ഏതാണ്ട് പത്തുവർഷങ്ങൾക്കു മുമ്പ് എടവണ്ണ ഗ്രാമത്തിലെ വിവാഹിതയും, മൂന്നു കുഞ്ഞുങ്ങളുടെ ഉമ്മയുമായ സുബൈദ (സാങ്കൽപ്പിക നാമം) എന്ന യുവതി കുഞ്ഞുങ്ങൾക്ക് വിഷം കൊടുത്ത് ആത്മഹത്യ ചെയ്ത സംഭവത്തോടനുബന്ധിച്ച് മുസ്ലീം ഗേൾസ് മൂവ്‌മന്റ് എന്ന സംഘടന നടത്തിയ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനിടയായി.
എസ്.എസ്.എൽ.സിക്കാരിയായിരുന്ന യുവതി ഒരു പാവപ്പെട്ട കുടുംബാംഗമായിരുന്നു. അവരെ തയ്യൽക്കാരനായ ഒരു ദരിദ്ര യുവാവ് വിവാഹം കഴിച്ചു. ദാരിദ്ര്യത്തിലും സന്തോഷത്തോടെ ജീവിച്ചിരുന്ന ആ ദമ്പതിമാർക്ക് മൂന്നു കുഞ്ഞുങ്ങളുണ്ടായി. അങ്ങനെയിരിക്കുമ്പോൾ ഗൾഫിൽ ഭർത്താവിന് ഒരു ചാൻസ് കിട്ടി. ഉള്ള കുറച്ചു സ്വർണ്ണവും സമ്പാദ്യങ്ങളും വിറ്റുപെറുക്കി അയാൾ പോയി. അയാൾ പോയതിനു ശേഷം സുബൈദക്ക് ഭർത്താവിന്റെ ഉപ്പയിൽ നിന്നും വീട്ടുകാരിൽ നിന്നും ഏറെ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. വല്ലപ്പോഴും വരുന്ന ഭർത്താവിന്റെ കത്തുപോലും കൊടുത്തിരുന്നില്ല. ചെലവിനുള്ള പണം ഉപ്പ മുഖാന്തിരമേ അയക്കാറുള്ളു.
രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞ് ഭർത്താവ് അവധിക്കു വന്നു. തനിക്കിവിടെ താമസിക്കാൻ വയ്യെന്നും തനിക്കും കുട്ടികൾക്കും വാടക വീടെങ്കിലും ശരിയാക്കിക്കൊടുക്കണമെന്നും സുബൈദ ആവശ്യപ്പെട്ടു. അങ്ങനെ ഭർത്താവിന്റെ വീടിനടുത്തുള്ള ഒരു കൊച്ചുവീട്ടിൽ ഈ കുടുംബം താമസിച്ചുതുടങ്ങി. ആ തവണ അയാൾ തിരിച്ചുപോയശേഷം ഉപ്പയുടെ ഭരണവും പീഡനവും അസഹ്യമായിത്തീർന്നു. ചെലവിന് പണം അപ്പോഴും ഉപ്പ മുഖാന്തിരമാണ് കൊടുത്തിരുന്നത്. ഒരു ദിവസം ഉപ്പ വന്നു പറയുന്നു സുബൈടയെ ഭർത്താവ് തലാക്ക് ചൊല്ലിയെന്ന്. അവളത് വിശ്വസിച്ചില്ല. ഗൾഫിൽ നിന്നും ഭർത്താവിന്റെ കൈപ്പടയിൽ എഴുതിയ കത്ത് സുബൈടയെ തലാക്ക് ചൊല്ലിക്കൊണ്ടുള്ള കത്ത്- ഉപ്പ അവൾക്ക് കാണിച്ചുകൊടുത്തു. കൂടുതൽ സ്ത്രീധനം കിട്ടുന്ന, കുറേക്കൂടി ചെറുപ്പക്കാരിയായ് പെണ്ണിനെ മകനെക്കൊണ്ട് കെട്ടിക്കുമെന്ന് ഉപ്പ പ്രഖ്യാപനവും നടത്തി. അന്നു രാത്രിയാണ് ഒരു ഗ്രാമത്തെ മാത്രമല്ല ,നാടിനെ മൊത്തം ഞെട്ടിച്ച ദാരുണമായ സംഭവം നടന്നത്,
