന്റെ അസ്തിത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, വര്‍ഗ്ഗീയമായി ഒറ്റപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ത്യാഗോജ്ജ്വലമായ വീരേതിഹാസമാണ്. 'വീരപുത്രന്‍' എന്ന സിനിമ.
