നിത്യചൈതന്യ യതി
എന്തെല്ലാം അറിയപ്പെടുന്നുണ്ടോ അതെല്ലാം മനസ്സിൽ ആണ്.എന്നാൽ,
മനസ്സിനെയാകട്ടെ എവിടേയും കാണുവാനുമില്ല. ദൈവത്തിലും ആത്മാവിലും
വിശ്വസിക്കാത്തവരുണ്ട്. ഭൂതപ്രേത പിശാചുക്കളിൽ വിശ്വസിക്കാത്തവരുണ്ട്. സ്വർഗ്ഗ
നരകങ്ങളിൽ വിശ്വസിക്കാത്തവരുണ്ട്. എന്നാൽ,മനസ്സുണ്ടെന്ന കാര്യത്തിലാർക്കും രണ്ടു
പക്ഷമില്ല. എന്താണീ മനസ്സ്? അതിന് സാർവ്വ ത്രികമായ ഈ സമ്മതി എങ്ങിനെ ലഭിച്ചു.
മനസ്സ് എന്ന പ്രതിഭാസം ഭൂതഭൗതികമായ ഈ പ്രപഞ്ചത്തിലെ ഒരിനമായ
ശരീരത്തിൽ തന്നെയാണ് അനുഭവപ്പെടുന്നത്. മനസ്സ് എന്ന പ്രത്യേകമായ ഒരു വസ്തുവും
ഇല്ല. ജീവനുള്ള ഒരു ശരീരത്തിൽ നിരന്തരമായ ഒരു ബോധപ്രവാഹം ഉണർവ്വിലും,. ഉറക്കത്തിലും
കാണുന്നുണ്ട്. ദീർഘമായ നിദ്രയിലും മൂർച്ഛയിൽ പോലും ബോധത്തിലേക്ക് ഉണർന്നുവരുവാൻ
കഴിയുന്ന സംവേദന സാദ്ധ്യതയുള്ള ശക്തി ലീനമായിരിക്കുന്നു. ശരീരത്തെ
ചൈതന്യവത്താക്കിത്തീർക്കുന്ന ഒരു തരംഗപ്രവാഹമായിട്ടാണ് മനസ്സ്
അനുഭവപ്പെടുന്നതെന്ന് പറയാം .അതിന്റെ അഭാവത്തിൽ വസ്തുവിനെ ജഡം എന്നു
വ്യവഹരിക്കുന്നു. സാധാരണയായി മനസ്സെന്നു പറയുമ്പോൾ അതിനെ നിശിതമായ വിമർശനബുദ്ധിയോടെ
വിശ്ലേഷണ സംശ്ലേഷണങ്ങൾ നടത്തി അതിന്റെ ലക്ഷണത്തെ വ്യക്തമായി കാണാതെയാണ് ഭാഷയിലെ
സൗകര്യപ്രദമായ ഒരു വാക്കായി മനസ്സ് എന്നു പറഞ്ഞുപോരുന്നത്.
മനസ്സിനെ ഒരു
നാമമാത്രമായിട്ടാണ് എണ്ണിപ്പോരാറുള്ളതെങ്കിലും അതു വാസ്തവത്തിൽ ക്രിയയാണ്.
ചിലപ്പോൾ അതു ക്രിയാവിശേഷണമായോ നാമ വിശേഷണമായോ വന്നുകൂടെന്നു മില്ല. ജീവശരീരത്തിൽ
യാതൊരു പ്രക്രിയയാലാണോ ശരീരി തന്റെ സ്വത്വത്തെ അറിയുകയും താൻ ഉൾപ്പെടുന്നതായ
പശ്ച്ചാത്തലത്തെ മനസ്സിലാക്കുകയും ചെയ്യുന്നത് അതിനെയാണ് മനസ്സെന്നു
വിളിക്കുന്നത്`. അത് ആകെ ജീവശരീരത്തിന്റെ പ്രവർത്തനത്തിലെ ഗുണവിശേഷമാണ്. ആ
വിശേഷം സകല പ്രപഞ്ചവസ്തുക്കളേയും ഒരുപോലെ ബാധിക്കുന്ന നിയമായിരിക്കവേ തന്നെ
കാലദേശാനുസ്യൂതതയിലെ വിശേഷവിധിയായി എണ്ണപ്പെടാവുന്ന പിണ്ഡരൂപത്തിലുള്ള ഒരു
ശരീരത്തിലെ ഏതെങ്കിലും ക്രിയയോട് ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കപ്പെടുന്നത്
പ്രപഞ്ച രചനയിലും പ്രവർത്തനത്തിലും കാണപ്പെടുന്ന
നിത്യനിയതമായിരിക്കുന്ന നിയമത്തെ ഒരു പരമാർത്ഥവീക്ഷണമായും യഥാർത്ഥവീക്ഷണമായും
നോക്കി മനസ്സിലാക്കാവുന്നതാണ് .പര മാർത്ഥവീക്ഷണത്തിൽ നിന്നു നോക്കുമ്പോൾ
മലയാളത്തിലെ ഒരു ചെറിയ വാക്കു കൊണ്ട് പ്രമേയത്തെ എടുത്തു കാണിക്കുവാൻ കഴിയും. അത്
"എല്ലാം" എന്ന വാക്കാണ്. എല്ലാം എന്ന തിന്റെ പുറത്ത് ഒന്നും തന്നെ
ഉണ്ടായിരിക്കുന്നതല്ല.അതുകൊണ്ട് പരമാർത്ഥം എല്ലാറ്റിന്റേയും പൊരുളാണെന്നു പറയാം.
എല്ലാം എന്നതിനെ സംസ്കൃതത്തിൽ "സർവ്വം" എന്നു പറയും. അറിവിൽ നിന്നും അന്യമായി
ഒന്നിനേയും അറിയുന്നില്ല. അതുകൊണ്ട് നാരായണഗുരു ഈ പരമാർത്ഥത്തെ "അറിവ്" എന്നു
വിളികുകയും സാപേക്ഷമായതെല്ലാം നിരപേക്ഷമായ അറിവിൽ എപ്രകാരം നിറഞ്ഞുനിൽക്കുന്നു
എന്നു വിശദമാക്കുന്ന ഒരു കൃതി "അറിവ്" എന്ന പേരിൽത്തന്നെ രചിക്കുകയും ചെയ്തു. ഈ
പരമാർത്ഥത്തെ വേദാന്തികൾ "ബ്രഹ്മം" എന്നു വിളിക്കുന്നു. അപരിമേയമായ വൃദ്ധിയാണ്
ബ്രഹ്മലക്ഷണം .പ്രത്യക്ഷമായതും ആനുമാനികമായതും ഇതിൽ ഒരുപോലെ അന്തർഭവിക്കുന്നു.
പരമാർത്ഥത്തിന്റെ ഹൃദ്ദേശത്തു തന്നെ ഒരു പ്രഹേളിക ഇരിക്കുന്നതുപോലെ കാണപ്പെടുന്നു.
പരമാർത്ഥം നിരപേക്ഷമാണെങ്കിലും യാഥാർത്ഥ്യത്തിന്റെ സാപേക്ഷികതയും അതിൽ തന്നെ
അധിഷ്ഠിതമായി വരുന്നു.