കോഴിക്കോട് ബംഗ്‌ളാദേശ് കോളനിയിലെ മറ്റൊരനുഭവം.എൺപതുകളുടെ അവസാനകാലയളവിൽ കുഞ്ഞീബിസംഭവവുമായി ബന്ധപ്പെട്ട് ഞാൻ അവിടത്തെ സ്ഥിരം സന്ദർശകയായിരുന്നു. വളരെ പ്രാഥമികമായ ഒരു നിരീക്ഷണത്തിന്റെ ഭാഗമായി ഒരു കാര്യം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ഏതു നിമിഷവും കാര്യകാരണങ്ങളൊന്നും കൂടാതെ മൊഴിചൊല്ലപ്പെടാവുന്നതും ഭർത്താവിന് നിയമാനുസൃതമായിത്തന്നെ വീണ്ടും വിവാഹിതനാവാൻ അനുവദിക്കുന്നതുമായ ഒരു സാമൂഹ്യപശ്ച്ചാത്തലത്തിൽ നിന്നും വരുന്നവരായിരുന്നു ആ കോളനിയിൽ താമസക്കാരായിരുന്ന ലൈംഗികവൃത്തിയിലേർപ്പെട്ടിരുന്ന മുസ്ലിം സ്ത്രീകൾ. മൂന്നും നാലും കുഞ്ഞുങ്ങളേയും കൊണ്ട് വീട്ടിൽ നിന്ന് ക്രൂരമായി പുറത്താക്കപ്പെട്ടവരായിരുന്നു അവർ. "വീട്ടുപുതിയാപ്‌ള" സമ്പ്രദായം നിലനിന്നിരുന്ന കുറ്റിച്ചിറ പ്രദേശത്തു നിന്ന് ഒരൊറ്റ സ്ത്രീ പോലും ഉണ്ടായിരുന്നില്ല എന്നതു ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഈ സ്ത്രീകൾ ഏറേയും കോഴിക്കോടിന്റേയും മലപ്പുറത്തിന്റേയും നാട്ടിൻപുറങ്ങളിൽ നിന്നും വന്നവരായിരുന്നു.
ഗൾഫ് സ്വാധീനം മൂലം ഭയാനകമായ തോതിൽ വർദ്ധിച്ചുവരുന്ന സ്ത്രീധന സമ്പ്രദായവും സ്ത്രീവിവേചനത്തിലധിഷ്ഠിതമായ മതവ്യക്തി നിയമങ്ങളും മുസ്‌ളീം സ്ത്രീയുടെ അസ്തിത്വം എത്രമാത്രം അരക്ഷിതമാക്കിയിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടാനാണ്` ഞാനിത്രയും പറഞ്ഞത്. സ്ത്രീയുടെ അരക്ഷിതാവസ്ഥ ഓരോ മതവിഭാഗത്തിലും അതിന്റേതായ പ്രത്യേക രൂപങ്ങളും ഭാവങ്ങളും കൈക്കൊള്ളുന്നു. വ്യക്തിനിയമത്തിന്റെ പരിഷ്ക്കരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ യാഥാസ്ഥിതിക- പുരോഹിതവിഭാഗത്തിന്റെ എതിർപ്പ് മറികടക്കാൻ ആ മതത്തിനകത്തെ പുരോഗമന വിഭാഗങ്ങൾ ഏറെ ശ്രമിക്കുന്നുണ്ടെന്നത് വസ്തുതയാണ്`. പക്ഷേ, ഇന്ത്യയിലെ വർഗ്ഗീയമായ , ഹിന്ദുത്വശക്തികൾക്ക് മേധാവിത്വമുള്ള പൊതു അന്തരീക്ഷത്തിൽ ന്യൂനപക്ഷ അവകാശലംഘനങ്ങളുടെ പേരിൽ പരിഷ്ക്കരണ പ്രവർത്തനങ്ങളെല്ലാം പുറകോട്ടടിക്കുന്നതും നമ്മൾ കാണുന്നു. തീർച്ചയായും ഇതൊരു മനുഷ്യാവകാശപ്രശ്നം തന്നെ. സ്ത്രീകളുടെ മനുഷ്യാവകാശങ്ങളുടെ പ്രശ്നം
